International
ഇറാൻ ആക്രമണം: അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടത് സ്ഥിരീകരിച്ച് യുഎഇ; തിരിച്ചടിക്കുമെന്ന് യു എ ഇ
ശനിയാഴ്ച പുലർച്ചെ ഇറാൻ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകൾ യു എ ഇ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞെങ്കിലും, ഇതിന്റെ അവശിഷ്ടങ്ങൾ ജനവാസ കേന്ദ്രത്തിൽ പതിക്കുകയായിരുന്നു.
അബുദാബി | ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് അബുദാബിയിലെ ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരു മരണം സംഭവിച്ചതയായി യുഎഇ സ്ഥിരീകരിച്ചു. ഏഷ്യൻ വംശജനായ ഒരാളാണ് കൊല്ലപ്പെട്ടതെന്ന് യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച പുലർച്ചെ ഇറാൻ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകൾ യു എ ഇ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞെങ്കിലും, ഇതിന്റെ അവശിഷ്ടങ്ങൾ ജനവാസ കേന്ദ്രത്തിൽ പതിക്കുകയായിരുന്നു. മരിച്ചയാളുടെ പേരോ മറ്റ് വിവരങ്ങളോ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.
രാജ്യത്തിന് നേരെ നടന്നത് ക്രൂരമായ ആക്രമണമാണെന്നും ഇതിന് തിരിച്ചടി നൽകാൻ യു എ ഇക്ക് പൂർണ്ണ അവകാശമുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ആക്രമണത്തെ “ഭീരുത്വപരമായ നടപടി” എന്നും “അപകടകരമായ പ്രകോപനം” എന്നുമാണ് യു എ ഇ വിശേഷിപ്പിച്ചത്. അബുദാബിക്ക് തെക്ക് ഭാഗത്തുള്ള അൽ ദഫ്ര എയർ ബേസ് ലക്ഷ്യമിട്ടാണ് ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടതെന്നാണ് സൂചന. ഇവിടെ അമേരിക്കൻ വ്യോമസേനയുടെയും യു എ ഇ വ്യോമസേനയുടെയും സംയുക്ത സാന്നിധ്യമുണ്ട്.
ആക്രമണത്തിന് പിന്നാലെ രാജ്യത്തെ സുരക്ഷാ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഇസ്റാഈൽ-അമേരിക്കൻ സഖ്യം ഇറാനിൽ നടത്തിയ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന സൈനിക നീക്കത്തിന് മറുപടിയായാണ് മേഖലയിലെ വിവിധ രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടത്.
Summary
The UAE Ministry of Defence confirmed that an Asian national was killed in Abu Dhabi when debris from intercepted Iranian ballistic missiles fell on a residential area. While the UAE’s air defence systems successfully neutralized several incoming threats, the falling shrapnel caused material damage and the tragic loss of life. Describing the attack as a “cowardly act” and a “dangerous escalation,” the UAE has asserted its full right to respond to this breach of national sovereignty.




