Kerala
എക്‌സ്പ്രസ്സ് ട്രെയിനുകള്‍ക്ക് തിരൂരില്‍ സ്റ്റോപ്പും കഞ്ചിക്കോട്ടെ കണ്ടയിനര്‍ ഹബ്ബും; പരിഗണനയിലെന്ന് സതേണ്‍ റയില്‍വെ
എറണാകുളം ജംഗ്ഷനില്‍ നിന്നും ഷൊര്‍ണൂര്‍ വരെയുള്ള വേഗപരിധി 80ല്‍ നിന്നും 130/160 ലേക്ക് വര്‍ധിപ്പിക്കുന്നതിന് മുന്നോടിയായുള്ള സാധ്യതാ പഠനത്തിനുവേണ്ട ഫൈനല്‍ ലൊക്കേഷന്‍ സര്‍വ്വേക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം തീരുമാനം എടുക്കുമെന്നും മറുപടി പറഞ്ഞു.
ന്യൂഡല്‍ഹി | രാജധാനി ഉള്‍പ്പെടെയുള്ള എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് തിരൂരില്‍ സ്റ്റോപ്പ് പരിഗണിക്കുമെന്നും കഞ്ചിക്കോട്ടെ റയില്‍വെ ഭൂമിയില്‍ ചരക്കുഗതാഗത കേന്ദ്രം തുടങ്ങുക, രാത്രികാല യാത്രക്കാര്‍ക്ക് സൗകര്യപ്പെടുന്ന തരത്തില്‍ എല്ലാ സ്റ്റേഷനുകളിലും ട്രയിനുകളിലും ഡിസ്‌പ്ലേ ബോര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങി അഡ്വ. ഹാരിസ് ബിരാന്‍ എംപി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാമെന്നും അറിയിച്ചുകൊണ്ട് സതേണ്‍ റെയില്‍വേ മാനേജറുടെ മറുപടി
പാലക്കാട് കഞ്ചിക്കോട്ടെ 300 ഏക്കര്‍ റയില്‍വെ ഭൂമിയില്‍ ചരക്ക് ഗതാഗതത്തിനു വേണ്ട സി എഫ് എസ് കേന്ദ്രം ( കണ്ടൈനര്‍ ഫ്രൈറ്റ് സ്റ്റേഷന്‍) ആരംഭിക്കുന്നതിന് വേണ്ടിയുള്ള എം പി യുടെ നിര്‍ദ്ദേശം പരിഗണിച്ച റയില്‍വെ അതിനായി കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് സി എഫ് എസിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്നും എറണാകുളം ജംഗ്ഷനില്‍ നിന്നും ഷൊര്‍ണൂര്‍ വരെയുള്ള വേഗപരിധി 80ല്‍ നിന്നും 130/160 ലേക്ക് വര്‍ധിപ്പിക്കുന്നതിന് മുന്നോടിയായുള്ള സാധ്യതാ പഠനത്തിനുവേണ്ട ഫൈനല്‍ ലൊക്കേഷന്‍ സര്‍വ്വേക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം തീരുമാനം എടുക്കുമെന്നും മറുപടി പറഞ്ഞു.
എല്ലാ ട്രെയിനുകളിലും ഓട്ടോമാറ്റിക് ഡോര്‍ ഘടിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം റെയില്‍വേ ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്ന് നിര്‍മ്മാണ യൂണിറ്റിന് റെയില്‍വേ ബോര്‍ഡ് ആണ് ഗൈഡ് ലൈന്‍ നല്‍കിയിരിക്കുന്നത് എന്നും റയില്‍വെ മാനേജര്‍ ആര്‍ എന്‍ സിങ് അറിയിച്ചു.
കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസ് സ്റ്റേഷന്‍ വാണിജ്യാവശ്യാര്‍ത്ഥം പ്രവര്‍ത്തനക്ഷമമാക്കുക, സ്ലീപ്പര്‍ കോച്ചുകളില്‍ പണമടക്കുന്നതിനനുസരിച്ച് ബെഡ്‌റോളുകള്‍ അനുവദിക്കുക, തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് മുന്‍കൂട്ടി കോച്ചും സീറ്റും തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ടാവുക തുടങ്ങിപതിനഞ്ചോളം ജനകീയ ആവശ്യങ്ങളോടാണ് അനുഭാവ പൂര്‍വ്വം പ്രതികരിച്ച് സതേണ്‍ റയില്‍വെ രേഖാമൂലം മറുപടി നല്‍കിയിരിക്കുന്നത്





