Kerala
കുഞ്ഞുങ്ങളുടെ ആരോഗ്യത്തില്‍ ജാഗ്രത; അങ്കൺവാടി ഭക്ഷണമെനുവില്‍ ആഴ്ചയില്‍ രണ്ട് ദിവസം പാലും മുട്ടയും
കേരളത്തിലെ കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനും വിശപ്പുരഹിത ബാല്യം എന്ന സുസ്ഥിര വികസനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുമാണ് ശ്രമം. പദ്ധതിക്കായി 61.5 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി

കോഴിക്കോട് | രണ്ടാം പിണറായി സർക്കാറിൻെറ ആദ്യ സമ്പൂർണ ബജറ്റ് കുഞ്ഞുങ്ങളുടെ ആരോഗ്യ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നു.
അങ്കണവാടിയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് ലക്ഷ്യം വച്ച് ഭക്ഷണമെനുവില്‍ ആഴ്ചയില്‍ രണ്ട് ദിവസം പാലും മുട്ടയും ഉള്‍പ്പെടുത്തുമെന്ന പ്രഖ്യാപനം ആശ്വാസം പകരുന്നതാണ്. കേരളത്തിലെ കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനും വിശപ്പുരഹിത ബാല്യം എന്ന സുസ്ഥിര വികസനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുമാണ് ശ്രമം. പദ്ധതിക്കായി 61.5 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് പോഷകാഹാരക്കുറവ് കാരണം ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികളുടെ എണ്ണം കൂടിവരുന്നതായി 2019-20ലെ ദേശീയ കുടുംബാരോഗ്യ സര്‍വേ ചൂണ്ടിക്കാട്ടിയിരുന്നു. 2022-ഓടെ കുട്ടികളിലെ പോഷകാഹാരക്കുറവ് ഇല്ലാതാക്കാനുള്ള സമ്പുഷ്ട കേരളം പദ്ധതി നടപ്പാക്കിയതോടെ ലക്ഷ്യം കൈവരിച്ചുവരികയാണ്. ഈ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുന്നതാണു പുതിയ പ്രഖ്യാപനം.
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കംനില്‍ക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരിലാണ് കുട്ടികളിലെ പോഷകാഹാരക്കുറവ് കൂടുതലായി കാണുന്നത്. അങ്കണവാടികളും സ്‌കൂളുകളും ആരോഗ്യകേന്ദ്രങ്ങളും വഴി കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുന്നുണ്ടെങ്കിലും വിവിധ മേഖലകളില്‍ കുട്ടികളില്‍ വിളര്‍ച്ചപോലുള്ള അവസ്ഥ പ്രകടമാകുന്നുണ്ട്.
കുട്ടിക്കാലത്തെ ഏറ്റവും സാധാരണമായി കാണുന്ന വിളര്‍ച്ച രോഗം പിന്നീട് പലതരത്തിലുള്ള പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുന്നു. കുട്ടിക്കാലത്തെ വിളര്‍ച്ച ന്യൂറോളജിക്കല്‍ വികസനം, വൈജ്ഞാനിക, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ബാധിക്കുന്നു. ഇത് മാനസിക വൈകല്യത്തിനും കാരണമാകുന്നു. വിളര്‍ച്ചയുടെ ദീര്‍ഘകാല ഫലങ്ങള്‍ പ്രായപൂര്‍ത്തിയായവരുടെ അക്കാദമിക് നേട്ടത്തെയും പ്രവര്‍ത്തന ശേഷിയെയും ബാധിക്കുമെന്നാണു വിദഗ്ധര്‍ പറയുന്നത്.