Connect with us

From the print

ഇ ഡിയോട് സുപ്രീം കോടതി; സുതാര്യമായിക്കൂടേ?

രേഖകള്‍ കുറ്റാരോപിതന് നല്‍കാത്തതില്‍ വിമര്‍ശം.

Published

|

Last Updated

ന്യൂഡല്‍ഹി | അന്വേഷണ ഏജന്‍സി ശേഖരിച്ച എല്ലാ രേഖകളും കുറ്റാരോപിതന് ചോദിക്കാനാകില്ലെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) നിലപാടിനെ വിമര്‍ശിച്ച് സുപ്രീം കോടതി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ (പി എം എല്‍ എ) പ്രകാരമുള്ള അന്വേഷണത്തിനിടെ കണ്ടെടുത്ത രേഖകള്‍ കുറ്റാരോപിതന് നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ വിസമ്മതിക്കുന്നത് മൗലികാവകാശത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ലംഘിക്കുന്നതല്ലേയെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, അഹ്സനുദ്ദീന്‍ അമാനുല്ല, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബഞ്ച് ചോദിച്ചു. പി എം എല്‍ എ പ്രകാരമുള്ള കേസുകളില്‍ വിചാരണക്ക് മുമ്പുള്ള ഘട്ടത്തില്‍ കേസുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ നല്‍കാന്‍ പ്രോസിക്യൂഷന്‍ ബാധ്യസ്ഥരല്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി രൂക്ഷ വിമര്‍ശം ഉയര്‍ത്തിയത്.

സാങ്കേതികത്വം പറയണോ?
സാങ്കേതിക കാരണത്തിന്റെ പേരില്‍ കുറ്റാരോപിതര്‍ക്ക് ഒരു രേഖ എങ്ങനെ നിഷേധിക്കാനാകുമെന്നും എന്തുകൊണ്ട് എല്ലാം സുതാര്യമായിക്കൂടായെന്നും ജസ്റ്റിസ് അമാനുല്ല ചോദിച്ചു. ഇത്തരം രേഖകള്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം കുറ്റാരോപിതന് ലഭ്യമാക്കാന്‍ കഴിയില്ലെന്ന് ഇ ഡി പറയുന്നു. അത് ഭരണഘടന അനുഛേദം 21 പ്രകാരമുള്ള അവകാശത്തിന്റെ ലംഘനമല്ലേയെന്നും കോടതി ചോദിച്ചു.

അന്വേഷണ ഏജന്‍സി കൈവശം വെച്ചിരിക്കുന്ന രേഖ നടപടിക്രമങ്ങളുടെ പേരില്‍ കുറ്റാരോപിതന് നല്‍കുന്നില്ല എന്നതാണ് പ്രശ്‌നം. അത് ഭരണഘടന അനുഛേദം 21നെ ബാധിക്കുന്നില്ലേ? ഇപ്പോള്‍ ഭരണഘടനയുടെ വ്യാഖ്യാനം മുന്നോട്ടുപോയി. നിലവില്‍ ജാമ്യത്തിനായി പ്രതികള്‍ക്ക് രേഖകള്‍ നല്‍കുന്ന കാര്യത്തില്‍ കോടതികള്‍ക്കും അന്വേഷണ ഏജന്‍സികള്‍ക്കും കടുംപിടുത്തം പറ്റില്ലെന്നും കോടതി പറഞ്ഞു. ഇത് ജാമ്യവുമായി ബന്ധപ്പെട്ട കേസായതിനാല്‍, രേഖകള്‍ രഹസ്യമായിരിക്കണമെന്ന് പറയാന്‍ എത്രത്തോളം കഴിയുമെന്നും കോടതി ചോദിച്ചു.

അത്തരമൊരു രേഖയുണ്ടെന്ന് കുറ്റാരോപിതന് അറിയാമെങ്കില്‍ അത് ആവശ്യപ്പെടാമെന്നും അനുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ആവശ്യപ്പെടാനാകില്ലെന്നും ഇ ഡിക്ക് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി നിരവധി രേഖകള്‍ കണ്ടെടുത്താലും അതില്‍ ചിലത് മാത്രമേ കേസിന് അവലംബിക്കാറുള്ളൂ. തന്റെ സ്ഥലത്ത് നിന്ന് എന്ത് രേഖയാണ് കണ്ടെടുത്തതെന്ന് കുറ്റാരോപിതന്‍ ചോദിച്ചേക്കാമെന്നും ബഞ്ച് പറഞ്ഞു.

പി എം എല്‍ എ കേസില്‍ കുറ്റാരോപിതന് പ്രാഥമിക ഘട്ടത്തില്‍ തന്നെ എല്ലാ രേഖകളും ആവശ്യപ്പെടാന്‍ അര്‍ഹതയുണ്ടെന്ന് ഹരജിക്കാരന്‍ വാദിച്ചു. ഇത്തരം രേഖകള്‍ കൈമാറുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്ന് ഇ ഡി വാദിച്ചു. ഹരജിയില്‍ വാദം പൂര്‍ത്തിയാക്കി ബഞ്ച് വിധി പറയാനായി മാറ്റി.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, എ എ പി നേതാവ് മനീഷ് സിസോദിയ, ബി ആര്‍ എസ് നേതാവ് കെ കവിത ഉള്‍പ്പെടെയുള്ളവര്‍ പി എം എല്‍ എ കേസുകളില്‍ നടപടികള്‍ നേരിടുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക നിരീക്ഷണം. പി എം എല്‍ എ കേസുകളില്‍ പോലും ജാമ്യത്തിന് മുന്‍ഗണന നല്‍കണമെന്ന പരാമര്‍ശം നേരത്തേ സുപ്രീം കോടതി നടത്തിയിരുന്നു.