Connect with us

Uae

നാല്‍പ്പതാം വാര്‍ഷിക നിറവില്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ്; 153 രാജ്യങ്ങളിലേക്ക് വളര്‍ന്ന യാത്ര

പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സില്‍ നിന്ന് വാടകയ്‌ക്കെടുത്ത വിമാനങ്ങളുമായാണ് സര്‍വീസുകള്‍ ആരംഭിച്ചത്

Published

|

Last Updated

ദുബൈ  | എമിറേറ്റ്സ് എയര്‍ലൈന്‍സ് 40 വര്‍ഷം പൂര്‍ത്തിയാക്കി. 1985-ല്‍ ആരംഭിച്ച എമിറേറ്റ്സ് ഇന്ന് 80 രാജ്യങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കാരിയറായ ഖ്യാതിയുമായാണ് എമിറേറ്റ്സ് വാര്‍ഷികമാഘോഷിക്കുന്നത്. ‘ഫ്‌ലൈ ബെറ്റര്‍’ (പറക്കാം, മികച്ചതായി) എന്ന പ്രമേയത്തോടെയാണ് വാര്‍ഷിക പരിപാടികള്‍. പുതിയ വിമാനങ്ങള്‍, വിപുലീകരിച്ച സേവനങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് എയര്‍ലൈന്‍ ഭാവി വീക്ഷണം രൂപപ്പെടുത്തിയത്.

1985 ഒക്ടോബര്‍ 25-ന് കറാച്ചിയിലേക്കുള്ള എയര്‍ലൈന്‍ വിമാനത്തിന്റെ കന്നിപ്പറക്കലോടെയാണ് എമിറേറ്റ്സ് വ്യോമയാന മേഖലയിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് മുംബൈയിലേക്ക് പറന്നു. കറാച്ചിയിലേക്ക് ബോയിംഗ് 737 ഉം മുംബൈയിലേക്ക് എയര്‍ബസ് എ 300 മാണ് പറത്തിയത്. പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സില്‍ നിന്ന് വാടകയ്‌ക്കെടുത്ത വിമാനങ്ങളുമായാണ് സര്‍വീസുകള്‍ ആരംഭിച്ചത്. തുടര്‍ന്നുള്ള എമിറേറ്റ്സിന്റെ പ്രവര്‍ത്തനം ചരിത്രം. ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന അതി ശക്തമായ നെറ്റ്്വര്‍ക്കുമായി എമിറേറ്റ്സ് ആകാശം കീഴടക്കുന്നു. ലോകത്തിലെ ഏറ്റവും ലാഭകരമായ വിമാനക്കമ്പനിയും എമിറേറ്റ്സ് തന്നെ.
ചരിത്ര രേഖ
1987: എയര്‍ബസ് എ310-304 വിമാനം എമിറേറ്റ്സ് സ്വന്തമാക്കി.
1992: എല്ലാ കാബിന്‍ ക്ലാസുകളിലെയും എല്ലാ സീറ്റുകളിലും വീഡിയോ സംവിധാനങ്ങള്‍ സ്ഥാപിച്ച ആദ്യ വിമാനക്കമ്പനിയായി എമിറേറ്റ്സ് മാറി.
1993: ഒരു എയര്‍ബസ് വിമാനത്തില്‍ എല്ലാ ക്ലാസുകളിലും ടെലികമ്യൂണിക്കേഷന്‍ സംവിധാനം അവതരിപ്പിച്ച ആദ്യ വിമാനക്കമ്പനിയായി.
1996: ആദ്യത്തെ ബോയിംഗ് 777-200 വിമാനം സ്വന്തമാക്കി. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതും ലാന്‍ഡ് ചെയ്യുന്നതും തത്സമയം കാണിച്ച ആദ്യ വിമാനക്കമ്പനി.
1999: എയര്‍ലൈന്റെ ജീവനക്കാരുടെ എണ്ണം 11,000 ആയി വര്‍ധിച്ചു.
2003: ദുബൈ എയര്‍ഷോയില്‍ എമിറേറ്റ്സ് 71 പുതിയ വിമാനങ്ങള്‍ക്കായി 19.1 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് ഓര്‍ഡര്‍ നല്‍കി.
2007: ദുബൈ എയര്‍ഷോയില്‍ 34.9 ബില്യണ്‍ ഡോളര്‍ (128.16 ബില്യണ്‍ ദിര്‍ഹം) മൂല്യമുള്ള 120 എയര്‍ബസ് എ 350 എസ്, 11 എ 380 എസ്, 12 ബോയിംഗ് 777-300 ഇ ആര്‍ എസ് എന്നിവക്കായി കരാര്‍ ഒപ്പിട്ടു.
2016: എമിറേറ്റ്സ് തങ്ങളുടെ ആധുനിക വിമാനങ്ങളുടെ എണ്ണം 255 ആയി വര്‍ധിപ്പിച്ചു.
2023: കൊവിഡ്-19 പ്രതിസന്ധിയില്‍ നിന്ന് ശക്തമായി തിരിച്ചുവന്ന എമിറേറ്റ്സ് 10.6 ബില്യണ്‍ ദിര്‍ഹമിന്റെ റെക്കോര്‍ഡ് ലാഭം രേഖപ്പെടുത്തി. വരുമാനം 81 ശതമാനം വര്‍ധിച്ച് 107.4 ബില്യണ്‍ ദിര്‍ഹമായി.
2025: എമിറേറ്റ്സ് ഗ്രൂപ്പ് 2024-25 വര്‍ഷത്തേക്ക് 5.8 ബില്യണ്‍ ഡോളര്‍ നികുതിക്ക് മുമ്പുള്ള ലാഭം രേഖപ്പെടുത്തി.

ഇമാറാത്തി വിജയഗാഥ: ശൈഖ് മുഹമ്മദ്
ദുബൈ | എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ 40-ാം വാര്‍ഷികത്തില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എയര്‍ലൈന്‍സിനെ പ്രശംസിച്ചു. അഭൂതപൂര്‍വമായ ഇമാറാത്തി വിജയഗാഥയാണ് എമിറേറ്റ്‌സെന്ന് അദ്ദേഹം പറഞ്ഞു.
നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1985 ഒക്ടോബര്‍ 25-ന്, ആദ്യത്തെ എമിറേറ്റ്സ് വിമാനം പറന്നുയര്‍ന്നു. അതോടൊപ്പം, വലിയ അഭിലാഷങ്ങളും ആകാശത്തേക്ക് ഉയര്‍ന്നു. ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനുകളില്‍ ഒന്നായി ഇത് മാറിയിരിക്കുന്നു. 125 നഗരങ്ങളിലേക്ക് ഇത് നമ്മെ നേരിട്ട് ബന്ധിപ്പിക്കുന്നു. ആളുകളെയും അവരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും ദുബൈയിലേക്കും ദുബൈ വഴിയും എത്തിക്കുന്നു. അതിന്റെ യാത്രയില്‍ ഭൂഖണ്ഡങ്ങളിലൂടെ 860 ദശലക്ഷത്തിലധികം ആളുകളെ ബന്ധിപ്പിച്ചു. ഇന്ന്, നമ്മുടെ വികസന യാത്രയുടെ ഏറ്റവും പ്രധാനപ്പെട്ട ചാലകശക്തികളില്‍ ഒന്നാണത്.’ അദ്ദേഹം പറഞ്ഞു.
അഭൂതപൂര്‍വമായ വിജയഗാഥയായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ രാവും പകലും അധ്വാനിക്കുന്ന അഹ്മദ് ബിന്‍ സഈദിനും 100,000-ത്തിലധികമുല്ല അദ്ദേഹത്തിന്റെ ജീവനക്കാരുടെ സംഘത്തിനും നന്ദിയുണ്ടെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

 

---- facebook comment plugin here -----

Latest