National
ലിവ് ഇൻ പങ്കാളിയെ തലയറുത്ത് കൊന്നു; മറ്റൊരു വിവാഹത്തിനുള്ള ഷോപ്പിംഗിനിടെ ടാക്സി ഡ്രൈവർ പോലീസ് പിടിയിൽ
ഹരിയാനയിലെ കലേസർ ദേശീയോദ്യാനത്തിന് സമീപത്തുനിന്നാണ് തലയില്ലാത്ത നിലയിൽ ഉമയുടെ മൃതദേഹം കണ്ടെത്തിയത്.
സഹറൻപൂർ (ഉത്തർപ്രദേശ്) | ഉത്തർപ്രദേശിൽ ലിവ് ഇൻ പങ്കാളിയെ തലയറുത്ത് കൊലപ്പെടുത്തിയ കേസിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ. സഹറൻപൂർ സ്വദേശിനി ഉമ (30) ആണ് കൊല്ലപ്പെട്ട കേസിൽ ബിലാൽ എന്നയാളാണ് അറസ്റ്റിലായത്. യുവതിയുടെ മൃതദേഹം വനപ്രദേശത്ത് ഉപേക്ഷിച്ച ശേഷം മറ്റൊരു വിവാഹത്തിനുള്ള ഷോപ്പിംഗ് നടത്തുന്നതിനിടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്.
ഹരിയാനയിലെ കലേസർ ദേശീയോദ്യാനത്തിന് സമീപത്തുനിന്നാണ് തലയില്ലാത്ത നിലയിൽ ഉമയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടുന്നതിലേക്ക് നയിച്ചത്.
ഡിസംബർ 6 ന് വൈകുന്നേരം സഹറൻപൂരിൽ നിന്ന് ബിലാൽ ഒരു സ്വിഫ്റ്റ് കാറിൽ ഉമയെ കൂട്ടിക്കൊണ്ടുപോയി. ആറ് മണിക്കൂറോളം ഇരുവരും കാറിൽ കറങ്ങി. തുടർന്ന്, കലേസർ വനത്തിന് സമീപമുള്ള ലാൽ ധാംഗ് ഗിരികന്ദരത്തിന് അടുത്തുള്ള വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് ബിലാൽ ഉമയെ കൊലപ്പെടുത്തുകയും തലയറുത്ത് മാറ്റിയ ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം വീട്ടിലെത്തിയ ബിലാൽ ഒന്നും സംഭവിക്കാത്തതുപോലെ വരാനിരിക്കുന്ന വിവാഹത്തിനായുള്ള ഷോപ്പിംഗ് തുടങ്ങി. ചോദ്യം ചെയ്യലിൽ, ഉമയുടെ തല ഒളിപ്പിച്ചുവെച്ച സ്ഥലം ബിലാൽ പോലീസിന് കാണിച്ചുകൊടുത്തു. കേസിൽ ഉപയോഗിച്ച ആയുധം കണ്ടെത്താൻ പോലീസ് ശ്രമം തുടരുകയാണ്.
13 വയസ്സുള്ള മകന്റെ അമ്മയാണ് കൊല്ലപ്പെട്ട ഉമ. വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്ന് ഇവർ സഹറൻപൂരിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തോളമായി ഉമ ബിലാലുമായി ലിവ് ഇൻ ബന്ധത്തിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഉമയുടെ എല്ലാ ചിലവുകളും ബിലാലാണ് വഹിച്ചിരുന്നത്. എന്നാൽ, ഈ ബന്ധത്തെക്കുറിച്ച് ബിലാലിന്റെ കുടുംബത്തിന് അറിവുണ്ടായിരുന്നില്ല.
മറ്റൊരു വിവാഹം കഴിക്കുന്നതിനായി ഉമയെ ജീവിതത്തിൽ നിന്നും ഒഴിവാക്കാനാണ് ബിലാൽ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
വ്യക്തിപരമായ പ്രശ്നങ്ങളാൽ കലുഷിതമായിരുന്നു ഉമയുടെ ജീവിതം. ഏകദേശം 15 വർഷം മുമ്പ് വിവാഹത്തിന്റെ തലേദിവസം ഒരു പങ്കാളിയോടൊപ്പം വീടുവിട്ടിറങ്ങുകയും പിന്നീട് അയാളെ വിവാഹം കഴിക്കുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം വിവാഹബന്ധം വേർപെടുത്തി. ഒന്നര വർഷം മുമ്പാണ് ഭർത്താവുമായി വിവാഹബന്ധം വേർപെടുത്തിയത്. മകൻ അച്ഛന്റെ കൂടെയാണ് താമസിക്കുന്നത്.
അന്വേഷണത്തിനായി പോലീസ് ബന്ധപ്പെട്ടപ്പോഴാണ് കൊലപാതകത്തെക്കുറിച്ച് അറിഞ്ഞതെന്ന് ബന്ധുക്കൾ പറഞ്ഞു. ഉമയുടെ സഹോദരൻ നൽകിയ വിവരമനുസരിച്ച്, ഒരു മൃതദേഹം കണ്ടെത്തിയതായി അറിയിച്ചപ്പോൾ ബന്ധുക്കൾ യമുനാനഗറിൽ എത്തുകയും, തലയറുക്കപ്പെട്ട നിലയിൽ ഉമയെ കൊലപ്പെടുത്തിയതായി പിന്നീട് അറിയുകയുമായിരുന്നു.





