Uae
മാലിദ്വീപില്‍ നിന്ന് ഇന്ത്യയിലേക്ക് പണമയക്കാനുള്ള പരിധി വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണം: എസ് ബി ഐ ചെയര്‍മാനും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി ഐ സി എഫ്
. മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിനിടെ മസ്‌കത്തില്‍ വെച്ചാണ് നിവേദനം നല്‍കിയത്.
മസ്‌കത്ത് | മാലിദ്വീപില്‍ നിന്ന് നാട്ടിലേക്ക് പണമയക്കുന്നതിനുള്ള പരിധി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണമെന്ന് ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. നേരത്തെ ഏകദേശം 400 ഡോളര്‍ (35,000 രൂപ) വരെ അയക്കാന്‍ സാധിച്ചിരുന്നത്, ഇപ്പോള്‍ 150 ഡോളര്‍ (13,000 രൂപ) ആയി കുറയ്ക്കാനാണ് എസ് ബി ഐ തീരുമാനിച്ചത്. പഴയ നില പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എസ് ബി ഐ ചെയര്‍മാന് ഐ സി എഫ് കത്തയച്ചു. ഇക്കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിനിടെ മസ്‌കത്തില്‍ വെച്ചാണ് നിവേദനം നല്‍കിയത്.
മാലിദ്വീപില്‍ നിന്ന് ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്കുള്ള പണമിടപാടുകളുടെ പ്രധാന മാര്‍ഗങ്ങളിലൊന്നാണ് എസ് ബി ഐ. അവരുടെ കുടുംബത്തിന്റെയും ആശ്രിതരുടെയും ആവശ്യങ്ങള്‍ക്കായി അയക്കുന്ന തുകയില്‍ പരിധി വെച്ചത് കാരണം പ്രവാസി അധ്യാപകര്‍ ഉള്‍പ്പെടെയുള്ള മാലിദ്വീപില്‍ കഴിയുന്ന ഇന്ത്യക്കാര്‍ കടുത്ത ബുദ്ധിമുട്ടിലാണ്. കുടുംബത്തെ പിന്തുണയ്ക്കുക, വായ്പകള്‍ തിരിച്ചടയ്ക്കുക, നാട്ടിലെ വീട്ടുചെലവുകള്‍ നിര്‍വഹിക്കുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും പുതിയ പരിധി അപര്യാപ്തമാണ്. ഈ പ്രതിസന്ധി പ്രവാസികളുടെ മനോവീര്യത്തെ ബാധിക്കുമെന്നും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിച്ചേക്കാമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പണമയക്കാനുള്ള പരിധി വെട്ടിച്ചുരുക്കിയ നടപടി പിന്‍വലിക്കണമെന്നും പ്രവാസികള്‍ക്ക് സുഗമമായ ബാങ്കിംഗ് സേവനങ്ങള്‍ ലഭിക്കാനുള്ള തീരുമാനങ്ങള്‍ എടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
പ്രതിസന്ധി പരിഹരിക്കുന്നതിനായി മാലിദ്വീപ് മോണിറ്ററി അതോറിറ്റിയുമായും (എം എം എ) ബന്ധപ്പെട്ട ബാങ്കിംഗ് സ്ഥാപനങ്ങളുമായും ഇടപെടാന്‍ മാലിദ്വീപിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കണമെന്ന് വിദേശ കാര്യ മന്ത്രാലയത്തോടും അഭ്യര്‍ത്ഥിച്ചു.
മസ്‌കറ്റില്‍ നടന്ന പ്രവാസി സംഘടനാ നേതാക്കളുടെ യോഗത്തില്‍ ഐ സി എഫ് ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി, സെക്രട്ടറി റാസിഖ് ഹ്ഹി, ഒമാന്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി ഹമീദ് ചാവക്കാട് എന്നിവരുടെ നേതൃത്വത്തില്‍ ഐ സി എഫ് പ്രതിനിധികള്‍ പങ്കെടുത്തു






