Connect with us

National

സൈനിക കരുത്ത് വർധിപ്പിക്കാൻ 79,000 കോടി രൂപയുടെ ഉപകരണങ്ങൾ വാങ്ങാൻ അനുമതി

കരസേനക്ക് മാർക്ക്-രണ്ട് നാഗ് മിസൈൽ സംവിധാനം (Mk-II NAMIS) വാങ്ങാനുള്ള നിർദ്ദേശത്തിന് ഡി എ സി അംഗീകാരം നൽകി

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യൻ സേനക്ക് കരുത്ത് പകർന്ന് മൂന്ന് സേനാ വിഭാഗങ്ങൾക്കുമായി 79,000 കോടി രൂപയുടെ സൈനിക ഉപകരണങ്ങൾ വാങ്ങുന്നതിന് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡി എ സി) യോഗം അനുമതി നൽകി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന യോഗമാണ് വ്യോമ, നാവിക, കര സേനകൾക്ക് നിരവധി വാങ്ങൽ പദ്ധതികൾക്ക് അംഗീകാരം നൽകിയത്.

കരസേനക്ക് മാർക്ക്-രണ്ട് നാഗ് മിസൈൽ സംവിധാനം (Mk-II NAMIS) വാങ്ങാനുള്ള നിർദ്ദേശത്തിന് ഡി എ സി ‘ആവശ്യകതയുടെ അംഗീകാരം (Acceptance of Necessity – AoN)’ പദവി നൽകി. ഗ്രൗണ്ട് അധിഷ്ഠിത മൊബൈൽ ഇലിന്റ് (ELINT) സിസ്റ്റംസ് (GBMES), ക്രെയിനുകൾ ഘടിപ്പിച്ച ഹൈ-മൊബിലിറ്റി വാഹനങ്ങൾ എന്നിവയാണ് ഡി എ സി ഏറ്റെടുക്കാൻ അനുമതി നൽകിയ മറ്റ് സൈനിക ഉപകരണങ്ങൾ.

നാഗ് മിസൈൽ സംവിധാനം ശത്രുക്കളുടെ യുദ്ധ വാഹനങ്ങൾ, ബങ്കറുകൾ, മറ്റ് ഫീൽഡ് കോട്ടകൾ എന്നിവ നശിപ്പിക്കാനുള്ള കരസേനയുടെ ശേഷി വർദ്ധിപ്പിക്കും. ജി ബി എം ഇ എസ്. (GBMES) ശത്രുവിന്റെ നീക്കങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കുകയും തന്ത്രപരമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും.

ഹൈ-മൊബിലിറ്റി വാഹനങ്ങൾ സേനകൾക്ക് വ്യത്യസ്ത ഭൂപ്രദേശങ്ങളിൽ കാര്യക്ഷമമായി ലോജിസ്റ്റിക്സ് പിന്തുണ നൽകാൻ സഹായിക്കുന്നതാണ്.

നാവികസേനക്ക് ലാന്റിങ് പ്ലാറ്റ്ഫോം ഡോക്കുകൾ (LPD), 30 എം എം. നേവൽ സർഫസ് ഗൺ, അഡ്വാൻസ്ഡ് ലൈറ്റ് വെയിറ്റ് ടോർപ്പിഡോകൾ, ഇലക്‌ട്രോ-ഓപ്റ്റിക്കൽ ഇൻഫ്രാറെഡ് സെർച്ച് ആൻഡ് ട്രാക്ക് സിസ്റ്റം, 76 എം എം. സൂപ്പർ റാപ്പിഡ് ഗൺ മൗണ്ടിനുള്ള സ്മാർട്ട് ആയുധങ്ങൾ എന്നിവ വാങ്ങാനാണ് അനുമതി നൽകിയത്.

കരസേനയുമായും വ്യോമസേനയുമായും ചേർന്ന് സംയുക്ത ഉഭയകക്ഷി ആക്രമണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഈ ലാന്റിങ് പ്ലാറ്റ്ഫോം ഡോക്കുകൾ ഇന്ത്യൻ നാവികസേനയ്ക്ക് ഉപകാരപ്രദമാകും. സമാധാന പരിപാലന പ്രവർത്തനങ്ങൾ, മാനുഷിക സഹായം, ദുരന്ത നിവാരണം എന്നിവയ്ക്കും ഈ പ്ലാറ്റ്‌ഫോമുകൾ വിന്യസിക്കാവുന്നതാണ്.

അഡ്വാൻസ്ഡ് ലൈറ്റ് വെയിറ്റ് ടോർപ്പിഡോ പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡി ആർ ഡി ഒ.) നേവൽ സയൻസ് ആൻഡ് ടെക്നോളജിക്കൽ ലബോറട്ടറി തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്. ഇതിന് പരമ്പരാഗത, ആണവ, ചെറു മുങ്ങിക്കപ്പലുകളെ ലക്ഷ്യമിടാൻ കഴിയും.

30 എം എം. നേവൽ സർഫസ് ഗണ്ണുകൾ നാവികസേനയുടെയും ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെയും കുറഞ്ഞ തീവ്രതയിലുള്ള സമുദ്ര, കടൽക്കൊള്ള വിരുദ്ധ പ്രവർത്തനങ്ങൾ നടത്താനുള്ള ശേഷി വർദ്ധിപ്പിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

വ്യോമസേനയ്ക്കായി കൊളാബറേറ്റീവ് ലോങ് റേഞ്ച് ടാർഗെറ്റ് സാച്ചുറേഷൻ/ഡിസ്ട്രക്ഷൻ സിസ്റ്റം (CLRTS/DS) വാങ്ങുന്നതിനുള്ള നിർദേശങ്ങളും മറ്റ് നിർദ്ദേശങ്ങളും ഡി എ സി അംഗീകരിച്ചു. ഈ സംവിധാനത്തിന് സ്വയം പറന്നുയരാനും, ലാൻഡ് ചെയ്യാനും, നാവിഗേറ്റ് ചെയ്യാനും, കണ്ടെത്താനും, ദൗത്യ മേഖലയിൽ പേലോഡ് എത്തിക്കാനും കഴിവുണ്ട് എന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

Latest