From the print
ഫയല്‍ അദാലത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ മന്ത്രിസഭാ നിര്‍ദേശം
ഫയല്‍ അദാലത്തിന്റെ കണക്കുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അന്തിമ റിപോര്‍ട്ട് ഫയല്‍ അദാലത്ത് പോര്‍ട്ടലില്‍ എല്ലാ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാകുന്ന രീതിയില്‍ പ്രസിദ്ധീകരിക്കും.

തിരുവനന്തപുരം | ജൂലൈ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെ നടത്തിയ ഫയല്‍ അദാലത്തിന്റെ തുടര്‍ച്ചയായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഫയല്‍ അദാലത്തിന്റെ കണക്കുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അന്തിമ റിപോര്‍ട്ട് ഫയല്‍ അദാലത്ത് പോര്‍ട്ടലില്‍ എല്ലാ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാകുന്ന രീതിയില്‍ പ്രസിദ്ധീകരിക്കും. അദാലത്ത് നടപടികള്‍ അവസാനിക്കുന്നുവെങ്കിലും തീര്‍പ്പാക്കാന്‍ ശേഷിക്കുന്ന ഫയലുകളുടെ തീര്‍പ്പാക്കല്‍ പുരോഗതി നിരീക്ഷിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി അദാലത്ത് പോര്‍ട്ടല്‍ തുടരും. ഒപ്പം അദാലത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ച ഓരോ വകുപ്പിന്റെയും സ്ഥാപനത്തിന്റെയും നോഡല്‍ ഓഫീസര്‍മാര്‍ ചുമതലയില്‍ തുടരും.
ഉദ്യോഗസ്ഥന്‍ മാറുമ്പോള്‍ ചുമതലയേറ്റെടുക്കുന്ന ഉദ്യോഗസ്ഥന് നോഡല്‍ ഓഫീസറുടെ ചുമതല നല്‍കണം. എല്ലാ നോഡല്‍ ഓഫീസര്‍മാരും ഓരോ രണ്ടാഴ്ചയിലും അദാലത്ത് പോര്‍ട്ടലിലെ തീര്‍പ്പാക്കല്‍ പുരോഗതി അവലോകനം ചെയ്ത് അതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട സെക്ഷനുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കണം. പരാതികളിലെയും നിവേദനങ്ങളിലെയും ആവശ്യങ്ങള്‍ പരിശോധിച്ച് പരിഗണിക്കാന്‍ കഴിയുന്നതാണോ, തീരുമാനമെടുക്കാന്‍ സമയം ആവശ്യമുള്ളവയാണോ എന്നുള്ള വിവരങ്ങള്‍ പരമാവധി മൂന്ന് മാസത്തിനുള്ളില്‍ പരാതിക്കാരനെ അറിയിക്കണം. അനാവശ്യമായ കാലതാമസം ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
59% തീര്‍പ്പാക്കി
സെക്രട്ടേറിയറ്റിലും വകുപ്പു മേധാവികളുടെ കാര്യാലയങ്ങളിലും യൂട്ടിലിറ്റി, റെഗുലേറ്ററി സ്ഥാപനങ്ങളിലും കുടിശ്ശികയുള്ള ഫയലുകള്‍ തീര്‍പ്പാക്കാന്‍ നടത്തിയ ഫയല്‍ അദാലത്തില്‍ 59 ശതമാനം തീര്‍പ്പാക്കിയതായി ഉദ്യോഗസ്ഥര്‍ സര്‍ക്കാറിനെ അറിയിച്ചു. സെക്രട്ടേറിയറ്റില്‍ 3,05,555 ഫയലുകളാണ് തീര്‍പ്പാക്കാനുണ്ടായിരുന്നത്. ഇതില്‍ 1,58,336 ഫയലുകള്‍ തീര്‍പ്പാക്കി (52 ശതമാനം). വകുപ്പു മേധാവികളുടെ കാര്യാലയങ്ങളിലും യൂട്ടിലിറ്റി, റെഗുലേറ്ററി സ്ഥാപനങ്ങളിലും യഥാക്രമം 60 ശതമാനം, 79 ശതമാനം പുരോഗതി കൈവരിച്ചെന്നും സര്‍ക്കാറിന് നല്‍കിയ റിപോര്‍ട്ടിലുണ്ട്.