Connect with us

Kerala

ഇടത് മുന്നണിയുടെ അടിത്തറ ഭദ്രം; തിരുവനന്തപുരത്തും പാലക്കാട്ടും കുതിരക്കച്ചവടത്തിനില്ല: എം വി ഗോവിന്ദന്‍

ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയ കോണ്‍ഗ്രസുമായി നീക്കുപോക്കിനില്ല. തിരുവനന്തപുരത്ത് എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ബിജെപിയും കോണ്‍ഗ്രസും പരസ്പര സഹായം ചെയ്തിട്ടുണ്ട്

Published

|

Last Updated

തിരുവനന്തപുരം |  ഇടത് മുന്നണിയുടെ അടിത്തറ ഇപ്പോഴും ഭദ്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ തിരിച്ചടിയുണ്ടായിട്ടുണ്ട്. മധ്യകേരളത്തിലേയും മലപ്പുറത്തേയും വലിയ തിരിച്ചടികള്‍ പാര്‍ട്ടി പരിശോധിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഗോവിന്ദന്‍.

ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആരുമായും സഖ്യത്തിനില്ല. പാലക്കാടും തിരുവനന്തപുരത്തും കുതിരക്കച്ചവടത്തിനില്ലെന്നും ജനവിധി അംഗീകരിച്ച് മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി .ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയ കോണ്‍ഗ്രസുമായി നീക്കുപോക്കിനില്ല. തിരുവനന്തപുരത്ത് എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ബിജെപിയു കോണ്‍ഗ്രസും പരസ്പര സഹായം ചെയ്തിട്ടുണ്ട്.

 

മധ്യ കേരളം, മലപ്പുറം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ പരാജയത്തെ കുറിച്ച് ആഴത്തില്‍ പഠിക്കേണ്ടതുണ്ട്. ഏതെങ്കിലും ഒരു വിഭാഗം ഇടത് പക്ഷത്തോട് അകന്നു എന്ന് പറയാന്‍ സാധിക്കില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

മലപ്പുറം ജില്ലയില്‍ പത്ത് ലക്ഷം വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചു. ഇടത് മുന്നണിക്ക് എല്ലാ സമുദായങ്ങള്‍ക്കിടയിലും താതമ്യേന നല്ല രീതിയില്‍ വോട്ട് നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്നതിന്റെ ഉദാഹരണമാണിത്. തിരിച്ചടികള്‍ ശരിയായ രീതിയില്‍ പരിശോധിക്കും. മലപ്പട്ടം, ആന്തൂര്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ പാര്‍ട്ടിക്ക് എതിരില്ല. മറ്റിടങ്ങങ്ങളില്‍ വന്ന കുറവുകള്‍ കുറവുകളായി കണ്ട് പരിശോധിക്കും.

തിരുവനന്തപുരത്ത് 175000 വോട്ട് ലഭിച്ചു. ബിജെപിക്ക് 165000 വോട്ടുകളും യുഡിഎഫിന് 125000 വോട്ടും ആണുള്ളത്. വോട്ടിന്റെ കണക്കില്‍ കോര്‍പറേഷനില്‍ മുന്‍കൈ എല്‍ഡിഎഫിനാണുള്ളത്. 41 ഡിവിഷനില്‍ യുഡിഎഫിന് ആയിരത്തില്‍ താഴെ വോട്ടുകളാണുള്ളത്. പരസ്പര ധാരണയോടെ ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ നീക്കം നടന്നു. ബിജെപിയുടെ വളര്‍ച്ച ഇതിന്റെ ഉദാഹരണമാണ്. ആറ് സീറ്റുകള്‍ കുറഞ്ഞ വോട്ടുകള്‍ക്ക് നഷ്ടപ്പെട്ടു. ഇത് പരിശോധിക്കും. കൊല്ലം കോര്‍പ്പറേഷനിലെ പരാജയം പരിശോധിക്കും.

ജില്ലാ കമ്മിറ്റികള്‍ തിരഞ്ഞെടുപ്പ് പ്രകടനം വിശദമായി പരിശോധിക്കും. ആവശ്യമായ തിരുത്തല്‍ വരുത്തണം എന്നാണ് തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം നടത്തിയിട്ടും ഉണ്ടായ തിരിച്ചടിയുടെ കാരണം കണ്ടെത്തും.തിരുവനന്തപുരത്തെ വിജയം ചൂണ്ടിക്കാട്ടി കേരളത്തില്‍ ബിജെപി സ്വാധീനം നേടിയെന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. സൂക്ഷ്മ പരിശോധനയില്‍ ഫലം മറിച്ചാണ്. നിലവിലുണ്ടായിരുന്ന പഞ്ചായത്തുകളും മുന്‍സിപാലിറ്റികളും നഷ്ടപ്പെട്ടു. പാലക്കാട് കേവല ഭൂരിപക്ഷമില്ല. ശബരിമല വിഷയം ഉള്‍പ്പെടെ തിരഞ്ഞടുപ്പില്‍ പ്രതിഫലിച്ചില്ല. ക്ഷേത്ര നഗരങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങളും തിരിച്ചടിച്ചു. കൊടുങ്ങല്ലൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും മികച്ച വിജയം നേടാന്‍ ഇടത് പക്ഷത്തിന് കഴിഞ്ഞുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു

---- facebook comment plugin here -----

Latest