National
പശ്ചിമ ബംഗാളിലും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം വരുന്നു
ബീഹാറില്‍ വിവാദ മായ നടപടികള്‍ക്കു പിന്നാലെ ബംഗാളില്‍ നവംബര്‍ ഒന്നുമുതല്‍ നടപടികള്‍ തുടങ്ങാന്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍
ന്യൂഡല്‍ഹി | തെരഞ്ഞെടുപ്പ് കമ്മീഷന്‍ പശ്ചിമ ബംഗാളിലും തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. ബീഹാറില്‍ വിവാദ മായ നടപടികള്‍ക്കു പിന്നാലെ ബംഗാളില്‍ നവംബര്‍ ഒന്നുമുതല്‍ നടപടികള്‍ തുടങ്ങാന്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
നടപടികള്‍ക്കു തയ്യാറെടുക്കാന്‍ എല്ലാ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി. വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികള്‍ തുടങ്ങുന്നതിന് മുമ്പ് കെട്ടിക്കിടക്കുന്ന മറ്റ് ജോലികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശ.
ഔദ്യോഗിക അറിയിപ്പ് വരുന്നതോടെ സംസ്ഥാനത്ത് സര്‍വകക്ഷിയോഗം നടത്തും. ആശങ്കകളും പരാതികളും പരിഹരിക്കാന്‍ സംവിധാനമൊരുക്കും. ബംഗാളില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് സര്‍വകക്ഷിയോഗം വിളിക്കാന്‍ ചുമതല. ഇതിന് ശേഷം സമാനമായ രീതിയില്‍ എല്ലാ ജില്ലകളിലും സര്‍വകക്ഷിയോഗം നടക്കും. തുടര്‍ന്ന് റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണം. എല്ലാ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരും തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണത്തിനാവശ്യമായ ഹെല്‍പ്പ് ഡസ്‌കുകള്‍ ആരംഭിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ബിഹാറിന് പിന്നാലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉടനെ തന്നെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ എസ് ഐ ആര്‍ നടപ്പിലാക്കിയതിന് പിന്നാലെ വിവാദങ്ങളും ഉയര്‍ന്നിരുന്നു.
വോട്ടര്‍മാരെ ഒഴിവാക്കി ബി ജെ പിക്ക് അനുകൂലമായ സാഹചര്യമൊരുക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യുന്നതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. ബംഗ്ലാദേശ് കുടിയേറ്റക്കാരായ വലിയൊരു വിഭാഗം പശ്ചിമ ബംഗാളില്‍ വോട്ടര്‍പട്ടികയിലുണ്ടെന്ന ആരോപണവുമായി ബി ജെ പി ഏറെ നാളായി രംഗത്തുണ്ട്.


