Kerala
സുരേഷ് ഗോപിയുടേത് കലുങ്കിസം; പാവപ്പെട്ടവന്‍ പരാതിയുമായി വന്നാല്‍ അടിച്ചോടിക്കും: മന്ത്രി വി ശിവന്‍കുട്ടി
ദേശീയതലത്തില്‍ ഒരു പുരസ്‌കാരം ലഭിച്ചു. അതെങ്ങനെ കിട്ടിയെന്ന് താന്‍ പറയുന്നില്ലെന്നും മന്ത്രി

തിരുവനന്തപുരം | തന്നെ പരിസഹിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സുരേഷ് ഗോപി വാ തുറക്കുന്നത് കള്ളം പറയാനും ഭക്ഷണം കഴിക്കാനും മാത്രമാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വേണമെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. അദ്ദേഹം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കുറിച്ച് ആയിരിക്കും പറഞ്ഞത്. സുരേഷ് ഗോപി പറയുന്നത് ആരും ശ്രദ്ധിക്കുന്നില്ല. അതുകൊണ്ടാണ് ഇപ്പോള്‍ കലുങ്കിന്റെ അവിടെ വന്നിരുന്ന് വര്‍ത്താനം പറയുന്നത്. കലുങ്കിസമാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വായില്‍ തോന്നിയത് വിളിച്ചു പറയുന്ന സുരേഷ് ഗോപി പാവപ്പെട്ടവന്‍ പരാതിയുമായി വന്നാല്‍ അടിച്ചോടിക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. കേന്ദ്ര മന്ത്രിസ്ഥാനം വേണ്ട, സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു എന്ന് കേട്ടു. ഇയാള്‍ ഇനി സിനിമയില്‍ അഭിനയിക്കാന്‍ പോയാല്‍ എട്ട് നിലയില്‍ പൊട്ടുമെന്നും അതുകൊണ്ട് ഉള്ള ജോലി തീര്‍ത്തിട്ട് പോകുന്നതാവും നല്ലതെന്നും മന്ത്രി പരിഹസിച്ചു.
ദേശീയതലത്തില്‍ ഒരു പുരസ്‌കാരം ലഭിച്ചു. അതെങ്ങനെ കിട്ടിയെന്ന് താന്‍ പറയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇടുക്കി വട്ടവടയിലെ കലുങ്ക് സംവാദത്തിലായിരുന്നു മന്ത്രി വി ശിവന്‍കുട്ടിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപി പരിഹസിച്ചത്. വട്ടവടയില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.