Kerala
സ്വന്തം മകളുടെ പ്രായമുളള കുട്ടിയോടു ലൈംഗികാതിക്രമം; 41കാരന് അഞ്ചുവര്‍ഷം കഠിന തടവ്
ഇടുക്കി ഗാന്ധിനഗര്‍ സ്വദേശി ഗിരീഷിനെയാണ് പോക്‌സോ കോടതി ശിക്ഷിച്ചത്
ഇടുക്കി | സ്വന്തം മകളുടെ പ്രായമുളള കുട്ടിയോടു ലൈംഗികാതിക്രമം നടത്തിയ കേസില്‍ 41കാരന് അഞ്ചുവര്‍ഷം കഠിന തടവും പിഴയും ശിക്ഷ. ഇടുക്കി ഗാന്ധിനഗര്‍ സ്വദേശി ഗിരീഷിനെയാണ് പോക്‌സോ കോടതി ശിക്ഷിച്ചത്. പ്രതിയുടെ മകളെ കാണാന്‍ വീട്ടിലെത്തിയ ഒന്‍പതുവയസ്സുകാരിയോടായിരുന്നു അതിക്രമം എന്നാണ് കേസ്.
2024ലെ ഓണാവധിക്കാലത്തായിരുന്നു സംഭവം. ദൂരെ താമസിച്ച് പഠിക്കുകയായിരുന്ന കുട്ടി ഓണാവധിക്ക് ഗിരീഷിന്റെ മകളോടൊപ്പം കളിക്കാന്‍ വീട്ടിലെത്തിയതായിരുന്നു. പ്രതിയുടെ മകളും അതിജീവിതയും വീടിന്റെ ടെറസില്‍ കളിക്കുകയായിരുന്നു. പെണ്‍കുട്ടി താഴെ ഇറങ്ങി റൂമിലെത്തിയപ്പോള്‍ ഇയാള്‍ അതിക്രമം കാണിക്കുകയായിരുന്നു. വിചാരണ വേളയില്‍ ഗിരീഷിന്റെ ഭാര്യയും മകളും ഇയാള്‍ക്കെതിരെ മൊഴി നല്‍കിയത് കേസില്‍ നിര്‍ണായകമായി.
വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച കോടതി, 30,000 രൂപ പിഴയൊടുക്കാനും ഉത്തരവിട്ടു. പിഴയൊടുക്കിയില്ലെങ്കില്‍ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. അതിജീവിതയക്ക് നഷ്ടപരിഹാരം നേടിക്കൊടുക്കാനുളള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതൊരിറ്റിയോടും കോടതി ശുപാര്‍ശ ചെയ്തു.


