Connect with us

Kerala

സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണയേകി ബജറ്റ്; ആഗോള സമാധാന സമ്മേളനങ്ങള്‍ നടത്തും; രണ്ട് കോടി നീക്കിവെച്ചു

വിവിധരംഗങ്ങളില്‍ കഴിവുതെളിയിച്ച പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് സമാധാന സെമിനാറുകളും ഓണ്‍ലൈന്‍ ചര്‍ച്ചകളും സംഘടിപ്പിക്കും.

Published

|

Last Updated

തിരുവനന്തപുരം | ആഗോള സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കി സംസ്ഥാന സര്‍ക്കാര്‍ ബജറ്റ്. ആഗോള സമാധാന സെമിനാറുകള്‍ നടത്താന്‍ രണ്ട് കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. പ്രതിസന്ധികളെ ഒരുമിച്ച് നേരിടാം എന്ന ആത്മവിശ്വാസം പകരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

വിവിധരംഗങ്ങളില്‍ കഴിവുതെളിയിച്ച പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് സമാധാന സെമിനാറുകളും ഓണ്‍ലൈന്‍ ചര്‍ച്ചകളും സംഘടിപ്പിക്കും. യാത്രാ നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ പ്രതിനിധികള്‍ നേരിട്ട് പങ്കെടുക്കുന്ന ലോക സമാധാന സമ്മേളനവും സംഘടിപ്പിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

ബജറ്റിലെ ആദ്യ പ്രഖ്യാപനം തന്നെ സമാധാന സമ്മേളനങ്ങള്‍ സംബന്ധിച്ചതായിരുന്നു. റഷ്യ – യുക്രൈന്‍ യുദ്ധത്തെ പരാമര്‍ശിച്ചാണ് മന്ത്രി പ്രസംഗം തുടങ്ങിയത്. യുദ്ധത്തിന്റെ അനന്തര ഫലമായി പ്രതിസന്ധി വന്നാല്‍ അവയെ ഒറ്റക്കെട്ടായി മറികടക്കാനാകുമെന്ന അവസ്ഥ കേരളം നേടിയുട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഹിരോഷിമയുടെയും നാഗസാക്കിയുടെയും ഓര്‍മ സമാധാനത്തിനായി പ്രവര്‍ത്തിക്കാന്‍ എല്ലാവരെയും ഓര്‍മിപ്പിക്കുന്നു. ഞാന്‍ ബലത്തിന് ആളല്ല എന്ന് പറഞ്ഞ് മാറിനില്‍ക്കുകയല്ല ഈ സമയത്ത് വേണ്ടത്. നമ്മള്‍ ഓരോരുത്തരും അതിനായി എളിയ സംഭാവനകള്‍ ചെയ്യേണ്ടതുണ്ടെന്നെും മന്ത്രി വ്യക്തമാക്കി.