Kerala
ജാതി അധിക്ഷേപം: കേരള സര്‍വകലാശാല സംസ്‌കൃത വിഭാഗം മേധാവിക്കെതിരെ കേസെടുത്തു
ഗവേഷക വിദ്യാർഥി വിപിൻ വിജയന്റെ പരാതിയിൽ ഡോ സി എൻ വിജയകുമാരിക്കെതിരെയാണ് ശ്രീകാര്യം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ശ്രീകാര്യം | കേരള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതിയിൽ സംസ്‌കൃതവകുപ്പ് മേധാവി ഡോ സി എൻ വിജയകുമാരിക്കെതിരെ കേസെടുത്തു. ഗവേഷക വിദ്യാർഥി വിപിൻ വിജയന്റെ പരാതിയിൽ പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരമാണ് (എസ് സി, എസ് ടി നിയമം) ശ്രീകാര്യം പൊലീസിന്റെ നടപടി. ഡോ സി എൻ വിജയകുമാരി ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും വ്യക്തിപരമായ വൈരാഗ്യം കാരണം ഗവേഷണ പ്രബന്ധം തടഞ്ഞുവെച്ചെന്നുമാണ് വിപിൻ പരാതിപ്പെട്ടത്.
സംസ്‌കൃത വിഭാഗം മേധാവിയും ഓറിയന്റൽ സ്റ്റഡീസ് വിഭാഗം ഡീനുമാണ് ഡോ സി എൻ വിജയകുമാരി. ഒക്ടോബർ അഞ്ചിന് നടന്ന ഓപ്പൺ ഡിഫൻസിന് ശേഷം, വിപിന്റെ പി എച്ച് ഡി പ്രബന്ധം നിലവാരമില്ലാത്തതാണെന്നും ഗവേഷകന് സംസ്‌കൃതം അറിയില്ലെന്നും കാണിച്ച് ഡീൻ വൈസ് ചാൻസലർക്ക് (വി സി) കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തനിക്ക് ജാതിവിവേചനം നേരിടേണ്ടി വന്നതായി വിപിൻ ഫേസ്ബുക്കിലൂടെ ആരോപിച്ചത്.
‘പുലയർ സംസ്‌കൃതം പഠിക്കേണ്ട’ എന്ന് അധ്യാപിക അധിക്ഷേപിച്ചു എന്നും, ‘പുലയ-പറയ വിഭാഗക്കാർ പഠിക്കാൻ വന്നതോടെ സംസ്‌കൃത പഠനത്തിന്റെ മഹിമ പോയി’ എന്ന് അധ്യാപിക പറഞ്ഞതായും വിപിൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംസ്‌കൃതത്തിൽ എം എ, ബി എഡ്, എം എഡ്, എം ഫിൽ ബിരുദങ്ങൾ നേടിയ വ്യക്തിയാണ് വിപിൻ.
എം ഫിൽ പ്രബന്ധം ഡോ വിജയകുമാരിയുടെ മേൽനോട്ടത്തിലാണ് പൂർത്തിയാക്കിയതെന്നിരിക്കെ, സംസ്‌കൃതം അറിയാത്ത വ്യക്തിയെന്ന് അധ്യാപിക പറഞ്ഞത് തന്നെ മായാത്ത മുദ്രപോലെ പിന്തുടരുന്നുവെന്ന് വിപിൻ പറയുന്നു.


