Uae
ദുബൈയില്‍ മലയാളി വിദ്യാര്‍ഥിയുടെ മരണം ഹൃദയാഘാതം മൂലമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോയി.
ദുബൈ | ദുബൈയില്‍ മരിച്ച 18-കാരനായ വൈഷ്ണവ് കൃഷ്ണകുമാറിന്റെ മരണം സ്വാഭാവിക കാരണങ്ങളാലാണെന്ന് സ്ഥിരീകരണം. ദുബൈ പോലീസ് നല്‍കിയ ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോയി.
ഒക്ടോബര്‍ 21 ചൊവ്വാഴ്ചയാണ് വൈഷ്ണവ് മരണപ്പെട്ടത്. ദുബൈ ഇന്റര്‍നാഷണല്‍ അക്കാദമിക് സിറ്റിയിലെ വിവിധ യൂണിവേഴ്സിറ്റികളിലെ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ സുഹൃത്തുക്കള്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷത്തില്‍ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് മരണം ഉണ്ടായത്. ദുബൈയില്‍ കുടുംബത്തോടൊപ്പമാണ് വൈഷ്ണവ് താമസിച്ചിരുന്നത്.
മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ ക്ഷീണിതനായി വിശ്രമിക്കാന്‍ ഇരിക്കുന്നത് സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമായതായി പോലീസ് കുടുംബത്തെ അറിയിച്ചു. കുറച്ച് കഴിഞ്ഞ് പരിസരത്തുള്ള ഒരു റെസ്റ്റോറന്റിലേക്ക് നടന്നുപോയ വൈഷ്ണവ് അവിടെ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. പാരാമെഡിക്കുകള്‍ എത്തിയപ്പോഴേക്കും കുട്ടി ഗുരുതരാവസ്ഥയിലായിരുന്നു. അടിയന്തര സഹായം നല്‍കുകയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തെങ്കിലും ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു.
വൈഷ്ണവിന് മറ്റ് രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. പതിവായി വര്‍ക്ക് ഔട്ട് ചെയ്തും ആരോഗ്യകരമായ ഭക്ഷണം കഴിച്ചും ശാരീരികവും മാനസികവുമായ ആരോഗ്യം ശ്രദ്ധിച്ചിരുന്നു എന്നും കുടുംബം വ്യക്തമാക്കി.






