National
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്തംബര്‍ ഒമ്പതിന്
വോട്ടെണ്ണലും അന്ന് തന്നെയാണുണ്ടാവുക. ആഗസ്റ്റ് 21 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 22ന് സൂക്ഷ്മ പരിശോധന നടത്തും.

ന്യൂഡല്‍ഹി | ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്തംബര്‍ ഒമ്പതിന് നടക്കും. വോട്ടെണ്ണലും അന്ന് തന്നെയാണുണ്ടാവുക. ആഗസ്റ്റ് 21 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 22ന് സൂക്ഷ്മ പരിശോധന നടത്തും. ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.
പാര്‍ലിമെന്റിന്റെ ഇരു സഭകളിലെയും അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഇലക്ടറല്‍ കോളജാണ് രഹസ്യ ബാലറ്റിലൂടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുക. ഓരോ എം പിയും സ്ഥാനാര്‍ഥികളെ മുന്‍ഗണനാ ക്രമത്തില്‍ റാങ്ക് ചെയ്താണ് വോട്ട് രേഖപ്പെടുത്തുക. എല്ലാ വോട്ടുകള്‍ക്കും തുല്യ മൂല്യമാണുണ്ടാവുക.
ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി പദവിയില്‍ നിന്ന് രാജിവച്ചത്. എന്നാല്‍, ജസ്റ്റിസ് യശ്വന്ത് വര്‍മയെ കുറ്റവിചാരണ ചെയ്യാനുള്ള പ്രമേയ നോട്ടീസ് രാജ്യസഭയില്‍ സ്വീകരിച്ചതിനെച്ചൊല്ലി കേന്ദ്രസര്‍ക്കാരുമായുണ്ടായ തര്‍ക്കമാണ് രാജിയിലേക്ക് നയിച്ചതെന്ന് സൂചനയുണ്ട്. ഇന്ത്യയുടെ ചരിത്രത്തില്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് രാജിവെക്കുന്ന മൂന്നാമത്തെ ഉപരാഷ്ട്രപതിയാണ് ജഗ്ദീപ് ധന്‍കര്‍. വി വി ഗിരി, ആര്‍ വെങ്കിട്ടരാമന്‍ എന്നിവരാണ് ധന്‍കറിനു മുമ്പ് കാലാവധി പൂര്‍ത്തിയാക്കാതെ രാജിവച്ച മറ്റ് ഉപരാഷ്ട്രപതിമാര്‍. ഇരുവരും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായിരുന്നു ഉപരാഷ്ട്രപതി പദവി ഉപേക്ഷിച്ചത്.