Connect with us

Kerala

പക്ഷിപ്പനി; മനുഷ്യരിലേക്ക് പകരാതിരിക്കാന്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

എല്ലാ ജില്ലാ അധികൃതര്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ്.

Published

|

Last Updated

തിരുവനന്തപുരം | പക്ഷിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്. മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍കരുതല്‍ വേണം. എല്ലാ ജില്ലാ അധികൃതര്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

ആലപ്പുഴ നഗരത്തില്‍ ഇന്നലെ പക്ഷിപ്പനി സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. തിരുമല വാര്‍ഡ് രത്‌നാലയത്തില്‍ എ ആര്‍ ശിവദാസന്റെ വളര്‍ത്തു കോഴികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ശിവദാസന്റെ 17 വളര്‍ത്തു കോഴികളില്‍ 16 എണ്ണവും ചത്തതോടെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

എന്താണ് പക്ഷിപ്പനി?
പക്ഷികളില്‍ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകര്‍ച്ചവ്യാധിയാണ് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ (പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5 എന്‍1.

പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് വൈറസ് പകരുന്നത് അവയുടെ സ്രവങ്ങള്‍ വഴിയാണ്. രോഗാണു സാന്നിധ്യമുള്ള പക്ഷിക്കൂട്, തീറ്റ, തൂവലുകള്‍ എന്നിവ വഴിയും പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് രോഗം പകരും.

മനുഷ്യരിലേക്ക് എത്തുന്നത്….
രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികള്‍ എന്നിവ വഴിയാണ് രോഗാണുക്കള്‍ മനുഷ്യരിലേക്കെത്തുന്നത്. രോഗം ബാധിച്ച മനുഷ്യരില്‍ മരണനിരക്ക് 60 ശതമാനത്തോളമാണ്.

ലക്ഷണങ്ങള്‍
പനി, ജലദോഷം, തലവേദന, ഛര്‍ദി, വയറിളക്കം, ശരീരവേദന, ചുമ, ക്ഷീണം എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങള്‍. ചിലപ്പോള്‍ ന്യൂമോണിയ പോലുള്ള കടുത്ത ശ്വാസകോശ രോഗങ്ങള്‍ക്കും ഈ വൈറസുകള്‍ ഇടയാക്കാം.

പ്രതിരോധം
രോഗമുണ്ടെന്ന് സംശയിക്കുന്ന പക്ഷികളില്‍ നിന്നും മനുഷ്യനില്‍ നിന്നും ആറ് അടിയിലേറെ ദൂരം പാലിക്കുക. ഇറച്ചി, മുട്ട എന്നിവ കുറഞ്ഞത് 70 ഡിഗ്രി സെന്റിഗ്രേഡില്‍ ചൂടാക്കി മാത്രം ഭക്ഷിക്കുക. രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കി കത്തിക്കുകയോ ആഴത്തില്‍ കുഴിച്ചിടുകയോ ചെയ്യണം. പക്ഷികള്‍ക്ക് രോഗം വന്നാല്‍ വെറ്ററിനറി ജീവനക്കാരെ അറിയിക്കണം. സുരക്ഷാ ക്രമീകരണങ്ങള്‍ കൃത്യമായി പാലിക്കണം.