National
മൈസൂര്‍ കൊട്ടാരത്തിനടുത്ത് ഹീലിയം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ബലൂണ്‍ കച്ചവടക്കാരന്‍ മരിച്ചു
അഞ്ചു പേര്‍ക്ക് പരുക്ക്
ബെംഗളുരു| കര്‍ണാടകയിലെ വിനോദസഞ്ചാര കേന്ദ്രമായ മൈസൂരില്‍ ബലൂണ്‍ നിറയ്ക്കുന്ന ഹീലിയം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു ബലൂണ്‍ കച്ചവടക്കാരന്‍ മരിച്ചു. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. മൈസൂര്‍ കൊട്ടാരത്തിന് സമീപം വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. യുപിയിലെ കനൗജ് ജില്ലയിലെ തോഫിയ സ്വദേശി സലിം ആണ് മരിച്ചത്. 40 വയസ്സായിരുന്നു. അപകടത്തില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്. ഷെഹ്നാസ് ഷബീര്‍ (54), ലക്ഷ്മി (45), കോത്രേഷ് ഗുട്ടെ (54), മഞ്ജുള നഞ്ജന്‍ഗുഡ് (29), രഞ്ജിത (30) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ കെആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ലക്ഷ്മിയുടെ നില ഗുരുതരമാണെന്നാണ് വിവരം.
സംഭവസമയത്ത് നിരവധി വിനോദസഞ്ചാരികളും നാട്ടുകാരും പ്രദേശത്തുണ്ടായിരുന്നു. കൊട്ടാരത്തില്‍ പൊതുജനങ്ങള്‍ക്കായി സംഗീത പരിപാടികള്‍ നടക്കുന്നതിനിടെയാണ് അപകടം. മൈസൂര്‍ കൊട്ടാരത്തിന്റെ പ്രധാന കവാടത്തിന് മുന്നിലാണ് പൊട്ടിത്തെറിയുണ്ടായത്. ഒരു കിലോമീറ്റര്‍ അകലെ വരെ പൊട്ടിത്തെറി ശബ്ദം കേട്ടതായി ആളുകള്‍ പറഞ്ഞു. സംഭവം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഫോറന്‍സിക് വിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നു പോലീസ് അറിയിച്ചു.

