Kerala
കാലിക്കറ്റ് സര്‍വകലാശാല ഡി എസ് യു തിരഞ്ഞെടുപ്പില്‍ ഗുരുതര ക്രമക്കേട്; റിപോര്‍ട്ട് സമര്‍പ്പിച്ച് അന്വേഷണ സമിതി
ബാലറ്റ് പേപ്പറില്‍ ക്രമക്കേട്, സുരക്ഷാ വീഴ്ച എന്നിവയുണ്ടായതായി കണ്ടെത്തി.
കോഴിക്കോട് | കാലിക്കറ്റ് സര്‍വകലാശാല ഡിപാര്‍ട്ട്‌മെന്റല്‍ സ്റ്റുഡന്‍സ് യൂണിയന്‍ (ഡി എസ് യു) തിരഞ്ഞെടുപ്പില്‍ ഗുരുതര ക്രമക്കേട് നടന്നതായി അന്വേഷണ സമിതി വൈസ് ചാന്‍സലര്‍ക്ക് സമര്‍പ്പിച്ച റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. ബാലറ്റ് പേപ്പറില്‍ ക്രമക്കേട്, സുരക്ഷാ വീഴ്ച എന്നിവയുണ്ടായതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സാറ്റലൈറ്റ് കാമ്പസുകളിലെ തിരഞ്ഞെടുപ്പും ചട്ടവിരുദ്ധമായാണ് നടന്നതെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
റിട്ടേണിങ് ഓഫീസര്‍മാരാണ് ക്രമക്കേടിനുള്ള ഇടപെടല്‍ നടത്തിയതെന്നും തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന വി സിയുടെ നിലപാട് ശരിയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.
സര്‍വകലാശാലയിലെ സീനിയര്‍ അധ്യാപകരായ ഡോ. സന്തോഷ് നമ്പി, ഡോ. എ എം വിനോദ് കുമാര്‍, ഡോ. എന്‍ മുഹമ്മദലി. ഡോ. പ്രീതി കുറ്റിപ്പുലക്കല്‍, ഡോ. കെ കെ ഏലിയാസ് എന്നിവരാണ് അന്വേഷണ റിപോര്‍ട്ട് തയ്യാറാക്കിയത്.





