Connect with us

Siraj Article

ദൗത്യം മറക്കുന്നുണ്ടോ നമ്മുടെ സര്‍വകലാശാലകള്‍?

സമൂഹത്തിലെ പ്രശ്‌നങ്ങളിലേക്ക് സര്‍വകലാശാലകള്‍ ഏറെയും മുഖംതിരിഞ്ഞു നില്‍ക്കാറാണ് പതിവ്. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളോ കാഴ്ചപ്പാടോ ഒക്കെ ഇല്ലാത്തതിന്റെ ഫലമാണ് ഇതേറെയും. യഥാര്‍ഥ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയാതെ പോകുന്ന നമ്മുടെ ഒട്ടുമിക്ക സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ശ്രേണിയിലേക്ക് സര്‍വകലാശാലകള്‍ എത്തിപ്പെടാന്‍ പാടില്ല. കാരണം, ഇത്തരം ബൗദ്ധിക സ്ഥാപനങ്ങളില്‍ നിന്ന് ഈ കൊവിഡ് കാലത്ത് സമൂഹം പ്രതീക്ഷിക്കുന്നത് അവരുടെ നിലനില്‍പ്പിനു വേണ്ടിയുള്ള ശാസ്ത്രീയ പരിഹാരങ്ങളാണ്

Published

|

Last Updated

ഴിഞ്ഞ കുറെ ദിവസങ്ങളായി നമ്മുടെ സര്‍വകലാശാലകള്‍ വിവാദങ്ങളില്‍ നിന്ന് ഒഴിയാതെ നില്‍ക്കുകയാണല്ലോ. രാജ്യത്ത് എന്നും തലയുയര്‍ത്തി നില്‍ക്കുന്ന കേരളത്തിലെ സര്‍വകലാശാലകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അനാവശ്യ വിവാദങ്ങള്‍ നഷ്ടമാക്കുന്നത് സര്‍വകലാശാലകളെ വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സമൂഹത്തിന്റെ പ്രതീക്ഷകളെയാണ്. മറ്റേതൊരു സ്ഥാപനവും പോലെയല്ല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. അവ ഒരു നാടിന്റെ, സംസ്ഥാനത്തിന്റെ, രാജ്യത്തിന്റെ തന്നെ ഭാഗധേയം നിര്‍ണയിക്കുന്ന ഉന്നത നിലവാരമുള്ള സ്ഥാപനങ്ങളാണ്. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, അവയൊക്കെ ഒഴിവാക്കിക്കൊണ്ട് സമൂഹം സര്‍വകലാശാലകളില്‍ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങളെപ്പറ്റി നാം ബോധവാന്മാരാകണം. പ്രത്യേകിച്ച്, കൊവിഡ് മെല്ലെ മടങ്ങുന്ന സാഹചര്യത്തില്‍ സര്‍വകലാശാലകള്‍ വിവാദങ്ങള്‍ ഒഴിവാക്കി അതിന്റെ യഥാര്‍ഥ ലക്ഷ്യത്തിലേക്ക്, സമൂഹങ്ങളിലേക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ട്.

താഴെത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലണം

സര്‍വകലാശാലകള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നതിലേറെ; സമൂഹത്തിലുണ്ടാകുന്ന മുറിവുകളില്‍ മരുന്നു പുരട്ടുന്നവയായിരിക്കണമെന്ന വാദത്തിന് ഈ കൊവിഡ് കാലത്തിന്റെ അന്ത്യയാമമെന്നു നാം കരുതുന്ന സമയത്ത് ഏറെ പ്രസക്തിയുണ്ട്. ആതുരാലയങ്ങള്‍ വ്യക്തികളിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുമ്പോള്‍, സമൂഹത്തെയാകമാനം ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇടപെടുന്നതില്‍ നിര്‍ണായകമായ പങ്കുണ്ട്. അത് ഏറെയും ആവശ്യപ്പെടുന്നത് ഗ്രാമങ്ങളിലും പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെ പേറുന്ന കോളനികളിലുമൊക്കെയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായം അവര്‍ക്ക് ലഭ്യമാകുന്നുണ്ടെങ്കിലും വേണ്ടത്ര തയ്യാറെടുപ്പോ പഠനമോ ഇല്ലാത്ത പദ്ധതികള്‍ ആകയാല്‍ അത് പരാജയപ്പെടാറാണ് പതിവ്.

ആയിടങ്ങളിലാണ് സര്‍വകലാശാലകള്‍ സമൂഹത്തിന്റെ താഴെത്തട്ടില്‍ ഒരു പ്രശ്‌നപരിഹാര ചാലകശക്തിയായി കടന്നുചെല്ലേണ്ടത്. വിശാലമായ ഒരു ആശയമാണത്. പ്രവൃത്തിപഥത്തില്‍ അതിലേറെ സങ്കീര്‍ണത നിലനിന്നെന്നും വരാം. എന്നിരുന്നാലും, സര്‍വകലാശാലകള്‍ അല്ലെങ്കില്‍ മറ്റെന്ത് എന്ന ചോദ്യത്തിനുത്തരമായി പകരംവെക്കാന്‍ മറ്റേതെങ്കിലും ബൗദ്ധികസ്ഥാപനം ചൂണ്ടിക്കാട്ടാന്‍ ഇല്ലാത്തപക്ഷം സര്‍വകലാശാലകളെ നാം അത്തരത്തില്‍ ഉപയോഗപ്പെടുത്തിയേ മതിയാകൂ.

സര്‍വകലാശാലയും സമൂഹവും

സര്‍വകലാശാലയും സമൂഹവും സ്വതവേ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന സംജ്ഞകള്‍ ആണെങ്കിലും, ഫലത്തില്‍ ഇവ രണ്ടും തികച്ചും വ്യത്യസ്തമായ എതിര്‍ ചേരികളില്‍ വിരാജിക്കുക വഴി ഇതിന്റെ കൂടിച്ചേരലിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ സാധാരണ ജനങ്ങള്‍ക്ക് കഴിയാതിരിക്കുന്നു. സത്യത്തില്‍, സര്‍വകലാശാലയും സമൂഹവും തമ്മില്‍ ബന്ധമെന്ത്? നമ്മുടെ സാഹചര്യത്തില്‍ സര്‍വകലാശാലകള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സമൂഹം അതുമായി ബന്ധപ്പെടാതെ അകലെയെവിടെയോ മാറിക്കിടക്കുന്ന എന്തോ ഒന്നുമാണ്. എന്നാല്‍ കൊവിഡ് നാശംവിതച്ചു കടന്നുപോകുമ്പോള്‍ സാമ്പത്തികമായും സാമൂഹികമായും തരിശാകുന്ന സമൂഹത്തിന് സംസ്ഥാനത്തെ ഏറ്റവും വലിയ ബൗദ്ധികസ്ഥാപനമെന്ന നിലയില്‍ സര്‍വകലാശാലകള്‍ക്ക് എത്രമാത്രം പച്ചയണിയിക്കാന്‍ കഴിയും എന്നത് പ്രസക്തമായ വിഷയമാണ്.

സമൂഹത്തിലെ പ്രശ്‌നങ്ങളിലേക്ക് സര്‍വകലാശാലകള്‍ ഏറെയും മുഖംതിരിഞ്ഞു നില്‍ക്കാറാണ് പതിവ്. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളോ കാഴ്ചപ്പാടോ ഒക്കെ ഇല്ലാത്തതിന്റെ ഫലമാണ് ഇതേറെയും. യഥാര്‍ഥ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയാതെ പോകുന്ന നമ്മുടെ ഒട്ടുമിക്ക സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ശ്രേണിയിലേക്ക് സര്‍വകലാശാലകള്‍ എത്തിപ്പെടാന്‍ പാടില്ല. കാരണം, ഇത്തരം ബൗദ്ധിക സ്ഥാപനങ്ങളില്‍ നിന്ന് ഈ കൊവിഡ് കാലത്ത് സമൂഹം പ്രതീക്ഷിക്കുന്നത് അവരുടെ നിലനില്‍പ്പിനു വേണ്ടിയുള്ള ശാസ്ത്രീയ പരിഹാരങ്ങളാണ്.

ഗവേഷകര്‍ക്ക് കൈയൊഴിയാനാകില്ല

ഇപ്പോള്‍ കൊവിഡ് കണക്കുകള്‍ ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുന്നത് ഒരു ആശ്വാസമാണ്. എന്നിരുന്നാലും, കൊവിഡ് നല്‍കിയ പ്രതിസന്ധിയില്‍ നിന്ന് നാം പൂര്‍ണമായും ഉയിര്‍ത്തെഴുന്നേറ്റിട്ടില്ല. ഇനിയും നമ്മളെ കാത്തിരിക്കുന്നത് വലിയ സാമ്പത്തിക, സാമൂഹിക പ്രതിസന്ധിയാണ് എന്നത് വിസ്മരിക്കാനാകില്ല. മൂന്ന് വര്‍ഷം മുമ്പ് നടന്ന വെള്ളപ്പൊക്കത്തില്‍ നിന്ന് പോലും നാമിതുവരെ തിരിച്ചുവന്നിട്ടില്ല. കൊവിഡിനു ശേഷം നമ്മുടെ ഗ്രാമങ്ങളിലെ, പട്ടണങ്ങളിലെയൊക്കെ ചെറുകിട വ്യാപാരികള്‍, കൃഷിക്കാര്‍ അങ്ങനെ വലിയൊരു വിഭാഗം പട്ടിണിയിലും തൊഴിലില്ലായ്മയിലും അകപ്പെടാന്‍ പോകുകയാണ്.

ഉന്നതവിദ്യ അഭ്യസിക്കുന്നവരുടെ സാമൂഹിക ഉത്തരവാദിത്വം എന്താണ്? കേവലം അറിവുനേടി, ജോലി നേടി കുടുംബത്തെ സേവിക്കുകയല്ലാതെ അതിനപ്പുറം എന്ത് ഉത്തരവാദിത്വമാണ് നമ്മുടെ ഗവേഷകര്‍ ഏറ്റെടുക്കുന്നത്? വ്യക്തിപരമായി അതില്‍ നിന്ന് നമുക്ക് കൈയൊഴിയാമെങ്കിലും സര്‍വകലാശാലകള്‍ ഉള്‍പ്പെടുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇത്തരം സാമൂഹികമായ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാകില്ല.

സാങ്കേതിക സഹായങ്ങള്‍ സര്‍വകലാശാലകളിലൂടെ

കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ നിന്ന് ഓരോ വര്‍ഷവും പുറത്തിറങ്ങുന്നത് നൂറുകണക്കിന് ഡോക്റ്ററല്‍ വിദ്യാര്‍ഥികളാണ്. അതായത്, സമൂഹത്തിലെ തന്നെ ഓരോരോ വിഷയങ്ങളിലുള്ള സുപ്രധാനമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവുമായാണ് ഓരോ ഗവേഷണ പ്രബന്ധങ്ങളും പുറത്തിറങ്ങുന്നത്. എന്നാല്‍ അതില്‍ എത്രയെണ്ണമാണ് സമൂഹത്തിന്റെ പ്രശ്‌നങ്ങളെ പ്രവൃത്തിപഥത്തില്‍ അഭിസംബോധന ചെയ്യാറുള്ളത്? അങ്ങനെയൊരു നിബന്ധന നമ്മുടെ വിദ്യാഭ്യാസരംഗം നിഷ്‌കര്‍ഷിക്കുന്നില്ല. പ്രശസ്ത റഷ്യന്‍ എഴുത്തുകാരന്‍ ആന്റണ്‍ ചെക്കോവിന്റെ “പ്രവൃത്തിപഥത്തില്‍ എത്തിക്കാത്ത അറിവുകൊണ്ട് എന്ത് പ്രയോജനം’ എന്ന അര്‍ഥവത്തായ വരികള്‍ പരിഗണിക്കുമ്പോള്‍ നമ്മുടെ ഗവേഷണങ്ങള്‍ അല്‍പ്പമെങ്കിലും സാമൂഹിക ഉത്തരവാദിത്വം ലക്ഷ്യമിടേണ്ടതല്ലേ!

കൊവിഡ് കാലത്തിനപ്പുറം നമ്മുടെ നാടിന്റെ ഭാവി വലിയ ആശങ്കക്കാണ് വഴിവെക്കുന്നത്. അതില്‍ പ്രധാനം ഗ്രാമങ്ങളില്‍ ഉണ്ടാകാന്‍ പോകുന്ന തൊഴിലില്ലായ്മയാണ്. പരമ്പരാഗതമായ തൊഴിലുകള്‍ ചെയ്തുവരുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ഈ കൊവിഡ് കാലത്തെ ലോക്ക്ഡൗണ്‍ വലിയ സ്തംഭനമാണ് സമ്മാനിച്ചിരിക്കുന്നത്. അതിനുമുമ്പ് തന്നെ പലതരത്തില്‍ വെല്ലുവിളികള്‍ അനുഭവിച്ച രംഗമായിരുന്നു ഇവയൊക്കെ. കൊവിഡാനന്തരം എങ്ങനെ തൊഴിലുകള്‍ വിജയകരമായി പുനഃസ്ഥാപിക്കാന്‍ കഴിയും എന്നതില്‍ വലിയ ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതിനായി വിവിധ പദ്ധതികള്‍ തയ്യാറാക്കുന്ന തിരക്കിലാണ് ഓരോ തദ്ദേശ സ്ഥാപനങ്ങളും. എന്നാല്‍ ഫണ്ടിനും മാനവവിഭവ ശേഷിക്കും അപ്പുറം അന്നുമിന്നും അവര്‍ക്ക് അപര്യാപ്തമായ ഒന്നാണ് സാങ്കേതിക വിദ്യയുടെ സഹായം. അതിന് പൊതുവെ വലിയ ചെലവ് വരുന്നതിനാല്‍ അവര്‍ അതിനായി ശ്രമിക്കാറുമില്ല. അവിടെയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിശിഷ്യാ സര്‍വകലാശാലകള്‍ ഇടപെടേണ്ടത്. പ്രബന്ധങ്ങളിലും പവര്‍ പോയിന്റുകളിലും ഒതുങ്ങിയ നമ്മുടെ ഗവേഷണ ഫലങ്ങള്‍ സമൂഹത്തിലെ ആവശ്യമുള്ളവരിലേക്ക് എത്തിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ഒപ്പം, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് എത്തിപ്പിടിക്കാന്‍ അപ്രാപ്യമെന്ന് കരുതിയ സാങ്കേതിക സഹായം അവര്‍ക്കു കൈവരികയും ചെയ്യും.

തദ്ദേശ സ്ഥാപനങ്ങള്‍ എല്ലാം തന്നെ അവരുടെ ഭൂപ്രകൃതിയുടെ പ്രാദേശിക പ്രാധാന്യം കണക്കാക്കിയാണ് പദ്ധതികള്‍ തയ്യാറാക്കുന്നത്. മാത്രമല്ല, പരമ്പരാഗതമായി അവര്‍ ചെയ്തുവന്ന, പ്രദേശത്തെ അടയാളപ്പെടുത്തുന്ന തൊഴിലിനാവും പ്രാധാന്യം നല്‍കുന്നത്. അതില്‍ അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എന്തെന്ന് പഠിക്കാനോ പരിഹരിക്കാനോ അവര്‍ക്കു വേണ്ടത്ര സാങ്കേതിക പരിജ്ഞാനം ഉണ്ടാകണമെന്നില്ല. എന്നാല്‍ ആവശ്യത്തിന് ഫണ്ടോ ആളുകളോ ഉണ്ടാകുകയും ചെയ്യും. ശാസ്ത്രീയമായും സാങ്കേതികമായും അവര്‍ക്ക് പരിഹരിക്കാനാകാത്ത കാര്യങ്ങളില്‍ തട്ടി വര്‍ഷങ്ങളായി അത് പ്രശ്‌നമായി അവശേഷിക്കുകയുമാകാം. ഈയവസരത്തില്‍ സാങ്കേതികവിദ്യയുടെ ആവശ്യത്തിനായി വലിയ ഫണ്ട് മാറ്റിവെക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയുകയുമില്ല.

സര്‍വകലാശാലകളില്‍ ഒരു സമൂഹവിപുലീകരണ വിഭാഗത്തിന്റെ (EXTENSION DEPARTMENT) ആവശ്യകത ഇവിടെയാണ് ഉയര്‍ന്നുവരുന്നത്. സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന നാക് (NAAC) അടക്കമുള്ള സംഘടനകള്‍ പ്രധാനമായും പരിഗണിക്കുന്നത് ഇതുപോലെയുള്ള സമൂഹത്തിലെ വിപുലീകരണ പ്രവര്‍ത്തനങ്ങളാണ്.
കൊവിഡ് കാലത്തെ മാന്ദ്യത്തിനു ശേഷം പരമ്പരാഗത വ്യവസായരംഗം ഉള്‍പ്പെടെ ഗ്രാമപ്രദേശങ്ങള്‍ ആകമാനം ഒരു തിരിച്ചുവരവിന് കോപ്പുകൂട്ടുന്ന അവസരത്തില്‍ ഉന്നത ഗവേഷണ രംഗത്തെ കണ്ടുപിടിത്തങ്ങള്‍ ഓരോരോ പ്രദേശങ്ങളുടെ ആവശ്യാനുസരണം പ്രയോജനപ്പെടുത്താന്‍ കഴിയും. ഇത്തരമൊരു പകര്‍ന്നു നല്‍കലിന് സര്‍വ്വകലാശാലകള്‍ തയ്യാറാകുകയും വേണം.

ഇനിയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നെങ്കില്‍ മാത്രമേ അതിന്റെ പ്രവര്‍ത്തനങ്ങള്‍ അര്‍ഥവത്താകുകയുള്ളൂ. കൊച്ചി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി പോലെയുള്ള വിഭാഗങ്ങള്‍ ഇത്തരമൊരു ലക്ഷ്യം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കാനാണ് ഒരുങ്ങുന്നത്. സമൂഹത്തിന്റെ പൊതുവായ പ്രശ്നപരിഹാരത്തിന് സര്‍വകലാശാലയിലെ ഉചിതമായ ഡിപ്പാര്‍ട്ട്‌മെന്റുകളെ ഉപയോഗിക്കുകയും അത് ഏകോപിപ്പിക്കുകയും പ്രശ്‌നപരിഹാരം സാധ്യമാക്കുകയും ചെയ്യുന്ന ബൃഹത്തായ ഒരു പദ്ധതി. ചില പഞ്ചായത്തുകളുമായി പ്രാഥമിക ചര്‍ച്ചകളും നടന്നുകഴിഞ്ഞു.
ഇത്തരം സേവനങ്ങള്‍ മറ്റു സര്‍വകലാശാലകളും പിന്തുടരുക വഴി നമ്മുടെ സര്‍വകലാശാലകളുടെ ഗവേഷണങ്ങളുടെ ഗുണഫലങ്ങള്‍ താഴേക്കിടയില്‍പ്പെട്ട, പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന് കൊവിഡ് സമ്മാനിച്ച മാന്ദ്യത്തില്‍ നിന്ന് വലിയൊരളവില്‍ തിരിച്ചുവരവ് സാധ്യമാക്കും. അങ്ങനെ സമൂഹത്തിലെ പാവപ്പെട്ടവരില്‍ നിന്ന് ധനികരിലേക്കുള്ള അന്തരം കുറക്കാനും, അതുവഴി വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങള്‍ ഏവര്‍ക്കും ഒരേപോലെ അനുഭവിക്കാനും അവസരം ഒരുങ്ങട്ടെ. അതുതന്നെയാണല്ലോ വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ മഹത്വവും. അതിനാല്‍ ഇപ്പോഴത്തെ വിവാദങ്ങള്‍ കെട്ടടങ്ങി, സര്‍വകലാശാലകള്‍ അത്തരമൊരു പ്രതീക്ഷാനിര്‍ഭരമായ ദിശയിലേക്ക് നീങ്ങുമെന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം.

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)