National
കർണൂൽ ബസ് അപകടത്തിൽ ട്വിസ്റ്റ്; ബൈക്ക് യാത്രികൻ മരിച്ചത് ഡിവൈഡറിൽ ഇടിച്ച്; ബസ് ഇടിച്ചത് മൃതദേഹത്തെയും ബൈക്കിനെയും
ബൈക്കപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാളെ പോലീസ് കസ്റ്റഡിയിലെടുത്തു
കർണൂൽ | ആന്ധ്രാപ്രദേശിലെ കർണൂലിൽ 19 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ട്വിസ്റ്റ്. നിയന്ത്രണം വിട്ട ബൈക്ക് ബസിൽ ഇടിച്ചതാണ് അപകടകാരണമെന്ന പ്രാഥമിക നിഗമനം തെറ്റാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. രണ്ട് പേർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറിൽ ഇടിക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. ഈ സംഭവം കഴിഞ്ഞ് ഏതാനും മിനുട്ടുകൾക്കകം അതുവഴി അമിതവേഗത്തിൽ എത്തിയ ബസ് ഡിവൈഡറിന് സമീപം മറിഞ്ഞുവീണുകിടക്കുകയായിരുന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയും ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിൽ കുരുങ്ങിയ ബൈക്ക് തട്ടി പെട്രോൾ ചോരുകയും തീപിടിക്കുകയുമായിരുന്നു എന്നാണ് പോലീസ് ഇപ്പോൾ വെളിപ്പെടുത്തുന്നത്.
പോലീസ് നൽകുന്ന വിവരം അനുസരിച്ച്, അപകടത്തിൽപ്പെട്ട ബൈക്കിൽ ശിവശങ്കർ എന്നയാളും സുഹൃത്ത് സുഹൃത്ത് യെറിസ്വാമി എന്ന നാനിയും ആണ് ഉണ്ടായിരുന്നത് ഉണ്ടായിരുന്നു. അപകടസ്ഥലത്തുനിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള പെട്രോൾ പമ്പിൽ ഇരുവരും ഒരുമിച്ചെത്തുന്ന സി സി ടി വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. പമ്പിലെ ജീവനക്കാരോട് ഇവർ ഇന്ധനം ചോദിക്കുന്നതും ബൈക്ക് പമ്പിനുള്ളിൽ വെച്ച് ഒറ്റകൈ കൊണ്ട് തിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവർ മദ്യപിച്ചിരുന്നോയെന്നും പോലീസ് സംശയിക്കുന്നു.
പ്രാഥമിക അന്വേഷണത്തിൽ ശങ്കറും യെറിസ്വാമിയും 300 രൂപക്ക് പെട്രോൾ അടിച്ചതിന് ശേഷമാണ് യാത്ര തുടർന്നതെന്ന് കണ്ടെത്തി. യാത്ര പുറപ്പെട്ട് കുറഞ്ഞ സമയത്തിനകം ചിന്നടെകൂർ എന്ന സ്ഥലത്തിനടുത്ത് വെച്ച് ശങ്കറിന് നിയന്ത്രണം നഷ്ടപ്പെടുകയും റോഡ് ഡിവൈഡറിൽ ഇടിച്ച് അയാൾ തൽക്ഷണം മരിക്കുകയും ചെയ്തു. ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട യെറിസ്വാമി ശങ്കർ മരിച്ചുവെന്ന് അറിഞ്ഞപ്പോൾ പകച്ചു. ഇതിനിടയിലാണ് ബസ് ബൈക്കിൽ ഇടിച്ച് 200 മീറ്ററോളം ദൂരം വലിച്ചുകൊണ്ടുപോയത്. ബസിൽ നിന്ന് തീപടരുന്നത് കണ്ട് ഭയന്ന യെറിസ്വാമി സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തുവെന്ന് കർണൂൽ എസ് പി. വിക്രാന്ത് പാട്ടീൽ വിശദീകരിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.
അപകടത്തിൽ ഉലക്കൊണ്ട പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണെന്ന് എസ് പി. പാട്ടീൽ കൂട്ടിച്ചേർത്തു. ശങ്കറിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലം റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിലെയും പോലീസിലെയും സംഘങ്ങൾ പരിശോധിച്ചു. ബസ് കത്തിയ സ്ഥലത്തിന് 200 മുതൽ 300 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ബൈക്ക് ഡിവൈഡറിൽ ഇടിച്ചതിൻ്റെ സാധ്യതകൾ സംബന്ധിച്ചും പരിശോധനകൾ നടത്തി.






