Connect with us

International

17 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് താരിഖ് റഹ്മാൻ ബംഗ്ലാദേശിൽ തിരിച്ചെത്തി; ഉജ്ജ്വല സ്വീകരണം

മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനായ 60 കാരനായ താരിഖ് റഹ്മാൻ, വരാനിരിക്കുന്ന ഫെബ്രുവരിയിലെ പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പ്രധാന സ്ഥാനാർത്ഥികളിൽ ഒരാളാണ്.

Published

|

Last Updated

ധാക്ക | നീണ്ട 17 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി എൻ പി.) ആക്ടിങ് ചെയർമാൻ താരിഖ് റഹ്മാൻ ബംഗ്ലാദേശിൽ തിരിച്ചെത്തി. വ്യാഴാഴ്ച ധാക്കയിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ സ്വീകരിക്കാൻ ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരാണ് തെരുവിലിറങ്ങിയത്. മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനായ 60 കാരനായ താരിഖ് റഹ്മാൻ, വരാനിരിക്കുന്ന ഫെബ്രുവരിയിലെ പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പ്രധാന സ്ഥാനാർത്ഥികളിൽ ഒരാളാണ്.

ബനാനി എയർപോർട്ട് റോഡ് മുതൽ ധാക്ക വിമാനത്താവളം വരെ കാൽനടയായി നീങ്ങിയ ബി എൻ പി പ്രവർത്തകരും നേതാക്കളും വലിയ ആവേശത്തോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഭാര്യ സുബൈദ റഹ്മാൻ, മകൾ സൈമ റഹ്മാൻ എന്നിവരും താരിഖിനൊപ്പമുണ്ട്. കുടുംബത്തിന്റെ വളർത്തുമൃഗമായ സീബു എന്ന പൂച്ചയെയും ഇവർ കൂടെക്കൂട്ടിയിട്ടുണ്ട്. ലണ്ടനിൽ നിന്നുള്ള യാത്രയിൽ അടുത്ത സഹായികളായ അബ്ദുർ റഹ്മാൻ സണ്ണി, കമൽ ഉദ്ദീൻ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു.

വിമാനത്താവളത്തിൽ ബി എൻ പി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് തനിക്കായി പ്രത്യേകമായി എത്തിച്ച ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ പൂർബാചലിലെ 300 ഫീറ്റ് ഏരിയയിൽ ഒരുക്കിയ സ്വീകരണ ചടങ്ങിലേക്ക് അദ്ദേഹം തിരിച്ചു. റോഡിന്റെ ഇരുവശങ്ങളിലും അണിനിരന്ന പ്രവർത്തകർ അദ്ദേഹത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു. സ്വീകരണ ചടങ്ങിൽ താരിഖ് റഹ്മാൻ ജനങ്ങളെ അഭിസംബോധന ചെയ്യും. അമ്പത് ലക്ഷത്തോളം പേർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്.

പൊതുപരിപാടിക്ക് ശേഷം അദ്ദേഹം എവർകെയർ ഹോസ്പിറ്റലിലെത്തി ചികിത്സയിൽ കഴിയുന്ന മാതാവ് ഖാലിദ സിയയെ സന്ദർശിക്കും. തുടർന്ന് ഗുൽഷനിലെ കുടുംബവീടായ ഫിറോസയിലേക്ക് പോകും. വിദ്യാർത്ഥി നേതാവ് ശരീഫ് ഉസ്മാൻ ബിൻ ഹാദി വധിക്കപ്പെട്ടതിനെത്തുടർന്ന് രാജ്യത്ത് അക്രമസംഭവങ്ങൾ നിലനിൽക്കുന്നതിനാൽ പോലീസ് കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ വർഷത്തെ വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന പുറത്തായതോടെ ബി എൻ പി. രാജ്യത്ത് ശക്തമായ നിലയിലാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബി എൻ പി. ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് സർവേകൾ സൂചിപ്പിക്കുന്നു. മാതാവിന്റെ മോശമായ ആരോഗ്യസ്ഥിതിയും രാജ്യത്തെ രാഷ്ട്രീയ സാഹചര്യവുമാണ് താരിഖിന്റെ മടങ്ങിവരവ് വേഗത്തിലാക്കിയത്.

Latest