Connect with us

National

ആള്‍ക്കൂട്ട കൊലപാതകത്തിനെതിരായ പ്രതിഷേധം; ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ബംഗ്ലാദേശ്

നയതന്ത്ര സ്ഥാപനങ്ങള്‍ക്കെതിരായ ആസൂത്രിത അക്രമങ്ങളെ അപലപിക്കുന്നതായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം.

Published

|

Last Updated

ധാക്ക | ബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവം ഇന്ത്യ-ബംഗ്ലാദേശ് ബന്ധം കൂടുതല്‍ വഷളാകാന്‍ ഇടവരുത്തുന്നു. ദീപു ചന്ദ്രദാസ് എന്ന ഹിന്ദു യുവാവാണ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായി മരിച്ചത്. സംഭവത്തില്‍ ഇന്ത്യയിലെ ബംഗ്ലാദേശ് എംബസികള്‍ക്കു മുന്നില്‍ ശക്തമായ പ്രതിഷേധം നടക്കുകയാണ്. ബംഗ്ലാദേശ് എംബസിയുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ സ്ഥാനപതിയെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയിട്ടുണ്ട്.

നയതന്ത്ര സ്ഥാപനങ്ങള്‍ക്കെതിരായ ആസൂത്രിത അക്രമങ്ങളെ അപലപിക്കുന്നതായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ഇന്ന് പ്രസ്താവനയില്‍ അറിയിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയെ അപകടപ്പെടുത്തുക മാത്രമല്ല, പരസ്പര ബഹുമാനത്തിന്റെയും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങളെ ഇവ ദുര്‍ബലപ്പെടുത്തുക കൂടി ചെയ്യുന്നതായി ബംഗ്ലാദേശ് അധികൃതര്‍ പറഞ്ഞു.

ന്യൂഡല്‍ഹിയിലേയും പശ്ചിമ ബംഗാളിലെ സിലിഗുരിയിലേയും മറ്റും ബംഗ്ലാദേശ് എംബസികള്‍ക്ക് മുമ്പില്‍ വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ വന്‍ പ്രതിഷേധമാണ് നടത്തിയത്. ദുര്‍ഗാബായ് ദേശ്മുഖ് സൗത്ത് ക്യാമ്പസ് മെട്രോ സ്റ്റേഷന് സമീപത്തായി കേന്ദ്രീകരിച്ച പ്രതിഷേധക്കാര്‍ ഹൈക്കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് ചെയ്യാന്‍ നടത്തിയ ശ്രമം പോലീസ് തടഞ്ഞിരുന്നു.

Latest