Connect with us

Ongoing News

വാതുവെപ്പ്; സിംബാബ്‍വേ മുന്‍ നായകന്‍ ബ്രെന്‍ഡന്‍ ടെയ്ലറെ മൂന്നര വര്‍ഷത്തേക്ക് വിലക്കി ഐ സി സി

Published

|

Last Updated

ദുബൈ | സിംബാബ്‍വേ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ബ്രെന്‍ഡന്‍ ടെയ്ലറെ മൂന്നര വര്‍ഷത്തേക്ക് വിലക്കി ഐ സി സി. വാതുവെപ്പിനായി ഇന്ത്യന്‍ വ്യവസായി തന്നെ സമീപിച്ചിരുന്നതായും അത് ഐ സി സിയോട് വെളിപ്പെടുത്തിയിരുന്നില്ലെന്നും കഴിഞ്ഞ ദിവസം ടെയ്ലര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നടപടി സ്വീകരിച്ചത്.

2019 ഒക്ടോബറിലാണ് ഇന്ത്യന്‍ വ്യവസായി ടെയ്ലറെ സമീപിച്ചത്. സിംബാബ്‍വേയില്‍ ടി-20 ടൂര്‍ണമെന്റ് ആരംഭിക്കാനെന്ന വ്യാജേന എത്തിയ ഇയാള്‍ 15,000 ഡോളറും നല്‍കി. സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡ് തനിക്ക് ഏറെക്കാലമായി ശമ്പളം നല്‍കിയിരുന്നില്ലെന്നതിനാല്‍ ടെയ്ലര്‍ പണം സ്വീകരിച്ചു. തുടര്‍ന്ന് വ്യവസായി ടെയ്ലര്‍ക്ക് കൊക്കെയിന്‍ നല്‍കുകയും ടെയ്‌ലര്‍ അത് ഉപയോഗിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്താണ് വ്യവസായി ടെയ്ലറോട് വാതുവെക്കാന്‍ ആവശ്യപ്പെട്ടത്. വാതുവെക്കാമെന്ന് സമ്മതിച്ചെങ്കിലും താന്‍ അത് ചെയ്തില്ലെന്നായിരുന്നു ടെയ്ലറുടെ വെളിപ്പെടുത്തല്‍.

അടുത്തിടെ ടെയ്ലര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 34കാരനായ ടെയ്‌ലര്‍ സിംബാബ്‍വേക്കു വേണ്ടി 204 ഏകദിന മത്സരങ്ങളില്‍ നിന്നായി 6,677 റണ്‍സ് നേടിയിട്ടുണ്ട്. 24 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 2,320 റണ്‍സ് നേടിയ താരം 45 ടി ട്വന്റികളില്‍ നിന്ന് 934 റണ്‍സും അടിച്ചെടുത്തു.

 

---- facebook comment plugin here -----

Latest