National
മഹാരാഷ്ട്രയിൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകൾ ജനുവരി 15ന്; ഫലം 16ന്
ഡിസംബർ 23 മുതൽ 30 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം
മുംബൈ | ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി എം സി) ഉൾപ്പെടെ മഹാരാഷ്ട്രയിലെ 29 കോർപ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത വർഷം ജനുവരി 15 ന് നടക്കും. വോട്ടെണ്ണൽ ജനുവരി 16 ന് നടക്കുമെന്ന് മഹാരാഷ്ട്ര സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ദിനേശ് വാഗ്മാരെ അറിയിച്ചു. 2022-ലാണ് അവസാനമായി ബി എം സി തിരഞ്ഞെടുപ്പ് നടന്നത്.
ഡിസംബർ 23 മുതൽ 30 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ഡിസംബർ 31 ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. 2026 ജനുവരി 2 വരെ സ്ഥാനാർഥികൾക്ക് പത്രിക പിൻവലിക്കാൻ അവസരമുണ്ട്. ജനുവരി 3 ന് സ്ഥാനാർഥികളുടെ അന്തിമ പട്ടികയും പാർട്ടി ചിഹ്നങ്ങളും പുറത്തിറക്കും.
ഒരു സ്ഥാനാർഥിയുടെ പരമാവധി തിരഞ്ഞെടുപ്പ് പ്രചാരണച്ചെലവ് 15 ലക്ഷം രൂപയായിരിക്കും.
നാമനിർദേശ പത്രികാ സമർപ്പണത്തിന് ജാതി സാധുതാ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും എസ് ഇ സി വാഗ്മാരെ അറിയിച്ചു.





