Connect with us

Kerala

പി എം ശ്രീ: കേരളത്തിൽ സവർക്കറിന്റെയും ഹെഡ്ഗേവാറിന്റെയും ചരിത്രം പഠിപ്പിക്കും: കെ സുരേന്ദ്രൻ

സി പി ഐയുടെ നിലപാട് "കുരക്കും, കടിക്കില്ല" എന്നുള്ളതാണെന്നും തൻ്റെ നിലപാടിൽ അന്തസ്സുണ്ടെങ്കിൽ സി പി ഐ മന്ത്രിമാരെ രാജി വയ്ക്കാൻ ബിനോയ് വിശ്വത്തിന് കഴിയുമോ എന്നും സുരേന്ദ്രൻ

Published

|

Last Updated

കോഴിക്കോട് | പി എം ശ്രീ പദ്ധതി നടപ്പാക്കുന്നതോടെ കേരളത്തിൽ വി ഡി സവർക്കർ, ഹെഡ്ഗേവാർ, ദീൻദയാൽ ഉപാധ്യായ തുടങ്ങിയവരെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും കോൺഗ്രസ് തമസ്കരിച്ച എല്ലാ ചരിത്രവും കുട്ടികളെ പഠിപ്പിക്കുമെന്നും ബിജെപി മുൻ അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇഷ്ടമില്ലാത്തിൽ പഠിക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.

നെഹ്റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും മാത്രം ചരിത്രം പഠിച്ചാൽ മതി എന്നാണോ. കാര്യങ്ങളെല്ലാം ശരിയായ നിലയിൽ പഠിക്കണം അതിനുള്ള സംവിധാനങ്ങൾ ഉണ്ടാകും. ഇഷ്ടമില്ലാത്തിൽ പഠിക്കണ്ട. വളച്ചൊടിക്കില്ല, ശരിയായ ചരിത്രം കുട്ടികളെ പഠിപ്പിക്കണം അത് ന്യായമായിട്ടുള്ള കാര്യമാണ് – സുരേന്ദ്രൻ പറഞ്ഞു.

പദ്ധതിയെ നാലു വർഷത്തോളം തടഞ്ഞുവെച്ച ശേഷം ഇപ്പോൾ ഒപ്പിട്ടത് സിപിഎമ്മിന്റെ ആശയ പാപ്പരത്തം ആണെന്നും സുരേന്ദ്രൻ പറഞ്ഞു. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ തങ്ങൾ പറഞ്ഞതായിരുന്നു ശരിയെന്ന് ഇപ്പോൾ തെളിഞ്ഞു. സി പി എം ട്യൂബ് ലൈറ്റ് പോലെയാണ്, പെട്ടെന്ന് കത്തുകയില്ല. നാലു കൊല്ലം എടുത്താണ് ഒരു കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

പദ്ധതിയോട് സി പി ഐയുടെ എതിർപ്പിനെ അദ്ദേഹം തള്ളിക്കളഞ്ഞു. സി പി ഐയുടെ നിലപാട് “കുരക്കും, കടിക്കില്ല” എന്നുള്ളതാണ്. തൻ്റെ നിലപാടിൽ അന്തസ്സുണ്ടെങ്കിൽ സി പി ഐ മന്ത്രിമാരെ രാജി വയ്ക്കാൻ ബിനോയ് വിശ്വത്തിന് കഴിയുമോ എന്നും അദ്ദേഹം വെല്ലുവിളിച്ചു. സി പി ഐ. മന്ത്രിമാർ ഭരിക്കുന്ന വകുപ്പുകളിൽ, പ്രത്യേകിച്ചും റവന്യൂ വകുപ്പിൽ, ഭൂലോക അഴിമതിയാണ് നടക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

ശബരിമല വിഷയം നിയമപരമായ പോരാട്ടത്തിലൂടെ ശക്തമായി മുന്നോട്ട് പോകുമെന്നും കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരുന്നത് വരെ ഈ വിഷയം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest