Pathanamthitta
മദ്യപിച്ച് പരസ്പരം അടിപിടി,യാത്രക്കാര്‍ക്ക് നേരെയും കൈയേറ്റ ശ്രമം; യുവാക്കള്‍ പിടിയില്‍
യാത്രക്കാര്‍ക്ക് നേരെയും തട്ടിക്കയറി, ആക്രമണത്തിന് മുതിര്‍ന്നു

റാന്നി | ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ മദ്യപിച്ച് പരസ്പരം അടിപിടിയുണ്ടാക്കുകയും യാത്രക്കാര്‍ക്ക് നേരെ കൈയ്യേറ്റ ശ്രമം നടത്തുകയും ചെയ്ത മൂന്നു യുവാക്കളെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാര്‍ നീലിപിലാവ് കട്ടച്ചിറ സ്വദേശികളായ പുത്തന്‍പുരയ്ക്കല്‍ പി എസ് ശിവലാല്‍ (26), ഇലവുങ്കല്‍ കെ ആര്‍ ഉണ്ണികൃഷ്ണന്‍(21), പുത്തന്‍വീട്ടില്‍ രജുമോന്‍ (26) എന്നിവരാണ് കസ്റ്റഡിയിലായത്.
വൈകിട്ടാണ് യുവാക്കള്‍ മദ്യപിച്ച് ലക്കുകെട്ട നിലയില്‍ സ്റ്റാന്‍ഡില്‍ ബഹളമുണ്ടാക്കുകയും തുടര്‍ന്ന് പരസ്പരം തല്ലുകൂടുകയും ചെയ്തത്. തുടര്‍ന്ന് യാത്രക്കാര്‍ക്ക് നേരെയും തട്ടിക്കയറി, ആക്രമണത്തിന് മുതിര്‍ന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റാന്നി എസ് ഐ റെജി തോമസിന്റെ നേതൃത്വത്തില്‍ മൂവര്‍ സംഘത്തെ ഉടനടി പിടികൂടി. തുടര്‍ന്ന് വൈദ്യ പരിശോധനയ്ക്കുശേഷം സ്റ്റേഷനില്‍ എത്തിച്ചു. പൊതു സ്ഥലത്ത് ശല്യം ഉണ്ടാക്കിയതിന് കേസ് രജിസ്റ്റര്‍ ചെയ്തു.എസ് ഐ ക്കൊപ്പം സി പി ഓമാരായ ഗോകുല്‍, ബിബി, രാഹുല്‍, അനു എന്നിവരാണ് ഉണ്ടായിരുന്നത്.