Kerala
കേരള സ്കൂൾ കലോത്സവം ജനുവരി 14 മുതൽ; ഷെഡ്യൂൾ പ്രകാശനം ചെയ്തു
തേക്കിൻകാട് മൈതാനം ഉൾപ്പെടെയുള്ള 25 വേദികളിലായി അഞ്ച് ദിവസങ്ങളിലായി 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
തൃശ്ശൂർ | അറുപത്തിനാലാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഷെഡ്യൂൾ പ്രകാശനം ചെയ്തു. സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ 2026 ജനുവരി 14 മുതൽ 18 വരെയാണ് കലോത്സവം അരങ്ങേറുന്നത്. തേക്കിൻകാട് മൈതാനം ഉൾപ്പെടെയുള്ള 25 വേദികളിലായി അഞ്ച് ദിവസങ്ങളിലായി 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
ജനുവരി 14-ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. ജനുവരി 18-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാകും. തേക്കിൻകാട് മൈതാനത്തെ ഒന്നാം വേദിയിൽ മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ മത്സരങ്ങൾ നടക്കും. പാലസ് ഗ്രൗണ്ടിലാണ് ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. ഗവൺമെന്റ് മോഡൽ ബോയ്സ് സ്കൂളിൽ രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും.
ഹൈസ്കൂൾ വിഭാഗത്തിൽ 96 ഇനങ്ങളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 105 ഇനങ്ങളുമാണ് ഉള്ളത്. സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നിവയിൽ 19 വീതം മത്സരങ്ങൾ നടക്കും. അനിൽ ഗോപൻ തയ്യാറാക്കിയ ലോഗോയാണ് കലോത്സവത്തിനായി തിരഞ്ഞെടുത്തത്. മന്ത്രിമാരുടെ നേതൃത്വത്തിലുള്ള വിപുലമായ സംഘാടകസമിതി കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നു.



