National
ബിഹാറില്‍ തേജസ്വി യാദവ് ഇന്ത്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; പ്രഖ്യാപിച്ച് അശോക് ഗെഹ്ലോട്ട്
വിഐപി നേതാവ് മുകേഷ് സാഹ്നിയാണ് ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.

പട്ന| ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ പ്രഖ്യാപിച്ചു. വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി ( വിഐപി ) നേതാവ് മുകേഷ് സാഹ്നിയാണ് ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ടാണ് പ്രഖ്യാപനം നടത്തിയത്.
തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അധികാരത്തിലെത്തിയാല്‍ തേജസ്വി മുഖ്യമന്ത്രിയാകുമെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവ് രാഘവ്പൂര്‍ സീറ്റില്‍ നിന്നാണ് ജനവിധി തേടുന്നത്. പട്നയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്.
എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് അമിത് ഷാ പ്രസ്താവിക്കണമെന്ന് അശോക് ഗെഹലോട്ട് ആവശ്യപ്പെട്ടു. രാജ്യം ബിഹാറിലേക്ക് ഉറ്റുനോക്കുകയാണെന്നും ഇത്തവണ ബിഹാറില്‍ മാറ്റം ഉണ്ടാകുമെന്നും ഗെഹലോട്ട് പറഞ്ഞു. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ കൂടുതല്‍ ഉപമുഖ്യമന്ത്രിമാര്‍ വേണോയെന്നത് പിന്നീട് തീരുമാനിക്കുമെന്നും ഗെഹലോട്ട് കൂട്ടിച്ചേര്‍ത്തു. ഇന്ത്യാ മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ച വഴിമുട്ടിയ സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം അശോക് ഗെഹലോട്ടിനെ പട്നയിലേക്ക് അയച്ചത്. വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികള്‍ക്ക് തേജസ്വി യാദവ് നന്ദി പറഞ്ഞു. മുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും തേജസ്വി വ്യക്തമാക്കി.
ബിഹാറില്‍ നവംബര്‍ 6, 11 എന്നിങ്ങനെ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ്. നവംബര്‍ 14 ന് വോട്ടെണ്ണല്‍ നടക്കും.
അതേസമയം, ബിഹാറില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന് ബിഹാറിലെത്തും. തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.