National
പ്രധാനമന്ത്രി മോദി ജോർദാനിൽ എത്തി; ത്രിരാഷ്ട്ര സന്ദർശനത്തിന് തുടക്കം
ത്രിരാഷ്ട്ര സന്ദർശനത്തിൽ ജോർദാന് പുറമെ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങളിലും പ്രധാനമന്ത്രി എത്തും.
അമ്മാൻ [ജോർദാൻ] | ത്രിരാഷ്ട്ര സന്ദർശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ജോർദാനിലെത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ചയാണ് അദ്ദേഹം ജോർദാൻ തലസ്ഥാനമായ അമ്മാനിൽ എത്തിയത്. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ അദ്ദേഹത്തെ സ്വീകരിച്ചു. ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ ബിൻ അൽ ഹുസൈന്റെ ക്ഷണപ്രകാരമാണ് മോദിയുടെ ജോർദാൻ സന്ദർശനം. ഇന്ത്യയും ജോർദാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിലാണ് ഈ സന്ദർശനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ ബിൻ അൽ ഹുസൈനുമായി പ്രധാനമന്ത്രി ചർച്ച നടത്തും. ഇന്ത്യ-ജോർദാൻ ബന്ധങ്ങളിലെ എല്ലാ വിഷയങ്ങളും ഇരു രാജ്യങ്ങളിലെയും പ്രധാനപ്പെട്ട പ്രാദേശിക സംഭവവികാസങ്ങളും ചർച്ചാവിഷയമാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാർഷികത്തിലാണ് ഈ സന്ദർശനം. ജോർദാനിലെ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
ത്രിരാഷ്ട്ര സന്ദർശനത്തിൽ ജോർദാന് പുറമെ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങളിലും പ്രധാനമന്ത്രി എത്തും. ഈ മൂന്ന് രാജ്യങ്ങളുമായും ഇന്ത്യക്ക് പുരാതനമായ നാഗരിക ബന്ധങ്ങളും സമഗ്രമായ ഉഭയകക്ഷി ബന്ധങ്ങളുമുണ്ട്.
ഡിസംബർ 16ന് ജോർദാനിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷം മോദി എത്യോപ്യയിലേക്ക് പോകും. ആഫ്രിക്കൻ രാജ്യത്തേക്ക് പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദർശനമാണിത്. ആഫ്രിക്കൻ യൂണിയന്റെ ആസ്ഥാനം കൂടിയാണ് അഡിസ് അബാബ. എത്യോപ്യൻ പ്രധാനമന്ത്രി അബിയ അഹമ്മദ് അലിയുമായി ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മാനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ചർച്ച നടത്തും. എത്യോപ്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
17ന് പ്രധാനമന്ത്രി ഒമാനിലെത്തും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. പ്രധാനമന്ത്രിയുടെ ഒമാനിലേക്കുള്ള രണ്ടാമത്തെ സന്ദർശനമാണിത്. സുൽത്താനുമായുള്ള ചർച്ചകൾ തന്ത്രപരമായ പങ്കാളിത്തവും വാണിജ്യ-സാമ്പത്തിക ബന്ധവും ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70 വർഷം തികയുന്ന സമയത്താണ് ഈ സന്ദർശനം.
വ്യാപാരം, നിക്ഷേപം, ഊർജ്ജം, പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, കൃഷി, സംസ്കാരം തുടങ്ങിയ പ്രധാന മേഖലകളിലെ സഹകരണം ഇരു രാജ്യങ്ങളും സമഗ്രമായി വിലയിരുത്തും. ഒമാനിലെ ഇന്ത്യൻ പ്രവാസികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 2023 ഡിസംബറിൽ ഒമാൻ സുൽത്താൻ ഇന്ത്യ സന്ദർശിച്ചിരുന്നു.





