Connect with us

National

എട്ടാം ശമ്പള കമ്മീഷൻ: പരിഗണനാ വിഷയങ്ങൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ശുപാർശകൾ 2026 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നേക്കും

Published

|

Last Updated

ന്യൂഡൽഹി | കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ആശ്വാസവാർത്ത. എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്റെ (8th Central Pay Commission) പരിഗണനാ വിഷയങ്ങൾക്ക് (Terms of Reference – ToR) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പരിഷ്കരിക്കുന്നതിനായി 2025 ജനുവരിയിലാണ് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കാൻ സർക്കാർ തീരുമാനമെടുത്തത്.

ഒരു ചെയർപേഴ്സൺ, ഒരു പാർട്ട്-ടൈം മെമ്പർ, ഒരു മെമ്പർ-സെക്രട്ടറി എന്നിവരാണ് എട്ടാം ശമ്പള കമ്മീഷനിലെ അംഗങ്ങൾ. കമ്മീഷൻ രൂപീകരിച്ച് 18 മാസത്തിനകം ശുപാർശകൾ സമർപ്പിക്കണം. പ്രത്യേക ശുപാർശകൾ അന്തിമമാക്കുമ്പോൾ ഇടക്കാല റിപ്പോർട്ടുകൾ സമർപ്പിക്കാനും കമ്മീഷന് അധികാരമുണ്ട്.

രാജ്യത്തെ സാമ്പത്തിക സാഹചര്യവും ധനപരമായ കാര്യക്ഷമതയുടെ ആവശ്യകതയും, വികസന ചെലവുകൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും മതിയായ വിഭവങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത, നോൺ-കോൺട്രിബ്യൂട്ടറി പെൻഷൻ പദ്ധതികളുടെ ഫണ്ട് ഇല്ലാത്ത ചെലവ്, കമ്മീഷൻ ശുപാർശകൾ സാധാരണയായി ചെറിയ മാറ്റങ്ങളോടെ അംഗീകരിക്കാറുള്ള സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സ്ഥിതിയിലുണ്ടാകാൻ സാധ്യതയുള്ള സ്വാധീനം, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് നിലവിൽ ലഭിക്കുന്ന വേതന ഘടന, ആനുകൂല്യങ്ങൾ, തൊഴിൽ സാഹചര്യങ്ങൾ എന്നിവയാണ് കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ.

കേന്ദ്ര സർക്കാർ ജീവനക്കാരുടെ വേതനം, വിരമിക്കൽ ആനുകൂല്യങ്ങൾ, സേവന വ്യവസ്ഥകൾ എന്നിവ വിലയിരുത്തുന്നതിനും മാറ്റങ്ങൾ ശുപാർശ ചെയ്യുന്നതിനും വേണ്ടിയാണ് കേന്ദ്ര ശമ്പള കമ്മീഷനുകൾ രൂപീകരിക്കുന്നത്. ഈ ശുപാർശകൾ സാധാരണയായി പത്ത് വർഷത്തിലൊരിക്കലാണ് നടപ്പിലാക്കുന്നത്. ഈ രീതി അനുസരിച്ച്, എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാർശകൾ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest