Connect with us

five state election

സെമി ഫൈനലിന് വിസിൽ മുഴങ്ങുമ്പോൾ

ജനങ്ങളുടെ ജീവിത യാഥാർഥ്യങ്ങളാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നതെങ്കിൽ കേന്ദ്ര ഭരണം കൈയാളുന്നവർക്കുള്ള താക്കീതായും സംസ്ഥാന ഭരണത്തിന്റെ ശരിതെറ്റുകളോടുള്ള ജനാധിപത്യ പ്രതികരണമായും തിരഞ്ഞെടുപ്പ് മാറും. അല്ലെങ്കിൽ പോൾ തന്ത്രങ്ങളുടെയും ധ്രുവീകരണ ശ്രമങ്ങളുടെയും രഥചക്രം തന്നെ മുന്നേറും.

Published

|

Last Updated

ഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ അങ്കത്തിന് തീയതികൾ പ്രഖ്യാപിച്ചതോടെ രാജ്യം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്്. ഉത്തർ പ്രദേശ് ഉൾപ്പെടുന്ന അഞ്ചിടത്തെ വോട്ടെടുപ്പിനെ 2024ലെ പാർലിമെന്റ്തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായാണ് വിലയിരുത്തുന്നത്. പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നിവയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങൾ. ഇതിൽ പഞ്ചാബ് ഒഴികെ നാല് സംസ്ഥാനങ്ങളിലും ബി ജെ പിയാണ് നിലവിൽ അധികാരത്തിലിരിക്കുന്നത്. ഗോവയിലും മണിപ്പൂരിലും കോൺഗ്രസ്സ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും ചെറുകക്ഷികളെ ചാക്കിട്ടുപിടിച്ച് ബി ജെ പി ഭരണം പിടിക്കുകയായിരുന്നു. കൊവിഡ് ഭീതിയുടെ ദിനങ്ങൾ വീണ്ടും കടന്നു വരുമ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിൽ പരമ്പരാഗത പ്രചാരണ രീതികളിൽ മാറ്റം വരുത്താൻ രാഷ്ട്രീയ പാർട്ടികൾ സന്നദ്ധമാകേണ്ടി വരും. റാലികളും പ്രചാരണ യോഗങ്ങളും പൂർണമായി നിർത്തിവെക്കണമെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

യു പിയിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് ഫെബ്രുവരി പത്തിന് തുടങ്ങും. പിന്നീട് ഫെബ്രുവരി 14, 20, 23, 27 മാർച്ച് മൂന്ന്, ഏഴ് തീയതികളിലായി ഏഴ് ഘട്ടങ്ങളിൽ അവിടെ തിരഞ്ഞെടുപ്പ് നടക്കും. മണിപ്പൂരിൽ ഫെബ്രുവരി 27, മാർച്ച് മൂന്ന് തീയതികളിൽ രണ്ട് ഘട്ടങ്ങളായും പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഫെബ്രുവരി 14ന് ഒറ്റഘട്ടമായും വോട്ടെടുപ്പ് നടക്കും. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.

യു പി പിടിച്ചാൽ…

രാജ്യത്ത് ജനസംഖ്യയനുസരിച്ച് ഒന്നാമത്തേയും വിസ്തീർണമനുസരിച്ച് അഞ്ചാമത്തേയും സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് ഉത്തർ പ്രദേശ്. ഉത്തർ പ്രദേശിനെ ഒരു രാജ്യമായി കണക്കാക്കിയാൽ ജനസംഖ്യ കൊണ്ട് ലോകത്തിലെ അഞ്ചാമത്തെ വലിയ രാഷ്ട്രമായി വിശേഷിപ്പിക്കാറുണ്ട്. ബി ജെ പിയാണ് നിലവിൽ ഉത്തർപ്രദേശ് ഭരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 403 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 2017ലെ തിരഞ്ഞെടുപ്പിൽ 312 സീറ്റുകൾ നേടിയാണ് യോഗി ആദിത്യനാഥ് അധികാരത്തിലേറിയത്. രണ്ടാം സ്ഥാനത്തുള്ള സമാജ് വാദി പാർട്ടിക്ക് 47 സീറ്റുകളും ബി എസ് പിക്ക് 19 സീറ്റുകളുമാണുള്ളത്. കോൺഗ്രസ്സടക്കം മറ്റു പാർട്ടികൾക്കെല്ലാം പത്തിൽ താഴെ സീറ്റുകൾ മാത്രം. മുഖ്യമന്ത്രി സ്ഥാനാർഥിയായി ആരെയും ഉയർത്തിക്കാട്ടാതെയാണ്, 2012ൽ മൂന്നാം സ്ഥാനത്തായിരുന്ന ബി ജെ പി 2017ൽ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

2012ൽ 224 സീറ്റുകൾ നേടി സമാജ്‌വാദി പാർട്ടിയാണ് ഉത്തർ പ്രദേശ് ഭരിച്ചിരുന്നത്. അന്ന് ബി എസ് പിക്ക് 80 സീറ്റുകളും ബി ജെ പിക്ക് 47 സീറ്റുകളും കോൺഗ്രസ്സിന് 28 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. ബി ജെ പി അധികാരത്തിൽ വന്നതിന് പിന്നാലെ ഉത്തർ പ്രദേശിനെ പൂർണമായും കാവിവത്കരിക്കുന്ന കാഴ്ചയാണ് കണ്ടത്. മുഗൾ കാലഘട്ടത്തിന്റെ സ്മൃതിചിത്രങ്ങൾ ഒട്ടേറെയുള്ള സംസ്ഥാനമാണ് ഉത്തർ പ്രദേശ്. എന്നാൽ അത്തരം കേന്ദ്രങ്ങളുടെയെല്ലാം പേരുകൾ മാറ്റിയെഴുതി സംസ്ഥാനത്തെ ഹിന്ദുത്വവത്കരിക്കുകയാണ് യു പി സർക്കാർ. ആൾക്കൂട്ടക്കൊലപാതകങ്ങളും ബി ജെ പി നേതാക്കൾ ഉൾപ്പെട്ട കൂട്ടബലാത്സംഗ കേസുകളുമെല്ലാം യു പിയുടെ പ്രതിച്ഛായ തന്നെ മാറ്റിയിട്ടുണ്ട്.

വർഗീയ വിഭജനത്തിനായുള്ള കലാപങ്ങളും വിദ്വേഷ പ്രചാരണങ്ങളും ഏറെ കണ്ട യു പിയിൽ ഇത്തവണ പ്രതിപക്ഷ പാർട്ടികൾ അരയും തലയും മുറുക്കി ഇറങ്ങുന്നുണ്ട്. യോഗി സർക്കാറിന്റെ മോശം പ്രകടനത്തിൽ തന്നെയാണ് അവർ ഊന്നുന്നത്. ഇത് ബി ജെ പി തിരിച്ചറിയുന്നുണ്ട്. യോഗിയെ മുന്നിൽ നിർത്തേണ്ടെന്ന് ബി ജെ പിയിലെ ഒരു വിഭാഗം വാദിക്കുന്നത് ഇതിന്റെ ഭാഗമായാണ്.

ആദിത്യനാഥിനെ തന്നെയാണ് കേന്ദ്ര നേതൃത്വത്തിന് താത്പര്യമെങ്കിലും മൗവിൽ നിന്നുള്ള മുൻ ലോക്സഭാംഗം ഹരിനാരായൺ രജ്ഭറിന്റെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാന ബി ജെ പി ഉപാധ്യക്ഷനും നിയമസഭാംഗവുമായ എ കെ ശർമയെയാണ് ഉയർത്തിക്കാട്ടുന്നത്. കേന്ദ്ര സർക്കാറിന്റെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും ലംഖിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയതും ബി ജെ പിക്ക് തിരിച്ചടിയാകുമെന്ന് തന്നെയാണ് പ്രവചനങ്ങൾ. വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങൾ നൽകാനാകാത്തതും സ്ത്രീകൾക്കും പ്രത്യേകിച്ച് ദളിതുകൾക്ക് നേരെയും സംസ്ഥാനത്ത് വ്യാപക ആക്രമണമുണ്ടാകുന്നതും ഇതിനകം തന്നെ സമാജ്്വാദി പാർട്ടിയും കോൺഗ്രസ്സും ബി എസ് പിയും അടക്കമുള്ള പ്രധാന പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിയിട്ടുണ്ട്.

ബി ജെ പി പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയാണ് എ കെ ശർമയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഹരിനാരായൺ രജ്ഭർ ഉയർത്തിക്കാട്ടിയത്. അമിത് ഷാക്ക് താത്പര്യം യോഗിയെയാണ്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ളയാളാണ് എ കെ ശർമ.

അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടി തന്നെയാകും ബി ജെ പിക്ക് വെല്ലുവിളിയുയർത്തുക. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് സജീവത കൈവരിച്ചിട്ടുണ്ട്. സ്ത്രീശാക്തീകരണം മുൻ നിർത്തി കോൺഗ്രസ്സ് നടത്തിയ റാലികൾ ചലനമുണ്ടാക്കി. എന്നാൽ ബാബരി മസ്ജിദ് വിഷയത്തിലടക്കം കോൺഗ്രസ്സ് കൈകൊണ്ട നിലപാടുകൾ മുസ്‌ലിം വോട്ടർമാരിൽ നല്ല അഭിപ്രായമല്ല ഉണ്ടാക്കിയിട്ടുള്ളത്. അസദുദ്ദീൻ ഉവൈസിയുടെ പാർട്ടി പിടിക്കുന്ന വോട്ടുകൾ ആർക്ക് ഗുണമാകുമെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. പിന്നാക്ക വോട്ടുകളും മുന്നാക്ക വോട്ടുകളും ഒരു പോലെ ലക്ഷ്യമിടുന്ന മായാവതിയുടെ ബി എസ് പിക്ക് കൃത്യമായ ആക്രമണ മുനയില്ലാതായിരിക്കുകയാണ്.

മണിപ്പൂരിലെന്ത്?

വടക്കു കിഴക്കൻ സംസ്ഥാനമാണ് മണിപ്പൂർ. 1972ൽ നിലവിൽ വന്ന ഈ സംസ്ഥാനം ‘ഇന്ത്യയുടെ രത്നം’ എന്ന പേരിൽ അറിയപ്പെടുന്നു. നിലവിൽ ബിജെപിയാണ് ഭരിക്കുന്നത്. എൻ ബിരേൺ സിംഗാണ് മുഖ്യമന്ത്രി. 2017ലെ തിരഞ്ഞെടുപ്പിൽ ആകെയുള്ള 60 സീറ്റിൽ 28 സീറ്റുകൾ നേടി കോൺഗ്രസ്സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും അധികാരത്തിൽ തുടരാനായില്ല. 21 സീറ്റുകൾ നേടിയ ബി ജെ പി നാല് സീറ്റുകൾ വീതമുള്ള നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെയും നാഷനൽ പീപ്പിൾസ്് പാർട്ടിയുടെയും ഒരു സീറ്റുള്ള ലോക് ജനശക്തി പാർട്ടിയുടെയും പിന്തുണയോടെ സർക്കാർ രൂപവത്കരിച്ചു.

2012ൽ 42 സീറ്റുകളുണ്ടായിരുന്ന സ്ഥാനത്താണ് 2017ൽ കോൺഗ്രസ്സ് 28 സീറ്റിൽ ഒതുങ്ങിയത്. ഏഴ് സീറ്റുകളുള്ള തൃണമൂൽ കോൺഗ്രസ്സായിരുന്നു 2012ലെ പ്രധാന പ്രതിപക്ഷം. അന്ന് മത്സര ചിത്രത്തിലേ ഇല്ലാതിരുന്ന ബി ജെ പി 21 സീറ്റുകൾ നേടി ഒറ്റയടിക്കാണ് ശക്തമായ സാന്നിധ്യമുറപ്പിച്ചതും ചെറുകക്ഷികളെ കൂട്ടുപിടിച്ച് ഭരണം നേടിയതും. ഈ ശക്തിപ്രകടനം 2022ൽ ആവർത്തിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

കുഞ്ഞു ഗോവ

ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്തെ കൊങ്കൺ മേഖലയിലെ കുഞ്ഞു സംസ്ഥാനമായ ഗോവയിലെ തിരഞ്ഞെടുപ്പ് ചിത്രം മണിപ്പൂരിലേതിന് സമാനമാണ്. 2017ലെ തിരഞ്ഞെടുപ്പിൽ ആകെയുള്ള 40ൽ 17 സീറ്റുകൾ നേടി കോൺഗ്രസ്സ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും ഭരണം പിടിക്കാനായില്ല. 13 സീറ്റുകൾ നേടിയ ബി ജെ പി, മൂന്ന് സീറ്റുകൾ വീതമുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെയും ഗോവ ഫോർവേഡ് പാർട്ടിയുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് സംസ്ഥാനം ഭരിക്കുന്നത്. ലക്ഷ്മികാന്ത് പർസേക്കറാണ് മുഖ്യമന്ത്രി. 2012ലെ തിരഞ്ഞെടുപ്പിൽ 21 സീറ്റുകൾ നേടിയ ബി ജെ പിക്ക് 2017ൽ 13 സീറ്റിൽ ഒതുങ്ങേണ്ടി വന്നുവെങ്കിലും ഭരണം നഷടമായില്ല. 2012ൽ ഒമ്പത് സീറ്റുകളായിരുന്നു ഗോവയിൽ കോൺഗ്രസ്സിനുണ്ടായിരുന്നത്.

കസേര മാറ്റത്തിന്റെ ഉത്തരാഖണ്ഡ്

2000 വരെ ഉത്തർ പ്രദേശിന്റെ ഭാഗമായിരുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. നിരവധി പ്രക്ഷോഭങ്ങൾക്ക് ഒടുവിലാണ് ഇന്ത്യയിലെ 27ാമത് സംസ്ഥാനമായി ഉത്തരാഖണ്ഡ് നിലവിൽ വന്നത്. ഉത്തരാഞ്ചൽ എന്ന പേരിലാണ് സംസ്ഥാനം രൂപവത്കരിച്ചതെങ്കിലും 2006ൽ ഉത്തരാഖണ്ഡ് എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. ആകെയുള്ള 70 സീറ്റിൽ 57 സീറ്റുകൾ നേടി ബി ജെ പിയാണ് 2017ൽ ഉത്തരാഖണ്ഡിൽ അധികാരത്തിൽ വന്നത്. പുഷ്‌കർ സിംഗ് ധമിയാണ് നിലവിൽ മുഖ്യമന്ത്രി. 2017ൽ ത്രിവേന്ദ്ര സിംഗ് റാവത്താണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. 2021ൽ പാർട്ടി നിർദേശപ്രകാരം അദ്ദേഹം രാജിവെച്ചതോടെയാണ് പുഷ്‌കർ സിംഗ് ധമി മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയത്. 11 സീറ്റുകളുള്ള കോൺഗ്രസ്സാണ് ഉത്തരാഖണ്ഡിലെ പ്രധാന പ്രതിപക്ഷം. രണ്ട് സ്വതന്ത്രരുമുണ്ട്.

2012ൽ 32 സീറ്റുകൾ നേടിയ കോൺഗ്രസ്സിനായിരുന്നു ഭരണം. 31 സീറ്റുകളുമായി ബി ജെ പി തൊട്ടടുത്ത് ഉണ്ടായിരുന്നെങ്കിലും മൂന്ന് സീറ്റുകളുള്ള ബി എസ് പിയുടെയും ഒരു സീറ്റുള്ള ഉത്തരാഖണ്ഡ് ക്രാന്തി ദൾ (പി)യുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് അന്ന് കോൺഗ്രസ്സ് ഭരണം ഉറപ്പാക്കിയത്. ഇത്തവണയും കോൺഗ്രസ്സിന് നല്ല പ്രതീക്ഷയുണ്ട്.

പഞ്ചാബിൽ പഞ്ചേറും

രാജ്യം ഏറെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പായിരിക്കും പഞ്ചാബിലേത്. സ്വതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ പോരാട്ടമായ കർഷക പ്രക്ഷോഭത്തിന്റെ കേന്ദ്രമായിരുന്നു പഞ്ചാബ്. രാജ്യത്ത് കോൺഗ്രസ്സ് ഒറ്റക്ക് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. രാജസ്ഥാനും ഛത്തീസ്ഗഢുമാണ് മറ്റുള്ളവ. ആകെയുള്ള 117 സീറ്റിൽ 77ലും വിജയിച്ചാണ് 2017ൽ കോൺഗ്രസ്സ് പഞ്ചാബിൽ അധികാരത്തിലെത്തിയത്. 20 സീറ്റുകളുള്ള ആം ആദ്മി പാർട്ടിയും 15 സീറ്റുകളുള്ള ശിരോമണി അകാലിദളുമാണ് പ്രതിപക്ഷത്തുള്ളത്. ബി ജെ പിക്ക് മൂന്ന് സീറ്റുകൾ മാത്രമാണുള്ളത്. ആം ആദ്മി പാർട്ടിയുടെ സഖ്യകക്ഷിയായ ലോക് ഇൻസാഫ് ഫാർട്ടി രണ്ടിടങ്ങളിൽ വിജയിച്ചു. ക്യാപ്റ്റൻ അമരീന്ദർ സിംഗാണ് 2017ൽ മുഖ്യമന്ത്രിയായി അധികാരത്തിലേറിയതെങ്കിലും ഗ്രൂപ്പ് പോരിനെ തുടർന്ന് 2021ൽ അദ്ദേഹം രാജിവെച്ചു. നിലവിൽ ചരൺജിത് സിംഗ് ചന്നിയാണ് മുഖ്യമന്ത്രി.

2012ൽ 56 സീറ്റുകളുള്ള ശിരോമണി അകാലിദളായിരുന്നു ഭരണത്തിൽ. 12 സീറ്റുകളുള്ള ബി ജെ പി അന്ന് ശിരോമണി അകാലിദളിനൊപ്പമായിരുന്നു. 46 സീറ്റകളാണ് അന്ന് കോൺഗ്രസ്സിനുണ്ടായിരുന്നത്. 2019 അവസാനം പൊട്ടിപ്പുറപ്പെട്ട കർഷക പ്രക്ഷോഭം പഞ്ചാബിന്റെ രാഷ്ട്രീയ ഭൂമികയെ ഉഴുതുമറിച്ചിട്ടുണ്ട്.

മൂന്ന് കാർഷിക നിയമങ്ങൾക്ക് എതിരെ ഒരു വർഷത്തോളം നീണ്ട സമരത്തിനൊടുവിൽ കർഷകർ നേടിയ വിജയം തിരഞ്ഞെടുപ്പിൽ നിർണായകമാകും. ഇവിടെ ചില കർഷക സംഘടനകൾ കൂടി തിരഞ്ഞെടുപ്പ് രംഗത്ത് എത്തിയത് ആർക്കാണ് ഗുണം ചെയ്യുകയെന്ന് കണ്ടുതന്നെ അറിയാം. ആം ആദ്മി പാർട്ടിയും പഞ്ചാബിൽ വേരോട്ടമുണ്ടാക്കിയിട്ടുണ്ട് എന്നതും നിർണായകമാകും.
കോൺഗ്രസ്സിനകത്തെ അനൈക്യം അവർക്ക് തിരിച്ചടിയാകുമോ? അമരീന്ദറിന്റെ പുതിയ പാർട്ടി കോൺഗ്രസ്സിന് എന്തെങ്കിലും നഷ്ടമുണ്ടാക്കുമോ? ശിരോമണി അകാലി ദൾ എൻ ഡി എ വിട്ടത് ബി ജെ പിയുടെ നില കൂടുതൽ പരുങ്ങലിലാക്കുമോ? ഏറ്റവും ഒടുവിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്‌ളൈ ഓവറിൽ ബ്രേക്കിട്ടത് വലിയ പ്രചാരണായുധമാക്കുന്നുണ്ട് ബി ജെ പി. അത് ഏശുമോ? ജനങ്ങളുടെ ജീവിത യാഥാർഥ്യങ്ങളാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നതെങ്കിൽ കേന്ദ്ര ഭരണം കൈയാളുന്നവർക്കുള്ള താക്കീതായും സംസ്ഥാന ഭരണത്തിന്റെ ശരിതെറ്റുകളോടുള്ള ജനാധിപത്യ പ്രതികരണമായും തിരഞ്ഞെടുപ്പ് മാറും. അല്ലെങ്കിൽ പോൾ തന്ത്രങ്ങളുടെയും ധ്രുവീകരണ ശ്രമങ്ങളുടെയും രഥചക്രം തന്നെ മുന്നേറും. നാലിൽ ഒന്നെങ്കിലും പോയാൽ ബി ജെ പിക്ക് വലിയ തിരിച്ചടിയാകും. കോൺഗ്രസ്സിനാകട്ടേ തിരിച്ചു വരവിനുള്ള അവസാന അവസരവും.

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

Latest