Connect with us

Kerala

പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു

പുഴയോരത്ത് നിന്നിരുന്ന കൂമനെ കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു

Published

|

Last Updated

പുൽപ്പള്ളി | വയനാട് പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു. കാപ്പിസെറ്റ് ദേവർഗദ്ധ ഉന്നതിയിലെ മാരൻ (കൂമൻ – 65) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. സഹോദരി കള്ളിക്കൊപ്പം കന്നാരംപുഴയോരത്ത് വിറക് ശേഖരിക്കുമ്പോഴാണ് കൂമനെ കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയത്.

ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. പിന്നീട് വനപാലകർ നടത്തിയ തിരച്ചിലിൽ സംഭവസ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെ വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം മാറ്റാൻ നാട്ടുകാർ അനുവദിക്കാത്തതിനെ തുടർന്ന് മണിക്കൂറുകളോളം പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നു. പിന്നീട് ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ ധാരണയായത്.

കുടുംബത്തിന് ആദ്യഘട്ടമായി പത്ത് ലക്ഷം രൂപ നൽകാനും മകന് ജോലി നൽകാനും തീരുമാനമായി. കടുവയെ പിടികൂടാൻ ഉടൻ കൂട് സ്ഥാപിക്കുമെന്നും അധികൃതർ ഉറപ്പുനൽകി. വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, തഹസിൽദാർ പ്രശാന്ത്, ഡി വൈ എസ് പി. ജോൺസൺ തുടങ്ങിയവർ സ്ഥലത്തെത്തിയാണ് ചർച്ച നടത്തിയത്. എന്നാൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം തിരികെ കൊണ്ടുവരുമ്പോൾ നഷ്ടപരിഹാര തുക ഇരുപത് ലക്ഷം രൂപയായി വർദ്ധിപ്പിച്ചില്ലെങ്കിൽ ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ.

Latest