media one
മീഡിയവൺ വിലക്ക് സുപ്രീം കോടതി റദ്ദാക്കി
മീഡിയവണ്ണിന്‍റെ ലൈസന്‍സ് നാലാഴ്ചക്കകം പുതുക്കിനല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ന്യൂഡല്‍ഹി | മലയാളം വാർത്താ ചാനൽ മീഡിയവണ്ണിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കി. മീഡിയവണ്ണിന്‍റെ ലൈസന്‍സ് നാലാഴ്ചക്കകം പുതുക്കിനല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം ജനുവരി 31നാണ് മീഡിയവണിന്‍റെ പ്രവര്‍ത്തനാനുമതി കേന്ദ്ര സര്‍ക്കാര്‍ വിലക്കിയത്.
കേന്ദ്ര നടപടി ഹൈക്കോടതി ശരിവെച്ചതോടെ മീഡിയവണ്‍ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിൻ്റെതാണ് വിധി. ജനാധിപത്യത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പങ്ക് വലുതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണ്. സര്‍ക്കാറിനെ വിമര്‍ശിക്കുന്നത് ഭരണഘടനാവിരുദ്ധമല്ലെന്നും ബെഞ്ച് വ്യക്തമാക്കി.
മീഡിയവൺ എഡിറ്റർ പ്രമോദ് രാമനും പത്രപ്രവർത്തക കൂട്ടായ്മ കെ യു ഡബ്ല്യു ജെയുമാണ് ഹരജികൾ നൽകിയയത്. കേസില്‍ 2022 നവംബര്‍ മൂന്നിന് വാദം പൂര്‍ത്തിയായിരുന്നു.