Kerala
വിവാദമായ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം കേരളത്തിലും
2002ലെ പട്ടിക അടിസ്ഥാന രേഖയായി കണക്കാക്കിയാണ് പുതിയ പരിഷ്‌കരണം
തിരുവനന്തപുരം | വിവാദമായ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം കേരളത്തിലും. കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ബംഗാളിലും നവംബര്‍ മുതല്‍ എസ് ഐ ആര്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. 2002 ലാണ് കേരളത്തില്‍ അവസാനമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നടന്നത്.
2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ആദ്യം എസ് ഐ ആര്‍ നടപ്പാക്കുമെന്ന് നേരത്തേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. പട്ടിക പരിഷ്‌കരണത്തിനുള്ള ഷെഡ്യൂള്‍ ഉടന്‍ തയ്യാറാകും. അടുത്ത ദിവസങ്ങളില്‍ സമയക്രമം പ്രഖ്യാപിക്കും. 2002ലെ പട്ടിക അടിസ്ഥാന രേഖയായി കണക്കാക്കിയാണ് പുതിയ പരിഷ്‌കരണം.
ബീഹാര്‍ മാതൃകയിലുള്ള എസ് ഐആറിനെ കേരളം നേരത്തെ എതിര്‍ത്തിരുന്നു. നിയമസഭ പ്രമേയവും പാസ്സാക്കി. എതിര്‍പ്പുകള്‍ക്കിടിലും എസ് ഐ ആറുമായി കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്‍ മുന്നോട്ടുപോവുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ വിയോജിപ്പ് ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ രത്തന്‍ ഖേല്‍ക്കര്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന സംസ്ഥാന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എസ് ഐ ആറിനുള്ള തയ്യാറെടുപ്പ് ചര്‍ച്ചയായെന്ന് കമ്മീഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എന്നാല്‍ ഏതെങ്കിലും സംസ്ഥാനത്തെ ഒഴിവാക്കും എന്ന സൂചന വാര്‍ത്താകുറിപ്പിലില്ല.

