Connect with us

Travelogue

കൊലക്കളമായി മാറിയ ക്ലാസ്സ് മുറികൾ

സെക്കൻഡറി സ്‌കൂൾ ആയി പ്രവർത്തിച്ചു പോന്നിരുന്ന ഒരു കെട്ടിടം ഖമർറൂഷ് ഭരണകൂടം ഇംഗിതം നടപ്പാക്കാൻ വേണ്ടി കൈയേറുകയും സ്‌കൂൾ പ്രവർത്തിച്ചിരുന്ന ക്ലാസ്സ് റൂമുകൾ കൊലക്കളങ്ങളും പീഡനമുറികളും ആക്കി തീർക്കുകയായിരുന്നു.

Published

|

Last Updated

ഒരു നാട് എത്രയധികം വേദനാജനകമായ അവസ്ഥകൾ തരണം ചെയ്താണ് ഇന്നിൻ്റെ പ്രതാപവും നേട്ടങ്ങളും കൈവരിക്കുന്നത് എന്ന് ചിന്തിക്കുമ്പോൾ അത്ഭുതം കൂറും. സ്വാതന്ത്ര്യ സമരത്തിലെ തീപാറും സമരവീര്യങ്ങളും അതിലെ രക്തസാക്ഷിത്വങ്ങളുമാണ് ആ നാടിൻ്റെ വീരേതിഹാസം കുറിക്കുന്ന ചരിത്രം നിർണയിക്കുന്നത്. കംബോഡിയക്കും അവരുടെ ചരിത്രങ്ങളിൽ ഒരിക്കൽ പോലും വിസ്മരിക്കാൻ കഴിയില്ല പോൾപോട്ടിൻ്റെ കിരാതമായ നാല് വർഷ ഭരണകാലം. അതിൽ നിന്നുണ്ടായ മടങ്ങിവരവിനു ജനലക്ഷങ്ങളുടെ ചോരയുടെ മണമുണ്ടായിരുന്നു.

ടുവോൾ സ്ലെംഗ് ജെനോസൈഡ് മ്യൂസിയത്തിൻ്റെ അങ്കണത്തിലേക്കാണ് വന്നിട്ടുള്ളത്. മതിലിനു പുറത്തുള്ള കവാടത്തിൽ വലിപ്പത്തിൽ ആ നാമം എഴുതിവെച്ചത് കാണുന്നത് തന്നെ അരോചകമാണ്. മനുഷ്യനെ കൂട്ടക്കുരുതി നടത്താൻ വേണ്ടി തയ്യാറാക്കിയ കെട്ടിട സമുച്ചയത്തിൻ്റെ നാമം പോലും രക്തം കട്ട പിടിപ്പിക്കും. സെക്കൻഡറി സ്‌കൂൾ ആയി പ്രവർത്തിച്ചു പോന്നിരുന്ന ഒരു കെട്ടിടം ഖമർറൂഷ് ഭരണകൂടം ഇംഗിതം നടപ്പാക്കാൻ വേണ്ടി കൈയേറുകയും സ്‌കൂൾ പ്രവർത്തിച്ചിരുന്ന ക്ലാസ്സ് റൂമുകൾ കൊലക്കളങ്ങളും പീഡനമുറികളും ആക്കി തീർക്കുകയായിരുന്നു. മൂന്ന്‌ നിലകളുള്ള അഞ്ച് കെട്ടിടങ്ങൾ അതിലെ നൂറോളം അറകളിലായി ആയിരക്കണക്കിന് മനുഷ്യരെ നിരന്തരം രാവും പകലും പീഡിപ്പിച്ച് അതിൽ ആനന്ദം കണ്ടെത്തുന്ന ഒരു അപൂർവരീതി. പട്ടിണിക്കിട്ടും ഇരുമ്പു ദണ്ഡുകളിൽ കൈകാലുകൾ ബന്ധിച്ചും ഇരുമ്പ് കട്ടിലിൽ കൈകാലുകൾ താഴ്ത്തികെട്ടിക്കിടത്തിയും ചെറിയ ബങ്കറുകളിൽ ഒരുപാട് മനുഷ്യരെ കുത്തിനിറച്ചും നടത്തിയ പീഡന കഥകളുമെല്ലാമാണ് ആ കേന്ദ്രത്തിൽ അരങ്ങേറിയത്.
കംബോഡിയയിൽ ഉടനീളം ഇത്തരത്തിലുള്ള ഇരുന്നൂറോളം കേന്ദ്രങ്ങൾ പോൾപോട്ട് സ്ഥാപിക്കുകയും അവിടെയൊക്കെ പീഡനമുറകൾ നടമാടിയെന്നും അറിയുമ്പോഴാണ്‌ നാം ആ ദുരന്തത്തിൻ്റെ വ്യാപ്തി മനസ്സിലാക്കുന്നത്. ഈ കാഴ്ചകളിലൂടെ യാത്ര ചെയ്യുമ്പോൾ അറിയാതെ നാസി ഭരണകൂടത്തിന് കീഴിൽ നടന്ന കോൺസൻട്രേഷൻ ക്യാമ്പുകളും അവിടുത്തെ കിരാത നടപടികളും ഓർമകളിൽ വരും. ആൻഫ്രാങ്കിൻ്റെ ഡയറിക്കുറിപ്പുകളും ഓർമകളുമായിരുന്നു ടുവോൾസ്ലെംഗ് സ്‌കൂൾ തന്ന ആദ്യ ഓർമകൾ. നാല് വർഷത്തിനിടയിൽ ഇരുപതിനായിരത്തിലധികം ആളുകളെ ഇവിടെ പാർപ്പിച്ചിട്ടുണ്ട്. ഈ കണക്കുകൾ യാഥാർഥ്യത്തിൽ നിന്നും എത്രയോ അകലെയാണ്. കില്ലിംഗ്ഫീൽഡ് സന്ദർശിച്ചു വന്നതിൻ്റെ മാനസിക പിരിമുറുക്കം അയഞ്ഞിരുന്നില്ല. അതിനിടയിലെ ഈ കാഴ്ചകളും വല്ലാത്തൊരു അവസ്ഥ ഉണ്ടാക്കിത്തീർക്കും. അറിവ്‌ നുകർന്ന്‌ നൽകേണ്ട വിദ്യാലയങ്ങൾ കൊലക്കളങ്ങളായിത്തീർന്നാലുള്ള ബീഭത്സകരമായ കാഴ്ച. അവിടെ ജയിൽപ്പുള്ളികളുടെ വേഷത്തിൽ കുട്ടികൾ അറിവ്‌ നുകരുന്ന ഒരു പ്രദർശനമുണ്ട്. ആ സ്‌കൂളിൽ നടമാടിയ സംഭവങ്ങളിലേക്ക്‌ ചേർക്കുമ്പോൾ വളരെ അനുയോജ്യമായ ഒരു ഡെമോൺസ്‌ട്രേഷൻ. “സെക്യൂരിറ്റിപ്രിസൺ 21′ (എസ്-21) എന്നായിരുന്നു ഇത് ഖമർറൂഷ്‌ കാലത്ത്‌ നാമകരണം ചെയ്യപ്പെട്ടത്.

ജയിലിൻ്റെ താഴ്ഭാഗത്ത് ആയിരക്കണക്കിന് മനുഷ്യരുടെ ഫോട്ടോകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. മനുഷ്യരുടെ മുഖത്തിൻ്റെ മുൻഭാഗവും രണ്ട് വശങ്ങളുമാണ് അതിലുള്ളത്. ഒരു തടവുകാരൻ ജയിലിലേക്ക് പ്രവേശിക്കുന്നതോടെ അയാളുടെ സകല വിവരങ്ങളും രേഖപ്പെടുത്തുന്നതോടൊപ്പം തന്നെ പലവിധത്തിലുള്ള ചിത്രങ്ങളും പകർത്തും. അങ്ങനെ പകർത്തിയ ആയിരക്കണക്കിന് നിസ്സഹായരായ മനുഷ്യരുടെ ചിത്രങ്ങളാണ്‌ നാം കാണുന്നത്. ചിരിക്കാനും കരയാനും മറന്നു പോയ മനുഷ്യർ. മനുഷ്യ വികാരങ്ങൾ പോലും പീഡനകാലത്തിനിടയിൽ മറന്നുപോയവർ.

ജീവിച്ചിരിക്കുമ്പോൾ തന്നെ മനസ്സ് മരണപ്പെട്ടുപോയവർ. അവരുടെ ചിത്രങ്ങളാണിത്. ആളുകൾ ചിത്രങ്ങളിലൂടെ കൈയോടിക്കുന്നു. കണ്ണുകളിലൂടെ അവർക്ക് ബാഷ്പാഞ്ജലി തീർക്കുന്നവർ. ഇങ്ങനെ ഒരു ജനത അവിടെ ഉണ്ടായിരിന്നു എന്നറിയിക്കാൻ ഈ ചിത്രങ്ങൾ ഏറെ സഹായിച്ചിട്ടുണ്ട്.
അപ്പോളുണ്ട് ഒരു യുവതി ചിത്രങ്ങൾ നോക്കി കരയുന്നു. അവളെ ചേർത്ത് ആശ്വസിപ്പിക്കുന്ന ഒരു യുവാവും കൂടെയുണ്ട്. ഞാൻ അൽപ്പനേരം അവരെ നിരീക്ഷിച്ചു. പതുക്കെ ആ യുവാവിലേക്ക്‌ നീങ്ങി കാര്യം അന്വേഷിച്ചു. ആ യുവതിയുടെ കുടുംബാംഗങ്ങൾ പലരും ഈ വംശഹത്യ സെന്ററുകളിൽ വെച്ച്‌ കൊല്ലപ്പെട്ടിട്ടുണ്ട്. എല്ലാ വർഷവും അവരുടെ ഓർമ ദിവസങ്ങളിൽ വിദേശത്തു നിന്ന് ഈ യുവതി വരുന്നു. ഓർമ പുതുക്കുന്നു. ഐക്യദാർഢ്യത്തിൻ്റെ ഒരിറ്റ് കണ്ണീര് സമർപ്പിക്കുന്നു. ആ നിമിഷങ്ങളാണത്.