Connect with us

Aksharam Education

സ്ഥാനാർഥി ഇതാ കടന്നു വരുന്നു...

പാർലിമെന്റെിലേക്കും നിയസഭയിലേക്കും എന്നത് പോലെതന്നെ ഓരോ അഞ്ച് വർഷം കൂടുമ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളും നടക്കും.

Published

|

Last Updated

കൂട്ടുകാർ സ്‌കൂളിൽ ലീഡർമാരെ തിരഞ്ഞെടുക്കാൻ വോട്ട് ചെയ്തിട്ടുണ്ടാകും അല്ലേ, 18 വയസ്സ് തികയാത്തതുകൊണ്ട് ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ലെങ്കിലും വോട്ടെടുപ്പിന്റെ സങ്കീർണതകളൊക്കെ നമ്മളേറെക്കുറേ മനസ്സിലാക്കിയിട്ടുണ്ടാകും. കേരളത്തിൽ ഇപ്പോൾ വോട്ടഭ്യർഥിച്ച് സ്ഥാനാർഥികളൊക്കെ വീട് കയറി ഇറങ്ങുന്നത് നാം കാണുന്നുണ്ടാകും. ഈ മാസം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് കേരളത്തിൽ നടക്കുകയാണ്. പാർലിമെന്റെിലേക്കും നിയസഭയിലേക്കും എന്നത് പോലെതന്നെ ഓരോ അഞ്ച് വർഷം കൂടുമ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളും നടക്കും. പഞ്ചായത്ത്, മുനിസിപാലിറ്റി, കോർപറേഷൻ, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആരവങ്ങളാണ് ഇപ്പോൾ നാം കാണുന്നത്.

തദ്ദേശ സ്വയംഭരണ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന തിരഞ്ഞെടുപ്പുകളെ സൂചിപ്പിക്കാൻ കേരളത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന പദമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ്.
ഗ്രാമ ഭരണത്തിന് മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേരളത്തിലുണ്ട്.

  • ഗ്രാമപഞ്ചായത്ത്
  • ബ്ലോക്ക് പഞ്ചായത്ത്
  • ജില്ലാ പഞ്ചായത്ത്

ചെറിയ നഗരങ്ങളിൽ ഗ്രാമപഞ്ചായത്തിന് പകരം മുനിസിപാലിറ്റിയും വലിയ നഗരങ്ങളിൽ കോർപറേഷനുമാണുണ്ടാകുക. നിലവിൽ കേരളത്തിൽ 1,200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുണ്ട്. അതിൽ 941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 87 മുനിസിപാലിറ്റികൾ, ആറ് മുനിസിപ്പൽ കോർപറേഷനുകൾ എന്നിവ ഉൾപ്പെടുന്നു. ഓരോ വാർഡുകളിൽ നിന്നോ ഡിവിഷനുകളിൽ നിന്നോ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ ചേർന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ രൂപവത്കരിക്കുക.
പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ തലത്തിലുള്ള ഭൂരിപക്ഷം ജനപ്രതിനിധികൾ ചേർന്ന് തിരഞ്ഞെടുക്കുന്ന പ്രസിഡന്റുമാരും മുൻസിപാലിറ്റി, കോർപറേഷനുകളിൽ ചെയർ പേഴ്‌സൻമാരുമായിരിക്കും അതാത് ഭരണ സമിതിയുടെ അധ്യക്ഷൻ.

കേരള പഞ്ചായത്ത് ആക്ട്

സാമൂഹിക വികസന രംഗത്ത് കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ആസൂത്രിത വികസനം ഗ്രാമതലത്തിൽ രൂപപ്പെടുത്തുന്നതിനും അധികാര വികേന്ദ്രീകരണം പ്രാവർത്തികമാക്കുന്നതിനും സഹായകമാകും വിധം സംസ്ഥാന സർക്കാറുകൾ പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരം നൽകുന്നതിന് നിയമനിർമാണം നടത്തണമെന്ന് ശിപാർശയുണ്ടായിരുന്നു. ബൽവന്ത്‌റായ് മേത്ത കമ്മിറ്റിയുടെയും ഇ എം എസ് നമ്പൂതിരിപ്പാട് അധ്യക്ഷനായുള്ള ഭരണ പരിഷ്‌കാര കമ്മിറ്റിയുടെയും ശിപാർശകളുടെ അടിസ്ഥാനത്തിലാണ് 1960ൽ കേരള പഞ്ചായത്ത് ആക്ട് നിർമിക്കുകയും 1962ൽ നിലവിൽ വരികയും ചെയ്തത്.

ഈ നിയമപ്രകാരം സംസ്ഥാനത്തെ മുഴുവൻ ഗ്രാമപ്രദേശങ്ങളെയും ഉൾപ്പെടുത്തി അന്ന് 922 ഗ്രാമപഞ്ചായത്തുകൾ രൂപവത്കരിച്ചു. പിന്നീട് ചില പഞ്ചായത്തുകൾ മുനിസിപാലിറ്റികളായി മാറ്റപ്പെടുകയും കുറെ വലിയ പഞ്ചായത്തുകളെ വിഭജിച്ച് പുതിയ പഞ്ചായത്തുകൾ രൂപവത്കരിക്കുകയും ചെയ്തു. 1994ൽ കേരള പഞ്ചായത്ത് രാജ് നിയമം നിലവിൽ വരുമ്പോൾ സംസ്ഥാനത്താകെ 991 ഗ്രാമപഞ്ചായത്തുകളാണുണ്ടായിരുന്നത്. ഇപ്പോൾ ഇവയുടെ എണ്ണം 941 ആയി. ആസൂത്രിത ഗ്രാമവികസനത്തിനും തദ്ദേശഭരണ കാര്യങ്ങളിൽ വർധിച്ച തോതിലുള്ള ജനപങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും ഉദ്ദേശിച്ചു കൊണ്ട് ഇന്ത്യൻ ഭരണഘടനയുടെ 73ാം ഭേദഗതി പ്രകാരം നിർമിക്കപ്പെട്ടതാണ് 1994ലെ കേരള പഞ്ചായത്ത് രാജ് നിയമം.

ഈ നിയമത്തിന് 1995ൽ ചില ഭേദഗതികൾ വരുത്തി. പിന്നീട് 1999ൽ അധികാര വികേന്ദ്രീകരണ കമ്മിറ്റിയുടെയും ഒന്നാം സംസ്ഥാന ധനകാര്യകമ്മീഷന്റെയും ശിപാർശകളുടെ അടിസ്ഥാനത്തിൽ ആകെയുള്ള 285 വകുപ്പുകളിൽ 105ഓളം വകുപ്പുകളിൽ സമഗ്രമായ ഭേദഗതികൾ വരുത്തി. സർക്കാറിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേലുണ്ടായിരുന്ന ഒട്ടുമിക്ക നിയന്ത്രണങ്ങളും ഈ ഭേദഗതി നിയമത്തിലൂടെ ഉപേക്ഷിച്ചു. 2000ത്തിൽ പഞ്ചായത്ത് രാജ് നിയമം വീണ്ടും ഭേദഗതി ചെയ്ത് സർക്കാറിൽ നിക്ഷിപ്തമായിരുന്ന വാർഡ് വിഭജനം, സംവരണ നിർണയം തുടങ്ങിയ അധികാരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകി.

Latest