Kerala
ജയില്‍ വകുപ്പില്‍ എട്ടു ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം
നിലവില്‍ സൂപ്രണ്ടുമാര്‍ ഇല്ലായിരുന്ന തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളില്‍ സൂപ്രണ്ടുമാരെ നിയമിക്കുകയും ചെയ്തു

തിരുവനന്തപുരം | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഗോവിന്ദച്ചാമി ജയില്‍ ചാടിയതിനു പിന്നാലെ ജയില്‍ വകുപ്പില്‍ എട്ടു ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. നിലവില്‍ സൂപ്രണ്ടുമാര്‍ ഇല്ലായിരുന്ന തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളില്‍ സൂപ്രണ്ടുമാരെ നിയമിക്കുകയും ചെയ്തു.
ഗോവിന്ദച്ചാമി ജയില്‍ ചാടിയപ്പോള്‍ ജയില്‍ വകുപ്പിന്റെ സിസ്റ്റം മുഴുവന്‍ തകരാറിലായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അന്വേഷണ റിപ്പോര്‍ട്ട്. ആഴ്ചകള്‍ എടുത്ത് ഗോവിന്ദച്ചാമി സെല്ലിലെ കമ്പികള്‍ മുറിച്ചത് അറിയാതിരുന്നത് പരിശോധനയുടെ കുറവാണ്. സെല്ലിനുള്ളിലേക്ക് കൂടുതല്‍ തുണികള്‍ കൊണ്ടുവന്നത് കണ്ടെത്താനാകാത്തതും ന്യായീകരിക്കാനാവില്ല. ജയില്‍ ചാടിയ ദിവസം രാത്രി പരിശോധന രേഖകളില്‍ ഒതുങ്ങി. രണ്ടുമണിക്കൂര്‍ ഇടപെട്ട് സെല്‍ പരിശോധിക്കണമെന്ന ചട്ടം നടപ്പായില്ല.
അതേസമയം ഗോവിന്ദച്ചാമിക്ക് സഹായം ലഭിച്ചുവെന്ന ആക്ഷേപത്തെ ഉത്തരമേഖല ജയില്‍ ഡി ഐ ജി വി.ജയകുമാര്‍ പൂര്‍ണമായി തള്ളി. തടവുകാരുടെയോ ഉദ്യോഗസ്ഥരുടെയോ സഹായം ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് സെല്ലില്‍ നിന്ന് പുറത്തിറങ്ങിയശേഷം മൂന്നു മണിക്കൂറോളം ഗോവിന്ദച്ചാമിയ്ക്ക് ജയില്‍ കോമ്പൗണ്ടില്‍ കഴിയേണ്ടി വന്നത്. അതേസമയം ജീവനക്കാരുടെ കുറവ് വീഴ്ചയ്ക്ക് കാരണമായി എന്ന് ജയില്‍ മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.