National
രാജ്യത്ത് 81 വിമാനത്താവളങ്ങൾ നഷ്ടത്തിലെന്ന് കേന്ദ്രം; 22 എണ്ണം പ്രവർത്തനരഹിതം
നഷ്ടത്തിൽ മുന്നിൽ ഡൽഹി സഫ്ദർജംഗ് വിമാനത്താവളം

ന്യൂഡൽഹി | 2024- 25 സാമ്പത്തിക വർഷത്തെ കണക്ക് പ്രകാരം രാജ്യത്ത് 81 എയർപോർട്ടുകൾ നഷ്ടത്തിലാണെന്നും 22 എയർപോർട്ടുകൾ പ്രവർത്തന രഹിതമാണെന്നും കേന്ദ്ര സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മൊഹോൾ രാജ്യസഭയിൽ ജെബി മേത്തറെ അറിയിച്ചു. നഷ്ടത്തിന്റെ പട്ടികയിൽ മുന്നിൽ ഡൽഹി സഫ്ദർജംഗ് എയർപോർട്ടാണ്. 673.91 കോടി രൂപ. തൊട്ടുപിന്നിൽ അഗർത്തല എയർപോർട്ടാണ്. 605.23 കോടി രൂപയാണ് അഗർത്തല എയർപോർട്ടിന്റെ പ്രവർത്തന നഷ്ടം.
പരിമിതമായ വ്യോമഗതാഗതം മാത്രമുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ എയർപോർട്ടുകൾ തമ്മിലുള്ള കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിന് ആവിഷ്കരിച്ച ആർ സി എസ്- ഉഡാൻ പദ്ധതി പ്രകാരം വിമാനക്കമ്പനികൾക്ക് വയബിലിറ്റി ഗ്യാപ് ഫണ്ട്ംഗ് നൽകുന്നുണ്ട്. പ്രവർത്തന ചെലവ് കുറക്കുന്നതിനും കൂടുതൽ സർവീസുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി വിമാനക്കമ്പനികൾക്ക് ഇൻസെൻ്റീവുകളും ഇളവുകളും അനുവദിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
2025- 26 സാമ്പത്തിക വർഷത്തിൽ പദ്ധതിക്കായി 300 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുള്ളതായി മന്ത്രി അറിയിച്ചു. 15 ഹെലിപോർട്ടുകളും രണ്ട് വാട്ടർഡ്രോമുകളും ഉൾപ്പെടെ 92 എയർപോർട്ടുകളാണ് ആർ സി എസ്- ഉഡാൻ പദ്ധതി മുഖേന പ്രവർത്തനസജ്ജമാക്കിയിട്ടുള്ളത്.