National
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: നടപടിക്രമങ്ങള്‍ ആരംഭിച്ചു
പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ തിരഞ്ഞെടുപ്പിന്റ ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍.

ന്യൂഡല്‍ഹി | ജഗ്ദീപ് ധന്‍കര്‍ രാജിവച്ച പശ്ചാത്തലത്തില്‍ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ തിരഞ്ഞെടുപ്പിന്റ ഷെഡ്യൂള്‍ പ്രഖ്യാപിക്കും.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജെ ഡി യുവിന്റെ കേന്ദ്രമന്ത്രിയും മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിന്റ മകനുമായ രാംനാഥ് താക്കൂര്‍ എന്നിവര്‍ക്കു പുറമെ, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുടെ പേരുകള്‍ ഉപരാഷ്ട്രപതി പദവിയിലേക്കായി ബി ജെ പിയുടെ പരിഗണനയിലുണ്ടെന്നാണ് സൂചന.
ലോക്‌സഭയിലെയും, രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട എം പിമാരാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുക. എന്‍ ഡി എക്ക് ഇരുസഭകളിലുമായി 422 അംഗങ്ങള്‍ ഉള്ളതിനാല്‍ മുന്നണിയുടെ സ്ഥാനാര്‍ഥി തന്നെയാകും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുക.