International
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി; ഇന്ത്യന്‍ കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി
റഷ്യന്‍ കമ്പനികളായ റോസ്‌നെഫ്റ്റ്, ലൂക്കോയില്‍ എന്നിവയ്ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ഇന്ത്യന്‍ കമ്പനികള്‍ക്കും ആശങ്കയാകുകയാണ്
ന്യൂഡല്‍ഹി | അമേരിക്ക റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തി റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി എങ്ങനെ വേണം എന്നതില്‍ റിലയന്‍സ് അടക്കമുള്ള ഇന്ത്യന്‍ കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ തീരുമാനം എന്താണെന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നാണ് എണ്ണക്കകമ്പനികളുടെ അഭ്യര്‍ഥന.
റഷ്യന്‍ കമ്പനികളായ റോസ്‌നെഫ്റ്റ്, ലൂക്കോയില്‍ എന്നിവയ്ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ഇന്ത്യന്‍ കമ്പനികള്‍ക്കും ആശങ്കയാകുകയാണ്. റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ കാര്യത്തില്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നാണ് ഇന്ത്യയുടെ നയം. എന്നാല്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ റിലയന്‍സ് അടക്കം ഇന്ത്യന്‍ കമ്പനികള്‍ക്കും അമേരിക്കന്‍ ഉപരോധം നേരിടേണ്ടി വരും. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ കമ്പനികള്‍ സര്‍ക്കാര്‍ നിലപാട് തേടിയത്.
ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ മുപ്പത്തഞ്ച് ശതമാനവും റഷ്യയില്‍ നിന്നാണെന്നിരിക്കെ റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ നടപടി വിലയിരുത്തി പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളാണ് ഇന്ത്യ വിലയിരുത്തിയത്. അടുത്ത മാസം 21 നകം റഷ്യന്‍ കമ്പനികളില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിറുത്തണം എന്ന അമേരിക്കന്‍ നിര്‍ദ്ദേശം നിലനില്‍ക്കെ പകരം സംവിധാനം ഏര്‍പ്പെടുത്തുക കേന്ദ്രത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും.
ഇക്കാര്യത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി നരേന്ദ്ര മോദി സംസാരിച്ചേക്കും. അതിനിടെ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി കുറയ്ക്കാമെന്ന് ഇന്ത്യ വാഗ്ദാനം നല്‍കിയെന്ന് വൈറ്റ് ഹൗസ് അവര്‍ത്തിച്ചു. റഷ്യന്‍ എണ്ണ ഇറക്കുമതി കുറയ്ക്കുമെന്ന് നരേന്ദ്ര മോദി ഉറപ്പു നല്കിയെന്ന് ഡോണള്‍ഡ് ട്രംപ് ആദ്യം തന്നെ പറഞ്ഞിരുന്നു. വൈറ്റ് ഹൗസ് വക്താവ് കാരലൈന്‍ ലെവറ്റാണ് ഇപ്പോള്‍ ട്രംപിന്റെ അവകാശവാദം ആവര്‍ത്തിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിനെ കാണുമ്പോള്‍ പ്രസിഡന്റ് ട്രംപ് എണ്ണ ഇറക്കുമതി നിറുത്തണമെന്ന് ആവശ്യപ്പെടുമെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. അമേരിക്കന്‍ ഉപരോധത്തോട് ഇന്ത്യ ഔദ്യോഗകിമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. നരേന്ദ്ര മോദി ട്രംപിനെ ഭയന്ന് ഉച്ചകോടികളില്‍ നിന്ന് ഒളിച്ചോടുന്നു എന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
അതിനിടെ റഷ്യ ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും തല കുനിക്കില്ലെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ വ്യക്തമാക്കി. അമേരിക്കന്‍ ഉപരോധം ചെറുക്കുമെന്നാണ് പുടിന്‍ പറഞ്ഞു. അമേരിക്കയുടെ ഉപരോധം റഷ്യയെ ബാധിക്കില്ലെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. പുടിനുമായുള്ള കൂടിക്കാഴ്ച്ച റദ്ദാക്കിയതിന് പിന്നാലെയാണ് ട്രംപ് റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ചത്.
അമേരിക്കന്‍ ഉപരോധം റഷ്യയെ ബാധിക്കാന്‍ പോകുന്നില്ലെന്നാണ് പുടിന്‍ പ്രതികരിച്ചത്. ഒരു സമ്മര്‍ദത്തിനും റഷ്യ വഴങ്ങില്ലെന്നും പുടിന്‍ പ്രഖ്യാപിച്ചു. അമേരിക്കയുടേത് ശത്രുതാപരമായ സമീപനമാണെന്നും കനത്ത തിരിച്ചടി നല്‍കാന്‍ റഷ്യക്ക് അറിയാമെന്നും അമേരിക്ക അത് നേരിടേണ്ടി വരുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി.

