Ongoing News
മസ്ജിദുന്നബവിയില്‍ നിന്നും മുഴങ്ങിയിരുന്ന ആ മധുര ശബ്ദം ഇനി ഓര്‍മ്മ; മുആദ്ദീന്‍ ഷെയ്ഖ് ഫൈസല്‍ ബിന്‍ അബ്ദുല്‍മാലിക് അല്‍-നുഅ്മാന്‍ അന്തരിച്ചു
ഷെയ്ഖ് ഫൈസല്‍ തന്റെ 14-ാം വയസ്സിലാണ് പ്രവാചക പള്ളിയില്‍ ബാങ്ക് വിളി ആരംഭിച്ചത്.
മദീന | അന്ത്യ പ്രവാചകര്‍ മുഹമ്മദ് നബി (സ) തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്ന മദീനയിലെ മസ്ജിദുന്നബവിയിലെ മുആദ്ദീന്‍ ഷെയ്ഖ് ഫൈസല്‍ ബിന്‍ അബ്ദുല്‍മാലിക് അല്‍-നുഅ്മാന്‍ അന്തരിച്ചു.
തിങ്കളാഴ്ച വൈകിട്ടായിരുന്നു അന്ത്യം. പ്രവാചക പള്ളിയില്‍ നിസ്‌കാരത്തിനുള്ള ആഹ്വാനം മുഴക്കുന്ന ഷെയ്ഖ് ഫൈസല്‍ തന്റെ 14-ാം വയസ്സിലാണ് പ്രവാചക പള്ളിയില്‍ ബാങ്ക് വിളി ആരംഭിച്ചത്. പിതാവ് ഷെയ്ഖ് അബ്ദുല്‍മാലിക് അല്‍-നുഅ്മാന്റെ പാത പിന്തുടര്‍ന്ന് ഏറ്റെടുത്ത ജോലി മരണം വരെ തുടരുകയായിരുന്നു. ശ്രുതിമധുരമായ ശബ്ദത്തിനും ഭക്തിനിര്‍ഭരമായ പാരായണത്തിനും പ്രശസ്തനായിരുന്നു ഷെയ്ഖ് ഫൈസല്‍. പ്രവാചക പള്ളിയിലെ ആരാധകരുടെയും സന്ദര്‍ശകരുടെയും ഓര്‍മ്മകളില്‍ പതിഞ്ഞ ശബ്ദത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.
അസര്‍ നിസ്‌കാരാനന്തരം മയ്യിത്ത് നിസ്‌കാരം നടക്കും. ശേഷം മയ്യിത്ത് ജന്നത്തുല്‍ ബഖീഇല്‍ ഖബറടക്കും. ഷെയ്ഖ് ഫൈസല്‍ ബിന്‍ അബ്ദുല്‍മാലിക് നുമാന്റെ നിര്യാണത്തില്‍ ഇരുഹറം കാര്യാലയ മേധാവി അനുശോചനം രേഖപ്പെടുത്തി.



