Kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള; മുരാരി ബാബുവിനേയും പോറ്റിയേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം
എ ഡി ജി പി എച്ച് വെങ്കിടേഷിന്റെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യുക.

പത്തനംതിട്ട | ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരരി ബാബുവിനേയുംകേസില്‍ നേരത്തെ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. തിരുവനന്തപുരം ഈഞ്ചക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിച്ചാണ് ഇരുവരേയും ചോദ്യം ചെയ്യുക. എ ഡി ജി പി എച്ച് വെങ്കിടേഷിന്റെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യുക. മുരാരി ബാബുവിനെ ഇന്ന് തന്നെ റാന്നി കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
സ്വര്‍ണ്ണക്കൊള്ളയിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഉദ്യോഗസ്ഥ ഗൂഢാലോചനയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതും മുരാരി ബാബുവിനെ അറസ്റ്റു ചെയ്തതും. ഇന്നലെ രാത്രി പത്തോടെയാണ് പെരുന്നയിലെ വീട്ടില്‍ നിന്നാണ് മുരാരി ബാബുവിനെ കസ്റ്റഡിയില്‍ എടുത്തത്. അര്‍ധരാത്രിയോടെ തിരുവനന്തപുരം ഈഞ്ചക്കലുള്ള ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിച്ചു ചോദ്യം ചെയ്തു.രാവിലെ ഒന്‍പത് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി.
നിലവില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന മുരാരി ബാബു ദ്വാരപാക ശില്‍പ പാളികളും കട്ടിളയും കടത്തിയ കേസുകളില്‍ പ്രതിയാണ്. ആരോപണങ്ങളില്‍ ദേവസ്വം ബോര്‍ഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥനും മുരാരി ബാബുവാണ്. 2019 മുതല്‍ 2024 വരെയുള്ള ഗൂഢാലോചനയിലെ പ്രധാന കണ്ണിയായ ഇയാളുടെ പങ്ക് കേസില്‍ വളരെ വ്യക്തമാണ്. 2029 ല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവാണ് ദ്വാരപാലക ശില്‍പങ്ങളിലും കട്ടിള പാളികളിലും സ്വര്‍ണം പൊതിഞ്ഞത് എന്നതിന് പകരം ചെമ്പ് പൊതിഞ്ഞത് എന്ന് രേഖപ്പെടുത്തിയത്.വ്യാജ രേഖ ചമച്ചതിന്റെ തുടക്കം മുരാരി ബാബുവിന്റെ കാലത്താണ് എന്നാണ് റിപ്പോര്‍ട്ട്.
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ വീഴ്ചയില്‍ പങ്കില്ലെന്നാണ് ബി മുരാരി ബാബു ആവര്‍ത്തിച്ചിരുന്നത്. മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബു പറഞ്ഞിരുന്നു.