Connect with us

Kerala

ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികള്‍ക്കുള്ള പാഠപുസ്തകം; മുഖ്യമന്ത്രി

സാമൂഹ്യ കാഴ്ചപ്പാടുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതില്‍ വിജയിച്ച ചലച്ചിത്രകാരന്‍ കൂടിയാണ് ശ്രീനിവാസന്‍.

Published

|

Last Updated

തിരുവനന്തപുരം| മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമയില്‍ നിലനിന്നു പോന്ന പല മാമൂലുകളെയും തകര്‍ത്തുകൊണ്ടാണ് ശ്രീനിവാസന്‍ ചുവടുവെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് ശ്രീനിവാസന്‍. പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താന്‍ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാര്‍ അധികമില്ല.

‘താന്‍ പ്രകാശിപ്പിക്കുന്ന ആശയം കടുത്ത വിമര്‍ശനത്തിന് വിധേയമാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ സരസമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കടുത്ത വിയോജിപ്പുള്ളവരും ശ്രീനിവാസനിലെ പ്രതിഭയെ ആദരിച്ചു. കണ്ണൂര്‍ ജില്ലയിലെ പാട്യത്ത് ജനിച്ചുവളര്‍ന്ന് സിനിമയോടുള്ള അഭിനിവേശം സ്വപ്രയത്നത്തിലൂടെ പ്രായോഗിക തലത്തില്‍ എത്തിച്ച ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികള്‍ക്കുള്ള പാഠപുസ്തകമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സാമൂഹ്യ കാഴ്ചപ്പാടുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതില്‍ വിജയിച്ച ചലച്ചിത്രകാരന്‍ കൂടിയാണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ ഒട്ടേറെ സിനിമകളിലെ കഥാപാത്രങ്ങള്‍ മലയാളിയുടെ മനസ്സില്‍ എക്കാലവും മായാതെ നില്‍ക്കും. എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി കൂടി ഒരു നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗം. ഒരു അഭിമുഖത്തിനായി ഞങ്ങള്‍ ഒരുമിച്ചിരുന്നതും നര്‍മ്മ മധുരമായ സംഭാഷണങ്ങളിലൂടെ അദ്ദേഹം മനസ്സില്‍ സ്ഥാനം ഉറപ്പിച്ചതും ഓര്‍മിക്കുന്നു. വ്യക്തിപരമായി ഹൃദ്യമായ അടുപ്പം സൂക്ഷിച്ചിരുന്ന ശ്രീനിവാസന്‍ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകം കൂടിയായി അനുഭവപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നടന്‍ ശ്രീനിവാസനെ അനുസ്മരിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഒന്നും പ്രതികരിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയിലാണ്. എല്ലാ രണ്ടാഴ്ച്ച കൂടുമ്പോഴും ശ്രീനിവാസന്റെ വീട്ടില്‍ പോയി സമയം ചിലവഴിക്കുമായിരുന്നു. കഴിഞ്ഞ ദിവസം തന്നോട് ‘എനിക്ക് മതിയായി’ എന്ന് പറഞ്ഞിരുന്നു. എന്നാല്‍ അത് നോക്കിയിട്ട് കാര്യമില്ല, നമുക്ക് തിരിച്ചുവരാം എന്നാണ് അദ്ദേഹത്തോട് പറഞ്ഞതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

ഒന്നും പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. അതിനിടയ്ക്ക് ശ്രീനിവാസന്‍ ഒന്ന് വീണു. നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. സര്‍ജറി കഴിഞ്ഞു. വിളിച്ചപ്പോള്‍ നടക്കാന്‍ തുടങ്ങിയെന്ന് പറഞ്ഞു. ചിന്തകളും ബുദ്ധിയുമൊക്കെ ഇപ്പോഴും വളരെ ഷാര്‍പ്പായിരുന്നെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

തിരക്കഥാകൃത്തും സംവിധായകനുമായ ബി ഉണ്ണികൃഷ്ണമും ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ശ്രീനിവാസനെക്കുറിച്ച് ചുരുക്കം വാക്കുകളില്‍ പറയുക സാധ്യമല്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. 80, 90 കാലഘട്ടത്തിലെ മലയാള സിനിമയുടെ ഭാവുകത്തെ തന്നെ മാറ്റിമറിച്ച സംവിധായകനും എഴുത്തുകാരനുമായിരുന്നു ശ്രീനിവാസന്‍. ഏത് കാലത്തും പുനര്‍വായിക്കപ്പെടേണ്ട എഴുത്തുകളും ആവിഷ്‌കാരങ്ങളായിരുന്നു ശ്രീനിവാസന്റേത്. അഭിനയത്തിലും അദ്ദേഹം കൊണ്ടുവന്നിട്ടുള്ള മാറ്റങ്ങള്‍ ഇനിയുള്ള കാലം ചര്‍ച്ച ചെയ്യപ്പെടും.

മലയാള സിനിമയിലെ ഏറ്റവും ദീപ്തമായ കാലഘട്ടമാണ് ഇതോടെ അവസാനിക്കുന്നതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അദ്ദേഹം ഒരിക്കല്‍ പറഞ്ഞ വാക്കുകളാണ് ഈ അവസരത്തില്‍ ഓര്‍മ്മ വരുന്നത്. ഞാന്‍ വേണ്ടെന്ന് വച്ച 500ലധികം സിനിമകളാണ് മലയാള സിനിമയ്ക്കുള്ള എന്റെ സംഭാവന എന്നായിരുന്നു ആ വാക്കുകള്‍.

ശ്രീനിവാസന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സാധാരണ മനുഷ്യന്റെ ജീവിതം അര്‍ത്ഥവത്തായി മലയാളി മനസ്സില്‍ എന്നും നിലനില്‍ക്കുന്ന തരത്തില്‍ അവതരിപ്പിച്ച ബഹുമുഖ പ്രതിഭയാണ് ശ്രീനിവാസന്‍ .മോഹന്‍ലാലും അദ്ദേഹവും തമ്മിലുള്ള കോമ്പിനേഷന്‍ മലയാള സിനിമയെ വാനോളം ഉയര്‍ത്തി. അഭിനയ കലയില്‍ സൗന്ദര്യശാസ്ത്രത്തിന് വിലയില്ലെന്ന് തിരിച്ചറിഞ്ഞ് ലോകത്തിന് കാട്ടിക്കൊടുത്ത നടനാണ് ശ്രീനിവാസന്‍.

കഥാപാത്രത്തോട് ഇണങ്ങി ജീവിച്ച നടനാണ് ശ്രീനിവാസന്‍. ആരെയും ആകര്‍ഷിക്കുന്ന കഥകള്‍ സൃഷ്ടിച്ചു. സംവിധായകന്‍ എന്ന നിലയിലും അദ്ദേഹം മികവ് പുലര്‍ത്തി. മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് ശ്രീനിവാസന്റെ വിയോഗം എന്നും മന്ത്രി പറഞ്ഞു.

ശ്രീനിവാസന് അനുശോചനം അറിയിച്ച് മല്ലികാ സുകുമാരനും മക്കളും. കുടുംബത്തില്‍ നിന്ന് ഒരാള്‍ നഷ്ടമായ വേദനയാണ് അനുഭവപ്പെടുന്നതെന്ന് മല്ലികാ സുകുമാരന്‍ പറഞ്ഞു. വര്‍ത്തമാനത്തിലോ പെരുമാറ്റത്തിലോ അഭിനയത്തിലോ ഇന്നേവരെ നാടകീയതയില്ലാതെ പെരുമാറുന്ന കലാകാരനെ കണ്ടിട്ടില്ല. ജീവിതത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് അറിയില്ല. സത്യസന്ധതയ്ക്കാണ് ശ്രീനിവാസന്‍ വിലകല്‍പ്പിച്ചിരുന്നത്. അദ്ദേഹത്തിന് ആരെയും സുഖിപ്പിച്ച് സംസാരിക്കാനറിയില്ല. മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് വിയോഗമെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു.

എക്കാലത്തെയും മികച്ച എഴുത്തുകാരില്‍, സംവിധായകരില്‍, നടന്മാരില്‍ ഒരാള്‍ക്ക് വിട. ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദിയെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ ബാല്യകാല സിനിമാ ഓര്‍മ്മകളുടെ ഭാഗമാണ് ശ്രീനിവാസനെന്ന് ഇന്ദ്രജിത്ത്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. എല്ലാ ചിരികള്‍ക്കും വിനോദങ്ങള്‍ക്കും നന്ദി. ശ്രീനിവാസനെ മിസ് ചെയ്യുമെന്നും ഇന്ദ്രജിത്ത് കുറിച്ചു.

ഇന്ന് രാവിലെ ശ്രീനിവാസനെ ഡയാലിസിനായി കൊണ്ടുപോകവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 8.30 ഓടെയാണ് അന്ത്യം. 48 വര്‍ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ 200ലേറെ സിനിമകളില്‍ ശ്രീനിവാസന്‍ അഭിനയിച്ചിട്ടുണ്ട്.