Connect with us

International

സ്‌കൂൾ അടച്ചിടുന്നതിന് ഒരു നീതീകരണവുമില്ല; മുന്നറിയിപ്പുമായി ലോക ബേങ്ക് വിദഗ്ധൻ

"സ്‌കൂൾ തുറന്നത് കൊണ്ട് രോഗം പടരുന്നില്ലെന്നാണ് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത്."

Published

|

Last Updated

ബ്രസൽസ്/ന്യൂഡൽഹി | കൊവിഡ് വ്യാപനത്തിന്റെ പേരിൽ സ്‌കൂളുകൾ അടച്ചിടുന്നതിന് യാതൊരു നീതീകരണവുമില്ലെന്ന് ലോകബേങ്ക് ഗ്ലോബൽ എജ്യുക്കേഷൻ ഡയറക്ടർ. പുതിയ തരംഗം പ്രത്യക്ഷപ്പെട്ടാലും തുറന്ന സ്‌കൂളുകൾ വീണ്ടും അടച്ചിടുന്നത് അവസാന പോംവഴിയായി മാത്രമേ പരിഗണിക്കാവൂ എന്ന് ഗ്ലോബൽ എജ്യുക്കേഷൻ ഡയറക്ടർ ജെയ്‌മേ സാവേദ്രെ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിൽ കൊവിഡിന്റെ സ്വാധീനം സംബന്ധിച്ച് പഠനം നടത്തിയ സംഘത്തിന്റെ തലവൻ കൂടിയാണ് സാവേദ്രെ. സ്‌കൂൾ തുറന്നു എന്നത് കൊണ്ട് കൊവിഡ് പടർന്നതിന് തെളിവുകളൊന്നുമില്ല. സ്‌കൂളുകളുടെ പ്രവർത്തനവും കൊവിഡ് വ്യാപനവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഷിംഗ്ടണിൽ നിന്ന് ഇന്ത്യൻ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെറു മുൻ വിദ്യാഭ്യാസ മന്ത്രിയാണ് സാവേദ്രെ.

വിദ്യാർഥികൾ മുഴുവൻ വാക്‌സീൻ സ്വീകരിച്ച ശേഷമേ സ്‌കൂളുകൾ തുറക്കൂ എന്ന ചില നയരൂപവത്കരണ സമിതി അംഗങ്ങളുടെ നിലപാടിനും ശാസ്ത്രീയ അടിത്തറയില്ല. പരസ്പരം ബന്ധം തെളിയിച്ചിട്ടില്ലാത്ത നിഗമനങ്ങൾ മുന്നോട്ടുവെച്ച് ഇപ്പോഴും സ്‌കൂളുകൾ അടച്ചിടുന്നത് നീതീകരിക്കാനാകില്ല.
റസ്റ്റോറന്റുകളും ബാറുകളും തുറന്നിരിക്കെ സ്‌കൂൾ മാത്രം അടച്ചിടുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. സ്‌കൂൾ തുറക്കുന്നത് കൊണ്ടുണ്ടാകുന്ന ആരോഗ്യ റിസ്‌കിനേക്കാൾ എത്രയോ വലുതാണ് അവ അടച്ചിടുന്നത് മൂലം കുട്ടികൾക്കുണ്ടാകുന്ന മാനസികാഘാതമെന്ന് ലോക ബേങ്ക് ഏജൻസികൾ നടത്തിയ പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

2020ൽ നാം അജ്ഞതയുടെ സമുദ്രത്തിൽ നീന്തുകയായിരുന്നു. മഹാമാരിയെ നേരിടാനുള്ള യഥാർഥ വഴിയെന്തെന്ന് നമുക്ക് അറിയുമായിരുന്നില്ല. അന്ന് ലോകരാജ്യങ്ങളുടെ ആദ്യ പ്രതികരണം സ്‌കൂൾ അടക്കണമെന്നായിരുന്നു. 2020 ഒടുവിലും 2021ലും കുറേയേറെ അനുഭവങ്ങൾ ലോകം കൈവരിച്ചു. പല രാജ്യങ്ങളും സ്‌കൂളുകൾ തുറന്നു. സ്‌കൂൾ തുറന്നത് കൊണ്ട് രോഗം പടരുന്നില്ലെന്നാണ് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത്. എന്നാൽ, സ്‌കൂൾ അടഞ്ഞു കിടന്നപ്പോഴാണ് രോഗവ്യാപനം ഏറ്റവും ഭീകരമായത്. ഒമിക്രോൺ പോലുള്ള വകഭേദങ്ങൾ കുഞ്ഞുങ്ങളിൽ കണ്ടെത്തിയാലും അമിത ഉത്കണ്ഠയുടെ ആവശ്യമില്ല. വിദ്യാർഥികൾക്ക് വാക്‌സീൻ എടുപ്പിച്ചേ സ്‌കൂൾ തുറക്കൂ എന്ന് ഒരു രാജ്യവും തീരുമാനിച്ചിട്ടില്ല. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് സ്‌കൂളുകൾ അനന്തമായി അടഞ്ഞു കിടക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.