Connect with us

National

ബിജെപി എംഎല്‍സി ബാബുറാവു ചിന്‍ചന്‍സുര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

കല്യാണ കര്‍ണാടക മേഖലയില്‍ കോണ്‍ഗ്രസിന് 25 സീറ്റ് ഉറപ്പാക്കുമെന്ന് പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം ബാബുറാവു ചിന്‍ചന്‍സുര്‍ പറഞ്ഞു.

Published

|

Last Updated

ബെംഗളുരു| കര്‍ണാടക ബിജെപി എംഎല്‍സിയായ ബാബുറാവു ചിന്‍ചന്‍സുര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇന്നലെ രാത്രി പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ വസതിയില്‍ വെച്ചാണ് ബാബുറാവു കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കലബുറഗി മണ്ഡലത്തില്‍ തോല്‍പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവുകൂടിയാണ് ബാബുറാവു ചിന്‍ചന്‍സുര്‍.

2018വരെ കോണ്‍ഗ്രസിലായിരുന്നു കോലി-കബ്ബലിഗ സമുദായനേതാവും ബിജെപി എംഎല്‍സിയുമായ ബാബുറാവു ചിന്‍ചന്‍സുര്‍. 2008 മുതല്‍ 2018 വരെ ഗുര്‍മിത് കല്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചു. ഇടക്കാലത്ത് സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിയുമായിട്ടുണ്ട്. 2018-ല്‍ മണ്ഡലത്തില്‍ നിന്ന് തോറ്റതോടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തുകയായിരുന്നു.

കല്യാണ കര്‍ണാടക മേഖലയിലെ പ്രമുഖ ഒബിസി സമുദായമായ കോലി-കബ്ബലിഗ വിഭാഗത്തിനിടയില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവാണ് ചിന്‍ചന്‍സുര്‍.

ഇപ്പോള്‍ ഗുര്‍മിത് കല്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റ് കിട്ടില്ലെന്നായപ്പോഴാണ് കോണ്‍ഗ്രസിലേക്ക് അദ്ദേഹം തിരിച്ചു വരാന്‍ തീരുമാനിച്ചത്. ചിന്‍ചന്‍സുറിന് കോണ്‍ഗ്രസില്‍ സീറ്റ് ഉറപ്പാണ്. കല്യാണ കര്‍ണാടക മേഖലയില്‍ കോണ്‍ഗ്രസിന് 25 സീറ്റ് ഉറപ്പാക്കുമെന്ന് പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം ബാബുറാവു ചിന്‍ചന്‍സുര്‍ പറഞ്ഞു.