Kerala
പണം വാങ്ങി തടവുകാര്‍ക്ക് അനധികൃത സൗകര്യങ്ങള്‍ നല്‍കി; ജയില്‍ ഡി ഐ ജി. എം കെ വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍
വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ വിനോദ് കുമാറിനെതിരെ തെളിവുകള്‍ ലഭിച്ചിരുന്നു.
തിരുവനന്തപുരം | തടവുകാര്‍ക്ക് അനധികൃതമായി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കുന്നതിന് ലക്ഷങ്ങള്‍ കൈപ്പറ്റിയ കേസില്‍ ജയില്‍ ഡി ഐ ജി. എം കെ വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍. വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ വിനോദ് കുമാറിനെതിരെ തെളിവുകള്‍ ലഭിച്ചിരുന്നു. വിജിലന്‍സ് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനി, അണ്ണന്‍ സിജിത്ത് ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് പണം വാങ്ങി വഴിവിട്ട പരോള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ചെയ്തുകൊടുത്തതായാണ് വിനോദ് കുമാറിനെതിരായ പ്രധാന ആരോപണം. അനധികൃത സ്വത്തു സമ്പാദനം, അഴിമതി എന്നീ കേസുകളിലും വിനോദ് കുമാറിന്റെ പേരില്‍ അന്വേഷണം നടന്നുവരികയാണ്.
കൊടിസുനി 1.80 ലക്ഷം രൂപയും അണ്ണന്‍ സിജിത്ത് 45,000 രൂപയും ഗൂഗിള്‍പേവഴി ജയില്‍ ഡി ഐ ജിക്ക് കൈമാറിയെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നേരിട്ടു വാങ്ങാതെ തടവുകാരുടെ ബന്ധുക്കളില്‍ നിന്നാണ് വിനോദ്കുമാര്‍ പണം സ്വീകരിച്ചിരുന്നത്. ഡി ഐ ജിയുടെ ഭാര്യയുടെ അക്കൗണ്ട് വഴിയും പണം കൈപ്പറ്റിയിരുന്നു.



