National
ലഹരി മരുന്ന് വാങ്ങാന്‍ കുഞ്ഞിനെ വിറ്റു; ദമ്പതികള്‍ അറസ്റ്റില്‍
ഏക കുഞ്ഞിനെയാണ് ഇവര്‍ കൈമാറ്റം ചെയ്തത്.
ചണ്ഡീഗഢ് | ലഹരി മരുന്ന് വാങ്ങാന്‍ ദമ്പതികള്‍ കുഞ്ഞിനെ വിറ്റു. ലഹരിക്ക് അടിമകളായ ദമ്പതികള്‍ ആറ് മാസം പ്രായമായ കുഞ്ഞിനെ 1.8 ലക്ഷം രൂപയ്ക്ക് സ്‌ക്രാപ് വ്യാപാരിക്ക് വിറ്റെന്നാണ് കണ്ടെത്തല്‍. പഞ്ചാബിലെ അക്ബര്‍പൂര്‍ ഖുദാല്‍ ഗ്രാമത്തിലാണ് സംഭവം
കുട്ടിയുടെ മാതാവിന്റെ മൂത്ത സഹോദരി റിതു വര്‍മ്മയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തറിഞ്ഞത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളായ സന്ദീപ് സിങ്, ഗുര്‍മാന്‍ കൗര്‍ എന്നിവരെയും കുട്ടിയെ വാങ്ങിയെന്ന ആരോപണം നേരിടുന്ന സഞ്ജു സിങ് എന്നിവരെയും അറസ്റ്റ് ചെയ്തതായി പഞ്ചാബ് പോലീസ് അറിയിച്ചു. ബരേത സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടിയെ വാങ്ങിയെന്ന ആരോപണം നേരിടുന്ന സഞ്ജു സിങ്ങിന്റെ ഭാര്യ ആരതിയും കേസില്‍ പ്രതിയാണ്. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല.
സ്‌ക്രാപ് വ്യവസായിയായ സഞ്ജു സിങിന് മൂന്ന് പെണ്‍മക്കളുണ്ട്. ആണ്‍കുഞ്ഞ് വേണമെന്ന ആഗ്രഹമാണ് ഇടപാടിലേക്ക് എത്തിച്ചതെന്നാണ് വിവരം. ദത്തെടുക്കല്‍ രേഖ എന്ന പേരില്‍ കരാറുണ്ടാക്കിയാണ് ഇയാള്‍ കുഞ്ഞിനെ വാങ്ങിയത്. ലഭിച്ച പണം സന്ദീപ് സിങ്, ഗുര്‍മാന്‍ കൗര്‍ കൗര്‍ ദമ്പതികള്‍ മയക്കുമരുന്ന് വാങ്ങാനും വീട്ടുപകരണങ്ങള്‍ക്ക് വേണ്ടിയും ചെലവിട്ടെന്നും പോലീസ് പറയുന്നു.ദമ്പതികളുടെ ഏക കുഞ്ഞിനെയാണ് ഇവര്‍ കൈമാറ്റം ചെയ്തത്. ഇരുവരും തൊഴില്‍ രഹിതരാണ്






