Kerala
വയനാട് ദുരന്തം: ലീഗിന്റെ രണ്ടാം കല്ലിടല്‍ പുതിയ പിരിവിന്റെ ചന്ദ്രോദയമെന്ന് കെ ടി ജലീല്‍
അഞ്ച് മാസങ്ങള്‍ക്കു മുമ്പാണ് 105 വീടുകളുടെ ആദ്യ ശിലാസ്ഥാപനം സാദിഖലി തങ്ങള്‍ നടത്തിയത്
കോഴിക്കോട് | വയനാട് ദുരന്തബാധിതരെ സഹായിക്കാ മുസ്്‌ലിം ലീഗ് പണിയുന്ന വീടുകള്‍ക്ക് കഴിഞ്ഞ ദിവസം നടന്ന ശിലാസ്ഥാപനം രണ്ടാമത്തെ ശിലാസ്ഥാപനമാണെന്നും ഇനിയും പണം പിരിക്കാനുള്ള നീക്കമാണെന്നും ആരോപിച്ച് കെ ടി ജലീല്‍ എം എല്‍ എ രംഗത്ത്.
അഞ്ച് മാസങ്ങള്‍ക്കു മുമ്പാണ് 105 വീടുകളുടെ ആദ്യ ശിലാസ്ഥാപനം സാദിഖലി തങ്ങള്‍ നടത്തിയത്. എന്നാല്‍ രണ്ടാമതും തറക്കല്ലിടല്‍ നടത്തി. നിര്‍മ്മാണം തീരുമ്പോഴേക്ക് ഇനി എത്ര തറക്കല്ലിടല്‍ നാടകം കാണേണ്ടിവരും. 105 വീടുകള്‍ക്കും നിര്‍മ്മാണാനുമതി കിട്ടി എന്നാണ് ലീഗ് നേതൃത്വത്തിന്റെ അവകാശവാദം. ആ പെര്‍മിറ്റുകളുടെ കോപ്പി വയനാട്ടിലെ പത്രക്കാരെയെങ്കിലും കാണിക്കാന്‍ തയ്യാറാവണമെന്നും കെ ടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.
വയനാട് ദുരന്തം: ലീഗിന്റെ രണ്ടാം കല്ലിടലും പുതിയ പിരിവിന്റെ ചന്ദ്രോദയവും എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണ രൂപം: ഒന്നാം പാനിപട്ട് യുദ്ധം രണ്ടാം പാനിപ്പട്ട് യുദ്ധം എന്നൊക്കെ പറയും പോലെ, വയനാട് ദുരന്ത ബാധിതരെ സഹായിക്കാന്‍ ലീഗിന്റെ ഒന്നാം ശിലാസ്ഥാപനവും രണ്ടാം ശിലാസ്ഥാപനവും എന്നുകൂടി ചരിത്ര താളുകളില്‍ ഭാവിയില്‍ എഴുതിച്ചേര്‍ക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അഞ്ച് മാസങ്ങള്‍ക്കു മുമ്പാണ് 105 വീടുകളുടെ ആദ്യ ശിലാസ്ഥാപനം സാദിഖലി തങ്ങള്‍ നടത്തിയത്. അദ്ദേഹത്തിന്റെ തന്നെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ഫോട്ടോയുടെ സക്രീന്‍ഷോട്ടാണ് ഇമേജില്‍ ഒന്നാമത്തേത്.
എന്നാല്‍ രണ്ടാമതും തറക്കല്ലിടല്‍ നടത്തിയതിന്റെ ചിത്രമാണ് രണ്ടാമത്തേത്. 105 വീടുകളുടെ നിര്‍മ്മാണം തീരുമ്പോഴേക്ക് ഇനി എത്ര തറക്കല്ലിടല്‍ നാടകമാണാവോ കാണേണ്ടി വരിക? 105 വീടുകള്‍ക്കും നിര്‍മ്മാണാനുമതി കിട്ടി എന്നാണ് ലീഗ് നേതൃത്വത്തിന്റെ അവകാശവാദം. ആ പെര്‍മിറ്റുകളുടെ കോപ്പികള്‍ വയനാട്ടിലെ പത്രക്കാരെയെങ്കിലും ഒന്നു കാണിച്ചാല്‍ നന്നാകും.
1,22,000 (ഒരു ലക്ഷത്തി ഇരുപത്തിരണ്ടായിരം) രൂപയാണ് ആ പാവങ്ങള്‍ക്ക് നല്‍കുന്ന ഒരു സെന്റ് ഭൂമിയുടെ വിലയെന്ന് കൂടി അവരോടു പറയാന്‍ ലീഗ് മറക്കരുത്. നാട്ടിലെ നടപ്പു വിലക്ക് ഭൂമി വാങ്ങിയിരുന്നെങ്കില്‍ 11 ഏക്കര്‍ സ്വന്തമാക്കാന്‍ ജനങ്ങളില്‍ നിന്ന് പിരിഞ്ഞു കിട്ടിയ 41 കോടിയില്‍, ചുരുങ്ങിയത് 8 കോടിയെങ്കിലും ലാഭിക്കാമായിരുന്നു. 13 കോടിയിലധികമാണ് ഭൂമി വാങ്ങാന്‍ മാത്രം ലീഗ് പൊടിച്ചതെന്ന് ഓര്‍ക്കണം! ഈ പതിനൊന്ന് ഏക്കറില്‍ ഒന്നര ഏക്കര്‍ മാത്രമാണ് നിര്‍മ്മാണ അനുമതിയുള്ള ഭൂമിയെന്നാണ് ജനസംസാരം. ബാക്കി ഒന്‍പതര ഏക്കര്‍ തോട്ടഭൂമിയാണത്രെ.
400-ല്‍ പരം കുടുംബങ്ങള്‍ക്ക് വീടും അനുബന്ധ സൗകര്യങ്ങളുമൊരുക്കാന്‍ 160 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. സര്‍ക്കാര്‍ അതിനായി കോടതിയില്‍ കെട്ടിവെച്ചതാകട്ടെ 43 കോടിയില്‍ പരം രൂപയും. സെന്റിന് വെറും 23,000 രൂപ. അതും കല്‍പ്പറ്റ അങ്ങാടിയില്‍ നിന്ന് വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരത്ത്. ഇതൊന്നും പക്ഷെ ലീഗിന് ബാധകമല്ല. അവര്‍ക്ക് കാട്ടിലെ മരം, തേവരുടെ ആന, വലിയെടാ വലി എന്ന ഭാവമാണ്.
ജനങ്ങളുടെ കയ്യില്‍ നിന്ന് പിരിച്ച പണം വിനിയോഗിക്കുന്ന കാര്യത്തില്‍ യാതൊരു സൂക്ഷ്മതയും കുറച്ചു കാലമായി ലീഗ് കാണിക്കാറില്ല. ഏറ്റവും അവസാനം ലീഗ് നേതാക്കള്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഇനിയും ധന സമാഹരണം വേണ്ടിവരുമെന്ന സൂചനയാണ് നല്‍കിയത്. പിരിച്ചും വകമാറ്റി ചെലവഴിച്ചും സ്വന്തം കാര്യങ്ങള്‍ക്ക് ഉപയോഗിച്ചും പൂതി തീരാത്ത പാര്‍ട്ടിയായി ലീഗ് മാറിയത് കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനു ശേഷമാണ്. ‘എല്ലാ പാപങ്ങളും പടച്ചവന്‍ പൊറുക്കും, ജനങ്ങളുടെ പണം അന്യായമായി ചെലവഴിക്കുകയും സ്വന്തം കാര്യങ്ങള്‍ക്ക് അത് ഉപയോഗിക്കുകയും ചെയ്ത അപരാധമൊഴികെ” എന്ന പ്രവാചക വചനം ലീഗ് നേതൃത്വം ഓര്‍ക്കുന്നത് നന്നാകും.പണ്ട് അഖിലേന്ത്യാ ലീഗ് ഉണ്ടായിരുന്നപ്പോള്‍ മുസ്ലിംലീഗിന് കുറച്ച് പേടി ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെ ലീഗ് നേതാക്കള്‍ സമുദായ വിഷയങ്ങളിലും ഫണ്ട് പിരിവിലുമെല്ലാം ഒരളവോളം സൂക്ഷ്മത പാലിച്ചു. അഖിലേന്ത്യാ ലീഗും യൂണിയന്‍ ലീഗും യോജിച്ച് ഒറ്റപ്പാര്‍ട്ടിയായതോടെ ലീഗിലെ ജീര്‍ണ്ണതകള്‍ ഫലവത്തായി ചൂണ്ടിക്കാണിക്കപ്പെടാത്ത സ്ഥിതിയാണ് ഉണ്ടായത്. എല്ലാം തോന്നിയ പോലെയായി. വാളെടുത്തവരെല്ലാം ലീഗില്‍ വെളിച്ചപ്പാടുകളായി. ആര്‍ക്കും ആരുടെയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ പറ്റാത്ത അവസ്ഥയായി. പുതിയ സാഹചര്യം ലീഗിനെ അപചയത്തിലേക്ക് നയിച്ചു. ഫണ്ട് പിരിവും മുക്കലും ലീഗ്-യൂത്ത് ലീഗ്-എം എസ്എ ഫ് നേതാക്കള്‍ക്ക് അത്യാകര്‍ഷകമായ വിനോദമായി. പല നേതാക്കളും നാട്ടുകാരുടെ പണം കൊണ്ട് കൊട്ടാരങ്ങള്‍ പണിതു. ബിസിനസ്സുകളില്‍ പങ്കാളികളായി. വിലപിടിപ്പുള്ള വാഹനങ്ങളുടെ ഉടമസ്ഥന്മാരായി. ലക്ഷങ്ങളുടെ ഷെയറുകള്‍ എടുപ്പിച്ച് പ്രവാസികളെ കണ്ണീരുകുടിപ്പിച്ചു. യാതൊരു തത്വദീക്ഷയുമില്ലാതെ ആര്‍ഭാട ജീവിതം നയിച്ചു.ലീഗിന്റെ ഡല്‍ഹിയിലെ ആസ്ഥാനമന്ദിരത്തിന് വേണ്ടി നടത്തിയ പിരിവില്‍ ഒരളവോളമെങ്കിലും ചെലവഴിക്കപ്പെട്ടത് യഥാസമയം ഞാനടക്കമുള്ളവര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളെ തുടര്‍ന്നാണ്. അല്ലെങ്കില്‍ ആ പണി തീരാത്ത കെട്ടിടം പെയിന്റടിച്ച് ഉദ്ഘാടനം ചെയ്ത് കോടികള്‍ മിച്ചം വരുത്തി പതിവു പോലെ ‘വകമാറ്റല്‍’ നടത്തുമായിരുന്നു.
ആപ്പ് ഉപയോഗിച്ചു പിരിച്ച പണത്തിന്റെ കണക്ക്, ആപ്പ് വഴി തന്നെ ലോകരെ അറിയിക്കാന്‍ ലീഗ് നേതൃത്വത്തിന് ബാധ്യതയുണ്ട്. നഷ്ടപ്പെടുന്ന വിശ്വാസ്യത വീണ്ടെടുക്കാന്‍ തീര്‍ച്ചയായും അത് പാര്‍ട്ടിയെ സഹായിക്കും. പള്ളി-മദ്രസ്സ കമ്മിറ്റികളുടെ ഭാരവാഹികളാകാന്‍ ലീഗിന്റെ പ്രാദേശിക നേതാക്കള്‍ മല്‍സരിക്കുന്നത് മതത്തോടുള്ള ആഭിമുഖ്യം കൊണ്ടല്ല. പണത്തോടുള്ള ആര്‍ത്തി കൊണ്ടാണ്. പല സ്ഥലങ്ങളിലും പള്ളികളുടെയും മദ്രസ്സകളുടെയും ലക്ഷക്കണക്കിന് വരുന്ന വരുമാനം ‘പലിശ’ നിഷിദ്ധമാണെന്ന് പറഞ്ഞ് ബാങ്കില്‍ നിക്ഷേപിക്കില്ല. പ്രസിഡന്റും സെക്രട്ടറിയും ട്രഷറും സംഖ്യ വീതിച്ച് കൈവശം വെക്കും. ആ പണം കൊണ്ട് അവര്‍ പറമ്പ് കച്ചവടം നടത്തി ലാഭമുണ്ടാക്കും. പലപ്പോഴും മതസ്ഥാപനങ്ങളുടെ ആവശ്യത്തിന് പണം കിട്ടാതെ വരും. എല്ലാവരും ഇത്തരക്കാരല്ല. പക്ഷെ, പലരും അങ്ങിനെയാണ്. മത സ്ഥാപനങ്ങളുടെ മേല്‍ ലീഗുകാര്‍ പിടി മുറുക്കുന്നതും ഈ സൗകര്യം കണ്ടാണ്.





